Ultimate magazine theme for WordPress.

ലഖിംപുര്‍ ഖേരി കൂട്ടക്കൊല: ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കി, ഒരാഴ്ചയ്ക്കുള്ളില്‍ കീഴടങ്ങണമെന്ന് സുപ്രീംകോടതി

0

ന്യൂഡല്‍ഹി: ലഖിംപുര്‍ ഖേരി കൂട്ടക്കൊലക്കേസിലെ മുഖ്യപ്രതിയും കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകനുമായ ആശിഷ് മിശ്രയുടെ ജാമ്യം സുപ്രീംകോടതി റദ്ദാക്കി. ആശിഷ് മിശ്ര ഒരാഴ്ചയ്ക്കുള്ളില്‍ കീഴടങ്ങണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ആശിഷ് മിശ്രയ്ക്ക് ജാമ്യം അനുവദിച്ചുകൊണ്ടുള്ള അലഹബാദ് ഹൈക്കോടതി ഉത്തരവാണ് സുപ്രീംകോടതി റദ്ദാക്കിയത്.

- Advertisement -

ഇരകളായവരുടെ ഹര്‍ജി പരിഗണിച്ചാണ്‌ ചീഫ് ജസ്റ്റിസ് എന്‍വി രമണ അധ്യക്ഷനായ ബെഞ്ചിന്റെ നടപടി. വിഷയത്തില്‍ ഹൈക്കോടതി അനാവശ്യ തിടുക്കം കാട്ടിയെന്ന് സുപ്രീംകോടതി വിലയിരുത്തി. കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബാംഗങ്ങളുടെ വാദം കേള്‍ക്കാന്‍ ഹൈക്കോടതി തയ്യാറായിട്ടില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.

ആശിഷ് മിശ്രയ്ക്ക് ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കാം. ഈ അപേക്ഷയില്‍ ആദ്യം മുതല്‍ ഹൈക്കോടതി വാദം കേള്‍ക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

‘ഇരകളുടെ വാദം കേള്‍ക്കാത്തതും ജാമ്യം അനുവദിക്കാന്‍ ഹൈക്കോടതി കാണിച്ച തിടുക്കവും ജാമ്യം റദ്ദാക്കുന്നതിലേക്ക് നയിച്ചു’- ബെഞ്ച് വ്യക്തമാക്കി. ജാമ്യാപേക്ഷ ഉള്‍പ്പെടെയുള്ള എല്ലാ നടപടികളിലും പങ്കെടുക്കാന്‍ ഇരകള്‍ക്ക് അവകാശമുണ്ടെന്ന് ബെഞ്ച് നിരീക്ഷിച്ചു

നേരത്തെ, ആശിഷ് മിശ്രയ്ക്ക് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഹൈക്കോടതി വിധിക്ക് എതിരെ അപ്പീല്‍ നല്‍കാത്തതിന് എതിരെ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ സുപ്രീംകോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. ആശിഷ് മിശ്ര രാജ്യം വിട്ടു പുറത്തുപോകുമെന്ന് കരുതുന്നില്ലെന്നായിരുന്നു സുപ്രീംകോടതി വിമര്‍ശനത്തോട് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പ്രതികരിച്ചത്.

- Advertisement -

Leave A Reply

Your email address will not be published.