അവാര്‍ഡിന് തന്റെ ചിത്രങ്ങളും വരും; സമിതിയില്‍ അംഗമായിരിക്കുന്നത് ധാര്‍മികതയല്ല, ഒഴിവാക്കണം: ചലച്ചിത്ര അക്കാദമിക്ക് ഇന്ദ്രന്‍സിന്റെ കത്ത്
തിരുവനന്തപുരം: കേരള ചലച്ചിത്ര അക്കാദമിയുടെ ഭരണസമിതി അംഗത്വത്തില്‍ നിന്ന് ഒഴിവാക്കണമെന്ന് അഭ്യര്‍ഥിച്ച് നടന്‍ ഇന്ദ്രന്‍സ്. അക്കാദമി ചെയര്‍മാനും സെക്രട്ടറിക്കും ഇത് കാണിച്ച് ഇന്ദ്രന്‍സ് കത്ത് നല്‍കി. താന്‍ അഭിനയിച്ചത് ഉള്‍പ്പെടെയുള്ള സിനിമകള്‍ അക്കാദമി അവാര്‍ഡിന് വേണ്ടിയെത്തുമ്പോള്‍ സമിതി അംഗമായിരിക്കുന്നത് ധാര്‍മികമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇന്ദ്രന്‍സ് അക്കാദമിക്ക് ഇ-മെയില്‍ അയച്ചിരിക്കുന്നത്.
എളിയ ചലച്ചിത്ര പ്രവര്‍ത്തകനായ തന്നെ കേരള ചലച്ചിത്ര അക്കാദമി പോലൊരു ഉന്നതമായ സ്ഥാപനത്തിലെ ഭരണസമിതി അംഗമായി പരിഗണിച്ചതിനുള്ള നന്ദി അറിയിച്ച ശേഷമാണ് അംഗത്വത്തില്‍ നിന്ന് ഒഴിവാക്കണമെന്ന് ഇന്ദ്രന്‍സ് ആവശ്യപ്പെടുന്നത്. വിവിധ ചലച്ചിത്രങ്ങളുടെ ഭാഗമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയും അതിന്റെ അണിയറപ്രവര്‍ത്തകര്‍ വിവിധ അവാര്‍ഡുകള്‍ക്കായി ചലച്ചിത്ര അക്കാദമിയടക്കം അവരുടെ കലാസൃഷ്ടികള്‍ അയയ്ക്കുകയും ചെയ്യുന്ന സാഹചര്യം നിലനില്‍ക്കെ, താന്‍ കൂടി ഭാഗമായ ഒരു സമിതിയില്‍ ഇരുന്നുള്ള അവാര്‍ഡ് നിര്‍ണ്ണയരീതി ധാര്‍മ്മികമായി ശരിയല്ലെന്ന് വിശ്വസിക്കുന്നതായും ഇന്ദ്രന്‍സ് വിശദീകരിച്ചു. അക്കാദമിയില്‍ ഭാഗമായതിന്റെ പേരില്‍ അവരുടെ കലാസൃഷ്ടികള്‍ തള്ളപ്പെടാന്‍ പാടില്ലെന്ന് ആഗ്രഹിക്കുന്നതായും ഇന്ദ്രന്‍സ് ഇമെയിലില്‍ സൂചിപ്പിച്ചു.