ആലപ്പുഴ: രണ്ടു പിഞ്ചുകുഞ്ഞുങ്ങളെ കൊലപ്പെടുത്തി ഭാര്യ ആത്മഹത്യ ചെയ്ത സംഭവം പൊലീസുകാരനായ ഭര്‍ത്താവ് തത്സമയം കണ്ടിരിക്കാമെന്ന് പൊലീസിന്റെ നിഗമനം. ആലപ്പുഴ പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍ നടന്ന കൂട്ട ആത്മഹത്യയിലെ അന്വേഷണത്തിലാണ് പുതിയ കണ്ടെത്തല്‍. ഭാര്യയുടെയും മക്കളുടെയും മരണം റെനീസ് മൊബൈലില്‍ തത്സമയം കണ്ടതായാണ് പൊലീസ് നല്‍കുന്ന സൂചന. ഭാര്യ ആത്മഹത്യ ചെയ്ത മുറിയില്‍ റെനീസ് രഹസ്യമായി ക്യാമറ സ്ഥാപിച്ചിരുന്നു. ഇതിലെ ദൃശ്യങ്ങള്‍ വീണ്ടെടുക്കാന്‍ വിദഗ്ധരുടെ സഹായം തേടിയിരിക്കുകയാണ് പൊലീസ്.
- Advertisement -
മെയ് ഒന്‍പതിനാണ് റെനീസിന്റെ ഭാര്യ നജ്‌ലയെ ആലപ്പുഴ ഏ ആര്‍ ക്യാമ്പ് പൊലീസ് ക്വര്‍ട്ടേഴ്‌സില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവും പൊലീസുകാരനുമായ റെനീസിന്റെ നിരന്തരമായ പീഡനവും പരസ്ത്രീ ബന്ധവുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. അന്വേഷണ വേളയിലാണ് ഭാര്യ ആത്മഹത്യ ചെയ്ത സംഭവം റെനീസ് മൊബൈലിലൂടെ തത്സമയം കണ്ടിരിക്കാമെന്ന നിഗമനത്തില്‍ പൊലീസ് എത്തിയത്.
മൊബൈലുമായി ബന്ധിപ്പിച്ച സിസിടിവി ആത്മഹത്യ നടന്ന മുറിയില്‍ ഉണ്ടായിരുന്നു. ഭാര്യ അറിയാതെ റെനീസ് വച്ച ക്യാമറയിലൂടെ ദൃശ്യങ്ങള്‍ കണ്ടിരിക്കാമെന്നാണ് പൊലീസ് നല്‍കുന്ന സൂചന. സംഭവ ദിവസം വൈകീട്ട് റെനീസിന്റെ കാമുകിയായ ഷഹാന ക്വാര്‍ട്ടേഴ്‌സില്‍ എത്തിയിരുന്നു. റെനീസിന്റെ നിര്‍ദേശപ്രകാരമാണ് ഷഹാന എത്തിയത്. തന്നെയും ഭാര്യ എന്ന നിലയില്‍ കണ്ട് ക്വാര്‍ട്ടേഴ്‌സില്‍ താമസിപ്പിക്കാന്‍ അനുവദിക്കണമെന്ന്് ഷഹാന ആവശ്യപ്പെട്ടു. ഇതിനെ ചൊല്ലി ഷഹാനയും നജ്‌ലയും തമ്മില്‍ വഴക്കിട്ടു. പിന്നീട് രാത്രിയോടെയാണ് നജ്‌ല കുട്ടികളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്.
ഈസമയം ആലപ്പുഴ മെഡിക്കല്‍ കോളജ് ഔട്ട് പോസ്റ്റില്‍ നൈറ്റ് ഷിഫ്റ്റില്‍ ജോലിയിലായിരുന്നു റെനീസ്. ക്വാര്‍ട്ടേഴ്‌സില്‍ നടന്ന സംഭവങ്ങള്‍ റെനീസ് തത്സമയം മൊബൈലിലൂടെ കണ്ടിരിക്കാമെന്നാണ് പൊലീസിന്റെ നിഗമനം. ദൃശ്യങ്ങള്‍ വീണ്ടെടുക്കാന്‍ തൃപ്പൂണിത്തുറയിലെ ഫോറന്‍സിക് ലാബിനെയാണ് പൊലീസ് സമീപിച്ചത്. ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് ഈ മാസം അവസാനത്തോടെ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനാണ് പൊലീസ് തീരുമാനം.
- Advertisement -