ന്യൂഡല്‍ഹി: കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 3.92 ലക്ഷം ഇന്ത്യക്കാര്‍ തങ്ങളുടെ പൗരത്വം ഉപേക്ഷിച്ചെന്ന് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അറിയിച്ചു. ഇന്ത്യക്കാര്‍ സ്ഥിരതാമസമാക്കിയ 103 രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞെടുത്തത് അമേരിക്കയാണ്.2021-ല്‍ മാത്രം 1.63 ലക്ഷം ആളുകള്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട രേഖകളില്‍ പറയുന്നു. 2021-ല്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ച 1.63 ലക്ഷം പേരില്‍ 78000 പേരും തിരഞ്ഞെടുത്തത് അമേരിക്കന്‍ പൗരത്വമാണ്.2019-ല്‍ 1.44 ലക്ഷം പേരും 2020ല്‍ 85256 പേരും ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചിട്ടുണ്ട്. മൂന്ന് വര്‍ഷത്തിനിടെ അമേരിക്കയില്‍ സ്ഥിരതാമസമാക്കിയത് 1.7 ലക്ഷം ഇന്ത്യക്കാരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ബിഎസ്പി എംപി ഹസി ഫസ്‌ലുറഹ്‌മാന്‍ ലോക്‌സഭയില്‍ ഉന്നയിച്ച ചോദ്യത്തിന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ആണ് വിവരങ്ങള്‍ നല്‍കിയത്. വിദേശകാര്യ മന്ത്രാലയത്തെ ഉദ്ധരിച്ച് വ്യക്തിപരമായ കാരണങ്ങളാലാണ് ഇത്രയും ആളുകള്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചതെന്നും നിത്യാനന്ദ് റായ് പറയുന്നു.
- Advertisement -
കാനഡ, ഓസ്‌ട്രേലിയ, യുകെ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളാണ് യുഎസ് കഴിഞ്ഞാല്‍ കൂടുതല്‍ ഇന്ത്യക്കാര്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ തിരഞ്ഞെടുത്തിട്ടുള്ളത്.
2021-ല്‍ സിംഗപ്പൂരില്‍ പൗരത്വം എടുക്കുന്നതിനായി 7046 പേരും സ്വീഡനില്‍ പൗരത്വം എടുക്കുന്നതിനായി 3754 പേരും ബഹ്‌റൈനില്‍ പൗരത്വം എടുക്കുന്നതിനായി 170 പേരും ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചിട്ടുണ്ട്. അംഗോളയിലേക്ക് രണ്ടും ഇറാനിലേക്ക് 21 ഉം ഇറാഖിലേക്ക് ഒരാളും പൗരത്വം ഉപേക്ഷിച്ച് പോയിട്ടുണ്ട്. പശ്ചിമ ആഫ്രിക്കന്‍ രാജ്യമായ ബുര്‍കിന ഫാസോയിലേക്കും ഒരാള്‍ 2021-ല്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ച് പോയിട്ടുണ്ട്.
1400 പേര്‍ ചൈനീസ് പൗരത്വം 2021-ല്‍ സ്വീകരിച്ചപ്പോള്‍ 48 പേര്‍ പാകിസ്താനിലേക്ക് പോയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു
- Advertisement -