കായിക മത്സരങ്ങളിൽ എട്ടാം സ്ഥാനം വരെ സ്വന്തമാക്കുന്ന താരങ്ങൾക്ക് ഗ്രേസ് മാർക്ക്: മന്ത്രി വി അബ്ദുറഹിമാൻ
കോഴിക്കോട്: സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന കായിക മത്സരങ്ങളിൽ എട്ടാം സ്ഥാനം വരെ സ്വന്തമാക്കുന്ന കായിക താരങ്ങൾക്കു ഗ്രേസ് മാർക്ക് നൽകുമെന്ന് കായിക മന്ത്രി വി അബ്ദുറഹിമാൻ. സ്പോർട്സ് കൗൺസിലും മറ്റ് കായിക അസോസിയേഷനുകളും സംഘടിപ്പിക്കുന്ന കായിക മത്സരങ്ങളിൽ നാലാം സ്ഥാനം വരെ സ്വന്തമാക്കുന്ന കായിക താരങ്ങൾക്കും ഗ്രേസ് മാർക്ക് നൽകുമെന്നും അതിനുള്ള ശുപാർശ സർക്കാർ അംഗീകരിച്ചതായും അദ്ദേഹം വ്യക്തമാക്കി.
കായിക വകുപ്പ് സംഘടിപ്പിക്കുന്ന ‘കിക്ക് ഡ്രഗ്സ്- സേ യെസ് ടു സ്പോർട്സ്’ ലഹരിവിരുദ്ധ സന്ദേശയാത്രയുടെ നാലാം ദിവസം കോഴിക്കോട് ജില്ലയിലെ പയിമ്പ്ര വോളി ഫ്രണ്ട്സ് അക്കാദമിയിൽ നടന്ന കായിക കിറ്റ് വിതരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അക്കാദമിയുടെ കോർട്ട് ഫ്ലോറിങ്ങിന് ആവശ്യമായ ഫണ്ടിന് ഖേലോ ഇന്ത്യ പ്രോജക്റ്റിൽ ഉൾപ്പെടുത്തി ശുപാർശ ചെയ്യാമെന്നും അദ്ദേഹം ഉറപ്പു നൽകി.
കേരളത്തിലെ യുവജനങ്ങൾക്കിടയിൽ രാസ ലഹരിയുടെ ഉപയോഗം വർദ്ധിച്ചു വരുന്നതിലുള്ള ആശങ്കയും ഇതിനെതിരെ ശക്തമായ ബോധവത്കരണത്തിൻ്റെ ആവശ്യകതയുണ്ടെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ 24 വർഷത്തിലേറെയായി പയിമ്പ്രയിൽ പ്രവർത്തിക്കുന്ന വോളി ഫ്രണ്ട്സ് അക്കാദമി, പ്രദേശത്തെ യുവജനങ്ങളെ ലഹരിയുടെ വിപത്തിൽ നിന്ന് സംരക്ഷിക്കുന്നുണ്ട്. നിരവധി കായിക താരങ്ങളെ വളർത്തിയെടുക്കാനും അവർക്ക് മികച്ച ഭാവിയൊരുക്കാനും പുതിയ തലമുറയ്ക്ക് കായിക രംഗത്ത് വഴികാട്ടാനും അക്കാദമിക്ക് കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
- Advertisement -