ബിർമിങ്ഹാം: ഇന്ത്യൻ ടീമിൽ ഉറച്ച മെഡൽ പ്രതീക്ഷയായിരുന്ന നീരജ് ചോപ്ര കോമൺവെൽത്ത് ഗെയിംസിൽ മത്സരിക്കില്ല. പരിക്കിനെത്തുടർന്നാണ് താരത്തിന്റെ പിന്മാറ്റം. കഴിഞ്ഞ ദിവസം നടന്ന ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിൽ വെള്ളി നേടിയ താരത്തിന് മത്സരത്തിനിടെ പരിക്കേറ്റിരുന്നു. ഇതേത്തുടർന്ന് ഡോക്ടർമാർ 20 ദിവസത്തെ വിശ്രമം നിർദേശിച്ചതിനാലാണ് താരം പിന്മാറിയത്.
- Advertisement -
ഒറിഗോണിലെ ഫൈനലിനിടെ നീരജ് ചോപ്രയുടെ അടിനാഭിക്ക് പരിക്കേല്‍ക്കുകയായിരുന്നു. പരിക്ക് അവസാന റൗണ്ടുകളില്‍ നീരജിന്‍റെ പ്രകടനത്തെ ബാധിച്ചു. പരിക്കിനിടയിലും ലോക മീറ്റില്‍ വെള്ളി മെഡല്‍ നേടിയ നീരജ് ഫൈനലിന് ശേഷം ന്യൂയോര്‍ക്കിലേക്ക് പോയിരുന്നു. തിരിച്ചെത്തി നീരജ് ഇന്ത്യന്‍ സ്‌ക്വാഡിനൊപ്പം ബര്‍മിംഗ്‌ഹാമിൽ ചേരുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ താൻ മത്സരിക്കില്ലെന്ന് ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ അധികൃതരെ അറിയിച്ചെന്നാണ് റിപ്പോർട്ട്.
ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പുരുഷന്‍മാരുടെ ജാവലിന്‍ ത്രോയില്‍ 88.13 മീറ്റര്‍ ദൂരം കണ്ടെത്തിയാണ് നീരജ് ചോപ്ര വെള്ളിയണിഞ്ഞത്.
- Advertisement -