ന്യൂഡല്‍ഹി: ഹൃദയധമനികളിലെ തടസ്സം നീക്കാന്‍ ഉപയോഗിക്കുന്ന സ്‌റ്റെന്റിനെ അവശ്യമരുന്നുകളുടെ ദേശീയ പട്ടികയില്‍ ഉള്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനമിറക്കി. ഇതോടെ ജീവന്‍ രക്ഷാ ഉപാധിയായി ഉപയോഗിക്കുന്ന സ്‌റ്റെന്റുകള്‍ കുറഞ്ഞ വിലയ്ക്ക് ലഭിക്കും.
സ്റ്റാന്‍ഡിങ് നാഷണല്‍ കമ്മിറ്റി ഓണ്‍ മെഡിസിന്‍സിന്റെ ശുപാര്‍ശ പ്രകാരമാണ് സ്റ്റെന്റുകളെ അവശ്യമരുന്നകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്രം തീരുമാനിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദഗ്ധരുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സ്റ്റാന്‍ഡിങ് നാഷണല്‍ കമ്മിറ്റി ഓണ്‍ മെഡിസിന്‍സ് ശുപാര്‍ശയ്ക്ക് രൂപം നല്‍കിയത്. മെറ്റല്‍ സ്റ്റെന്റുകളെയും ആവരണമായി മരുന്നും പൊതിഞ്ഞിരിക്കുന്ന ഡ്രഗ് ഇലൂട്ടിങ് സ്റ്റെന്റുകളെയുമാണ് ( ഡിഇഎസ്) അവശ്യമരുന്നുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
- Advertisement -
അവശ്യമരുന്നുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതോടെ, ഇവ രണ്ടും വില നിയന്ത്രണ പട്ടികയില്‍ വരും. ഇതോടെ സ്‌റ്റെന്റുകളുടെ വില നിയന്ത്രിക്കാന്‍ ദേശീയ ഔഷധ വില നിയന്ത്രണ അതോറിറ്റിക്ക് സാധിക്കും.
അടുത്തിടെ, വലിയ തോതിലുള്ള സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഒരു ലക്ഷം രൂപ വില ഉണ്ടായിരുന്ന ഡിഇഎസ് സ്റ്റെന്റുകളുടെ വില ഏകദേശം 27000 രൂപയായി കേന്ദ്രസര്‍ക്കാര്‍ കുറച്ചിരുന്നു. അവശ്യമരുന്നുകളുടെ പട്ടികയില്‍ ഇതിനെ ഉള്‍പ്പെടുത്തിയതോടെ, വില വീണ്ടും താഴുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്തിടെ അവശ്യമരുന്നുകളുടെ പട്ടിക കേന്ദ്രസര്‍ക്കാര്‍ പുതുക്കിയിരുന്നു. 384 മരുന്നുകളില്‍ 34 എണ്ണം പുതുതായി ചേര്‍ത്തതാണ്. കാന്‍സര്‍, ഹൃദ്രോഗം തുടങ്ങിയവയ്ക്കുള്ള മരുന്നുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു.
- Advertisement -