Ultimate magazine theme for WordPress.

എസ്ഐയെ പച്ചയ്ക്ക് കത്തിക്കും; ശാസ്താംകോട്ട പോലീസ് സ്റ്റേഷനിൽ എസ്ഐയെ കൈയേറ്റം ചെയ്ത് ഡിവൈഎഫ്ഐക്കാർ

0

ശാസ്താംകോട്ട: പോലീസ് സ്റ്റേഷനിൽ അതിക്രമിച്ചു കയറിയ ഡിവൈഎഫ്ഐ സംഘം എസ്ഐയുടെ കഴുത്തിന് പിടിച്ച് വലിച്ചിഴച്ചു. തുടർന്ന് സ്റ്റേഷൻ സെല്ലിലേക്ക് തള്ളിക്കയറ്റാൻ ശ്രമിച്ചു. എസ്ഐയെ പച്ചക്ക് കത്തിക്കുമെന്ന് ആക്രോശിച്ച സംഘം അറക്കുന്ന ഭാഷയിൽ അസഭ്യം പറഞ്ഞ് പതിനഞ്ച് മിനിറ്റോളം സ്റ്റേഷനുള്ളിൽ അഴിഞ്ഞാടി.

കഴിഞ്ഞ ദിവസം വൈകിട്ട് ഏഴുമണിയോടെ ശാസ്താംകോട്ട പോലീസ് സ്റ്റേഷനിലായിരുന്നു അതിക്രമം. എസ്ഐ അനൂപാണ് ഡിവൈഎഫ്ഐ സംഘത്തിന്റെ ആക്രമണത്തിന് ഇരയായത്. സിഐ ഉൾപ്പടെയുള്ള പോലീസ് സംഘം നോക്കി നിൽക്കെയാണ് സംഭവം നടന്നത്. വ്യാഴാഴ്ച വൈകിട്ട് നടന്ന അതിക്രമത്തിൽ രണ്ട് ദിവസമായും അക്രമിസംഘത്തിനെതിരെ കേസ് എടുക്കാനോ പിടികൂടാനോ പോലീസ് തയ്യാറാകാതിരുന്നത് പോലീസ് ഉദ്യോഗസ്ഥർക്കിടയിൽ വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

- Advertisement -

ഡിവൈഎഫ്ഐ കുന്നത്തൂർ ബ്ലോക്ക് സെക്രട്ടറി സുധീഷ്, സന്തോഷ് വലിയ പാടം തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് സ്റ്റേഷനിൽ അഴിഞ്ഞാടിയത്. അക്രമിസംഘത്തെ പിടികൂടാതെ സിഐയുടെ നേതൃത്വത്തിൽ അനുനയിപ്പിച്ച് വിടുകയായിരുന്നു. 20ഓളം ഡിവൈഎഫ്ഐ സംഘം ആ സമയം സ്റ്റേഷനു പുറത്ത് സംഘടിച്ചിരുന്നു.

സംഭവദിവസം കാരാളിമുക്ക് ജങ്ഷനിൽ പോലീസ് വാഹന പരിശോധന നടത്തുന്നതിനിടെ മൊബൈൽ ഫോണിൽ സംസാരിച്ചുകൊണ്ട് ബൈക്ക് ഓടിച്ചു വന്ന ഡിവൈഎഫ്ഐ പ്രവർത്തകനെ എസ്ഐ അനൂപിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം തടഞ്ഞു നിർത്തി പിഴ ചുമത്തി. പിഴ ഈടാക്കുന്നതിൽ നിന്നും ഇയാളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ നേതാവ് എസ്ഐയോട് ഫോണിൽ ബന്ധപ്പെട്ടങ്കിലും അദ്ദേഹം വഴങ്ങിയില്ല. ഇതിൽ പ്രകോപിതരായാണ് ഡിവൈഎഫ്ഐ സംഘം സ്റ്റേഷനിലെത്തി എസ്ഐയെ കൈയേറ്റം ചെയ്തത്.

എന്നാൽ എസ് ഐയെ കയ്യേറ്റം ചെയ്തില്ലന്നും ഡിവൈഎഫ്ഐ സംഘം സ്റ്റേഷനിൽ വന്ന് ഉച്ചത്തിൽ സംസാരിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് സിഐയുടെ വിശദീകരണം. സ്റ്റേഷന്റെ മുകളിലത്തെ നിലയിലാണ് ഡിവൈഎസ്പി ഓഫീസ്. ഏതോ പെറ്റിക്കേസുമായി ബന്ധപ്പെട്ട് ചില ഡിവൈഎഫ്ഐ നേതാക്കൾ സ്റ്റേഷനിലെ പോലീസുമായി സംസാരമുണ്ടായതല്ലാതെ മറ്റ് അനിഷ്ട സംഭവങ്ങൾ ഉണ്ടായതായി തന്റൈ ശ്രദ്ധയിൽപ്പെട്ടിട്ടില്ലന്ന് ഡിവൈഎസ്പി പി.രാജ് കുമാർ അറിയിച്ചു.

- Advertisement -

Leave A Reply

Your email address will not be published.