Ultimate magazine theme for WordPress.

പി.എസ്.ജിക്കായി അക്കൗണ്ട് തുറന്ന് മെസ്സി; സിറ്റിയെ രണ്ടുഗോളിന് തകർത്തു

0

പാരീസ്: അർജൻറീന നായകൻ ലയണൽ മെസ്സിയുടെ ആരാധകർ കാത്തിരുന്ന ആ നിമിഷമെത്തി. സ്പാനിഷ് ക്ലബായ ബാഴ്‌സലോണയിൽ തങ്ങളെ കോരിത്തരിപ്പിച്ച മാന്ത്രികൻ തൻറെ പുതിയ തട്ടകമായ പി.എസ്.ജിയിലും ഗോൾവേട്ട തുടങ്ങി. ചാമ്ബ്യൻസ് ലീഗിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചാമ്ബ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിക്കെതിരായിരുന്നു ഫ്രഞ്ച് ക്ലബിനായി മെസ്സിയുടെ ആദ്യ ഗോൾ. മത്സരത്തിൽ പി.എസ്.ജി സിറ്റിയെ എതിരില്ലാത്ത രണ്ടുഗോളുകൾക്ക് തകർത്തു. ഇതോടെ കഴിഞ്ഞ വർഷത്തെ ചാമ്ബ്യൻസ് ലീഗ് സെമിയിലേറ്റ തോൽവിക്ക് പകരം വീട്ടാൻ പി.എസ്.ജിക്കായി.

മത്സരം തുടങ്ങിയ ഉടനെ ഇരുടീമുകളും ആക്രമിച്ചാണ് കളിച്ചത്. പാർക് ഡി പ്രിൻസസിൽ നടന്ന മത്സരത്തിൻറെ എട്ടാം മിനിറ്റിൽ തന്നെ പി.എസ്.ജി ലീഡ് നേടി. ഇഡ്രിസാ ഗയേയാണ് പി.എസ്.ജിയെ മുന്നിലെത്തിച്ചത്. താരത്തിൻറെ സീസണിലെ നാലാം ഗോളായിരുന്നു അത്. ആദ്യ പകുതിയിൽ പി.എസ്.ജി 1-0ത്തിന് മുന്നിലായിരുന്നു. സമനില ഗോൾ നേടാനുള്ള ഒരവസരം പോലും സിറ്റിക്ക് അനുകൂലമാക്കി മാറ്റാൻ സാധിച്ചില്ല. പി.എസ്.ജിയിൽ എത്തി മൂന്ന് കളികളിൽ ബൂട്ടണിഞ്ഞിട്ടും ഗോളോ അസിസ്‌റ്റോ സ്വന്തം പേരിൽ കുറിക്കാൻ മെസ്സിക്കായിരുന്നില്ല. ക്രോസ്ബാറിൽ തട്ടി മടങ്ങുന്ന മെസ്സിയുടെ ഗോൾശ്രമങ്ങൾ നിരാശയോടെ ആരാധകർക്ക് നോക്കിനിൽക്കേണ്ടി വന്നു. 74ാം മിനിറ്റിലായിരുന്നു കാത്തിരുന്ന ദൃശ്യം.

- Advertisement -

ഒറ്റക്ക് നടത്തിയ മുന്നേറ്റം മെസ്സി തന്നെ ഫിനിഷ് ചെയ്യുകയായിരുന്നു. മൈതാനത്തിൻറെ വലത് വിങ്ങിലൂടെ നടത്തിയ മുന്നേറ്റത്തിനൊടുവിൽ മെസ്സി ബോക്‌സിന് പുറത്ത് നിന്ന് നൽകിയ പാസ് ബോക്‌സിനകത്തുണ്ടായിരുന്ന കിലിയൻ എംബാപ്പെ പുറംകാൽ കൊണ്ട് മെസ്സിക്ക് തന്നെ മടക്കി നൽകി. ഇടംകാൽ കൊണ്ട് വലയിലേക്ക് മെസി ചെത്തിയിട്ട പന്ത് നോക്കി നിൽക്കാനേ സിറ്റി ഗോൾകീപ്പർ എഡേഴ്‌സണായുള്ളൂ.

ഇതോടെ തുടർച്ചയായി 17 ചാമ്ബ്യൻസ് ലീഗ് സീസണുകളിൽ ഗോൾ നേടുന്ന താരമെന്ന റെക്കോഡ് മെസ്സി സ്വന്തമാക്കി. 16 ഗോളുകളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോയും കരീം ബെൻസേമയുമാണ് പിന്നിൽ. ചാമ്ബ്യൻസ് ലീഗിലെ മെസ്സിയുടെ 121ാം ഗോളാണിത്. ശേഷം റിയാദ് മെഹ്‌റസിലൂടെ അക്കൗണ്ട് തുറക്കാൻ സിറ്റിക്ക് അവസരം ലഭിച്ചെങ്കിലും ഡൊണ്ണരുമ്മയുടെ പി.എസ്. ജിയുടെ രക്ഷകനായി.

ഗ്രൂപ്പ് എയിലെ മറ്റൊരു മത്സരത്തിൽ ക്ലബ് ബ്രൂജ് ആർ.ബി ലെപ്‌സിഷിനെ 2-1ന് തോൽപിച്ചു. രണ്ട് മത്സരങ്ങളിൽ നിന്ന് ഒരുജയവും സമനിലയുമടക്കം നാലുപോയിൻറുമായി പി.എസ്.ജിയാണ് ഗ്രൂപ്പിൽ ഒന്നാമത്. നാലുപോയിൻറ് തന്നെയുള്ള ക്ലബ് ബ്രൂജ് രണ്ടാമതാണ്. മൂന്ന് പോയിൻറുമായി സിറ്റി മൂന്നാമതാണ്.

- Advertisement -

Leave A Reply

Your email address will not be published.