Ultimate magazine theme for WordPress.

തമിഴ്‌നാട്ടിൽ നിന്നും കാനഡയിലേക്ക് മനുഷ്യ കടത്ത്; അന്വേഷണം കേരളത്തിലേക്കും

0

കൊല്ലം: തമിഴ്‌നാട്ടിൽ നിന്ന് കാനഡയിലേക്ക് നടന്നതായി സംശയിക്കുന്ന മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് കൊല്ലം കേന്ദ്രീകരിച്ച് വൻ ഗൂഡാലോചന ഉണ്ടായെന്ന് തമിഴ്‌നാട് ക്യൂബ്രാഞ്ചിൻറെ കണ്ടെത്തൽ. പുനലൂരിലെ തോട്ടം തൊഴിലാളിയായ ശ്രീലങ്കൻ വംശജയെ തെറ്റിദ്ധരിപ്പിച്ചാണ് മനുഷ്യക്കടത്തിനുളള ബോട്ട് കൊല്ലത്തുനിന്നു സംഘടിപ്പിച്ചതെന്ന അനുമാനത്തിലാണ് ക്യൂബ്രാഞ്ചും സംസ്ഥാന ഇൻറലിജൻസും. ഇൻറലിജൻസ് ഏജൻസികളുടെ കണ്ണുവെട്ടിച്ചു നടന്ന ബോട്ടു കൈമാറ്റവുമായി ബന്ധപ്പെട്ട നിർണായക രേഖകൾ ലഭിച്ചു.

ഇങ്ങനെ കാണാതായ ശ്രീലങ്കൻ വംശജരെ മൽസ്യബന്ധന ബോട്ടിൽ കാനഡയിലേക്ക് കടത്തിയെന്നാണ് ക്യൂബ്രാഞ്ച് അനുമാനിക്കുന്നത്. മനുഷ്യക്കടത്തിന് ഉപയോഗിച്ച ബോട്ട് വാങ്ങിയത് കൊല്ലത്തു നിന്നാണെന്ന സൂചനകളെ തുടർന്നാണ് കഴിഞ്ഞ ഒരു മാസമായി ജില്ല കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കിയത്. കുളത്തൂപ്പുഴയിൽ തോട്ടം തൊഴിലാളിയായ ഈശ്വരി എന്ന ശ്രീലങ്കൻ വംശജയുടെ പേരിലാണ് ബോട്ട് വാങ്ങിയത്. ഇത് വ്യക്തമാക്കുന്ന രേഖകൾ കിട്ടിയിട്ടുണ്ട്.

- Advertisement -

ഈ ബോട്ട് പേരുമാറ്റി തമിഴ്‌നാട്ടിലെ കുളച്ചലിലേക്ക് കടത്തുകയായിരുന്നു. ബന്ധുവും തമിഴ്‌നാട് സ്വദേശിയുമായ ജോസഫ് രാജ് തന്നെ കബളിപ്പിച്ച് വിൽപ്പന രേഖകളിൽ ഒപ്പിട്ടു വാങ്ങുകയായിരുന്നെന്നാണ് ഈശ്വരിയുടെ മൊഴി. മനുഷ്യക്കടത്തിനെ കുറിച്ച് തനിക്ക് ഒരു സൂചനയും ഉണ്ടായിരുന്നില്ലെന്നും ഈശ്വരി ക്യൂബ്രാഞ്ചിന് മൊഴി നൽകി.

ബോട്ട് വാങ്ങാൻ ഈശ്വരിയെ പ്രേരിപ്പിച്ച ബന്ധു ജോസഫ് രാജ് മാത്രമാണ് കേസുമായി ബന്ധപ്പെട്ട് ഇപ്പോൾ തമിഴ്‌നാട് പൊലീസിൻറെ കസ്റ്റഡിയിലുളളത്. എന്നാൽ ഇൻറലിജൻസ് ഏജൻസികളുടെ കണ്ണുവെട്ടിച്ച് ബോട്ട് കേരളത്തിൽ നിന്നു കടത്താൻ കൊല്ലത്ത് കൂടുതൽ പേരുടെ സഹായം കിട്ടിയെന്ന സംശയം ക്യൂബ്രാഞ്ചിനുണ്ട്. ഈ സാഹചര്യത്തിൽ അന്വേഷണത്തിനായി കൂടുതൽ ഉന്നത ഉദ്യോഗസ്ഥർ അടുത്തയാഴ്ച കൊല്ലത്തെത്തും. കേന്ദ്ര ഇൻറലിജൻസും തുറമുഖ വകുപ്പിൽ നിന്നും പൊലീസിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു.

- Advertisement -

Leave A Reply

Your email address will not be published.