ചണ്ഡിഗഡ്: ധാന്യ സംഭരണത്തിൽ കർഷകരുടെ പ്രതിഷേധത്തിനു മുന്നിൽ വഴങ്ങി കേന്ദ്ര സർക്കാർ. ഒക്ടോബർ ഒന്നിന് തുടങ്ങേണ്ട ധാന്യസംഭരണം 11ലേക്ക് മാറ്റിയതിനെ തുടർന്ന് കുറച്ച് ദിവസങ്ങളായി പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലെ കർഷകർ സമരത്തിലായിരുന്നു. പ്രതിഷേധം കടുത്തതോടെയാണ് ഞായറാഴ്ച മുതൽ ധാന്യം സംഭരിക്കുമെന്ന് കേന്ദ്രം അറിയിച്ചത്.
ഇതു സംബന്ധിച്ച് പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിങ് ഛന്നി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ‘പഞ്ചാബിലെയും ഹരിയാനയിലെയും എല്ലാ മണ്ഡികളിലും ഞായറാഴ്ച മുതൽ ധാന്യസംഭരണം ആരംഭിക്കും. നേരത്തേ വിളവെടുപ്പ് നടന്ന പ്രദേശങ്ങളിലും മഴയുടെ ആഘാതം കുറവുള്ള പ്രദേശങ്ങളിലും സംഭരണം വർധിക്കും. പതുക്കെ മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കും’ ദേശീയ ഭക്ഷ്യ സെക്രട്ടറി സുധാൻഷു പാണ്ഡെ അറിയിച്ചു.
- Advertisement -
കനത്ത മഴയെ തുടർന്ന് ധാന്യശേഖരണം തുടങ്ങുന്നത് ഒക്ടോബർ 11ലേക്ക് മാറ്റുന്നതായി കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം ഉത്തരവിറക്കിയിരുന്നു. തുടർന്ന് കർഷകരുടെ കനത്ത പ്രതിഷേധമാണ് ഇരു സംസ്ഥാനങ്ങളിലും അരങ്ങേറിയത്. ബാരിക്കേഡുകൾ തകർത്ത് പ്രതിഷേധം മുന്നേറിയപ്പോൾ പൊലീസിന് ജലപീരങ്കി അടക്കം പ്രയോഗിക്കേണ്ടി വന്നു.
ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ കേന്ദ്ര ഭക്ഷ്യമന്ത്രി അശ്വിനി കുമാർ ചൗബെയുമായി കൂടിക്കാഴ്ച നടത്തി. സംഭരണത്തിന് ആവശ്യമായ എല്ലാ മുന്നൊരുക്കങ്ങളും ഹരിയാന പൂർത്തിയാക്കിയെന്ന് മുഖ്യമന്ത്രി അറിയിച്ചു. കൃഷിയാണ് നമ്മുടെ പ്രധാന വരുമാന സ്രോതസ്സെന്നും കർഷകരുടെ പ്രശ്‌നത്തിന് ഉടൻ പരിഹാരം വേണമെന്നും മോദിയുമായുള്ള കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടതായി ഛന്നി അറിയിച്ചിരുന്നു.
- Advertisement -