Ultimate magazine theme for WordPress.

വിശപ്പുരഹിത കേരളം പദ്ധതി: 99 ജനകീയ ഹോട്ടലുകൾ സജീവം ദിവസവും 20 രൂപ നിരക്കിൽ 9,800 ലേറെ ഊണ് വിൽപ്പന

0

പാലക്കാട്: സംസ്ഥാന സർക്കാരിന്റെ വിശപ്പുരഹിത കേരളം പദ്ധതിയിലൂടെ ജില്ലയിൽ 99 കുടുംബശ്രീ ജനകീയ ഹോട്ടലുകൾ സജീവം. 20 രൂപ നിരക്കിൽ ദിവസവും ശരാശരി 9,800 ലധികം ഊണ് ജില്ലയിലൊട്ടാകെ വിൽക്കുന്നു. ജനകീയ ഹോട്ടലുകൾ നടത്തുന്ന 420 ഓളം കുടുംബശ്രീ പ്രവർത്തകർക്കാണ് ഇതുവഴി വരുമാനം ലഭിക്കുന്നത്. ലോക്ക്ഡൗൺ കാലത്ത് മുഴുവൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും കീഴിൽ ആരംഭിച്ച കമ്മ്യൂണിറ്റി കിച്ചണിന്റെ തുടർച്ചയായാണ് ജില്ലയിൽ 95 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ജനകീയ ഹോട്ടലുകൾ ആരംഭിച്ചത്. 20 രൂപക്ക് ഉച്ചയൂൺ ലഭ്യമാക്കി കുറഞ്ഞ നിരക്കിൽ ഭക്ഷണമെത്തിച്ച് സർക്കാരിന്റെ വിശപ്പുരഹിത കേരളം എന്ന ലക്ഷ്യത്തെ യാഥാർഥ്യമാക്കുകയാണ് കുടുംബശ്രീ പ്രവർത്തകർ.

ഉച്ചയൂൺ കൂടാതെ ഇടനേരങ്ങളിലുള്ള ഭക്ഷണവും ആവശ്യക്കാർക്ക് ഹോം ഡെലിവറി സൗകര്യവും ലഭ്യമാക്കുന്നുണ്ട്. ജനകീയ ഹോട്ടൽ ആരംഭിക്കുന്നതിനു മുന്നോടിയായി ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ ജനകീയ ഹോട്ടലിനായുള്ള റിവോൾവിങ് ഫണ്ട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഴിയാണ് കുടുംബശ്രീ യൂണിറ്റുകൾക്ക് ലഭ്യമാക്കുന്നത്. ജനകീയ ഹോട്ടലിന്റെ നടത്തിപ്പിനായുള്ള അരി സിവിൽ സപ്ലൈസ് വഴിയാണ് ലഭ്യമാക്കുന്നത്. കൂടാതെ, ഒരു ഊണിന് 10 രൂപ നിരക്കിൽ സർക്കാർ സബ്‌സിഡിയും നൽകുന്നുണ്ട്. ഇതുവഴി ജനകീയ ഹോട്ടലിലെത്തി 20 രൂപ നൽകുന്നവർക്ക് 30 രൂപയുടെ ഊണാണ് സർക്കാർ ഉറപ്പാക്കുന്നത്. ഊണിന്റെ 10 രൂപ സബ്സിഡി തുകയായ ഒരു കോടി 90 ലക്ഷം രൂപ ജില്ലയിൽ ജനകീയ ഹോട്ടൽ നടത്തിപ്പുക്കാർക്ക് വിതരണം ചെയ്തു.

- Advertisement -

ജനകീയ ഹോട്ടലിനു വേണ്ട അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നത് അതാത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ നേതൃത്വത്തിൽ തദ്ദേശസ്ഥാപന അധ്യക്ഷൻ, ഭരണസമിതിയിലെ ഒരു സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ, കുടുംബശ്രീയുടെ ചുമതലയുള്ള നിർവഹണ ഉദ്യോഗസ്ഥൻ, കുടുംബശ്രീ കോഡിനേറ്റർ, വാർഡ് അംഗം, ഹെൽത്ത് ഇൻസ്പെക്ടർ, സന്നദ്ധപ്രവർത്തകർ എന്നിവർ ഉൾപ്പെട്ട സമിതി ഓരോ മാസവും ജനകീയ ഹോട്ടലുകളുടെ പ്രവർത്തനം കൃത്യമായി നിരീക്ഷിക്കാനുള്ള സംവിധാനവുമുണ്ട്. ഏറ്റവും ചുരുങ്ങിയത് കുടുംബശ്രീ പ്രവർത്തകരായ മൂന്ന് വനിതകൾ ഉൾപ്പെടുന്ന ഗ്രൂപ്പുകൾക്കാണ് ജനകീയ ഹോട്ടലുകളുടെ നടത്തിപ്പുചുമതല നൽകുന്നത്.

ചോറ്, തോരൻ, അച്ചാർ, സാമ്ബാർ/രസം/മോര് എന്നിവയുൾപ്പെടെയാണ് 20 രൂപയ്ക്കു ഊണ് നൽകുന്നത്. ഇതുകൂടാതെ 10 രൂപയ്ക്ക് ഓംലെറ്റും 30 രൂപ മുതൽ മീൻ പൊരിച്ചതും ആവശ്യപ്പെടുന്നതനുസരിച്ച് ആളുകൾക്ക് നൽകുന്നുണ്ട്. ജില്ലയിലെ മുഴുവൻ ജനകീയ ഹോട്ടലുകളും കൃത്യമായ മോണിറ്ററിങിലൂടെ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതായി കുടുംബശ്രീ പ്രോഗ്രാം മാനേജർ എം.എ സൈദ് മുഹമ്മദ് പറഞ്ഞു. സ്ഥിരമായി ജനകീയ ഹോട്ടലുകളെ ആശ്രയിച്ച് ഭക്ഷണം കഴിക്കാൻ എത്തുന്ന സാധാരണക്കാരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് പ്രോഗ്രാം മാനേജർ പറഞ്ഞു.

- Advertisement -

Leave A Reply

Your email address will not be published.