പ്രിയങ്കയെ വിട്ടയച്ചു, രാഹുൽ ലക്‌നൗവിൽ, ലഖിംപൂർ സന്ദർശനത്തിന് അനുമതി; വിമാനത്താവളത്തിൽ രാഹുലിന്റെ പ്രതിഷേധം
ദില്ലി: കൊല്ലപ്പെട്ട കർഷകരുടെ കുടുംബങ്ങളെ സന്ദർശിക്കുന്നതിനായി ലഖിംപൂർ ഖേരിയിലേക്ക് പോകവേ പൊലീസ് കസ്റ്റഡിയിലെടുത്ത കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ യുപി പൊലീസ് വിട്ടയച്ചു. കർഷകരുടെ കുടുംബങ്ങളെ സന്ദർശിക്കാൻ ലഖിംപൂർ ഖേരിയിലേക്ക് പോകാൻ രാഹുൽ ഗാന്ധിക്കും. പ്രിയങ്കാ ഗാന്ധിക്കും അനുമതി ലഭിച്ചതിന് പിന്നാലെയാണ് പ്രിയങ്കയെ യുപി പൊലീസ് വിട്ടയച്ചത്.
ലഖിംപൂർ ഖേരിയിലേക്ക് പോകാനായി രാഹുൽ ഗാന്ധിയുൾപ്പടെയുള്ള കോൺഗ്രസ് സംഘം ലക്‌നൗവിലെത്തി. വിമാനത്താവളത്തിലിറങ്ങാൻ അനുമതി ലഭിച്ചെങ്കിലും രാഹുൽ നിർദ്ദേശിച്ച വാഹനത്തിൽ പോകാൻ അനുവദിക്കില്ലെന്ന് ഉദ്യോഗസ്ഥർ നിലപാടെടുത്തു. ഇതോടെ രാഹുൽ ഗാന്ധിയും ഉദ്യോഗസ്ഥരും തമ്മിൽ വാഗ്വാദം ഉണ്ടായി. ഉദ്യോഗസ്ഥ നിലപാടിൽ രാഹുൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പിന്നീട്, തർക്കത്തിനൊടുവിൽ സ്വന്തം വാഹനത്തിൽ ലംഖിപൂരിലേക്ക് പോയി.
- Advertisement -
രാഹുലിന് പോകാൻ പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും അനുസരിക്കണമെന്നുമുള്ള നിലപാടിലായിരുന്നു പൊലീസ്. എന്നാൽ പൊലീസ് ഒരുക്കുന്ന സുരക്ഷ വേണ്ടെന്നും പൊലീസ് ഒരുക്കിയ വഴിയിൽ പോകില്ലെന്നും രാഹുൽ അറിയിച്ചു. ലഖിംപൂരിലേക്ക് പോകാൻ അനുമതി ലഭിച്ചെന്നാണ് സർക്കാർ അറിയിച്ചത് പക്ഷേ ഇത് എന്ത് രീതിയിലുള്ള അനുമതിയാണെന്ന് രാഹുൽ ചോദിച്ചു. പൊലീസ് മറ്റെന്തോ ആസുത്രണം ചെയ്യുകയാണെന്നും രാഹുൽ ആരോപിച്ചു.
കഴിഞ്ഞ രണ്ടു ദിവസമായി ലഖിംപുർ ഖേരി വിഷയം ഉന്നയിച്ചുള്ള കോൺഗ്രസ് നീക്കങ്ങൾക്ക് പ്രിയങ്ക ഗാന്ധിയാണ് നേതൃത്വം നല്കിയത്. ഇന്ന് രാഹുൽ ഗാന്ധിയും ഇതേറ്റെടുത്തു. കർഷകരുടെ നീതിക്കായുള്ള ശബ്ദത്തെ ബി ജെ പി അടിച്ചമർത്തുന്നുകയാണെന്നും ആ നീക്കത്തെ ചെറുക്കുമെന്നും പുറത്തിറങ്ങിയ ശേഷം പ്രിയങ്ക ഗാന്ധി പ്രതികരിച്ചു. എസ് പി നേതാവ് അഖിലേഷ് യാദവിനും ആം ആദ്മി പാർട്ടി സംഘത്തിനും ലഖിംപുർ സന്ദർശിക്കാൻ അനുമതി ലഭിച്ചിട്ടുണ്ട്.
അതേ സമയം ലഖിംപുർ ഖേരി സംഘർഷത്തിൽ കേന്ദ്രമന്ത്രി അജയ്മിശ്രയേയും മകനയെും ഒരാഴ്ചയ്ക്കുള്ളിൽ അറസ്റ്റു ചെയ്തില്ലെങ്കിൽ വൻ പ്രക്ഷോഭമെന്നാണ് കർഷകസംഘടനകളുടെ അന്ത്യശാസനം. മന്ത്രിയുടെ മകനെ ഉടൻ ചോദ്യം ചെയ്യുമെന്ന് യുപി പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ ബിജെപി കേന്ദ്രനേതൃത്വം അജയ് മിശ്രയെ ദില്ലിക്ക് വിളിപ്പിച്ചു.
സംഘർഷത്തിൽ ഇന്നലെ പുറത്തുവന്ന എഫ്‌ഐആറിൽ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിശ് മിശ്രയ്‌ക്കെതിരെ കൊലപാതകുറ്റം ചുമത്തിയിരുന്നു. മന്ത്രി അജയ് മിശ്രയും മകനും ചേർന്ന് ഗൂഢാലോചന നടത്തി എന്ന പരാതി പരാമർശിക്കുന്നു. എന്നാൽ കണ്ടാലറിയുന്നവർ എന്ന പേരിലാണ് മറ്റുള്ളർക്കെതിരെ കേസെടുത്തത്. മന്ത്രിക്കെതിരെയും കുറ്റം ചുമത്തണമെന്നും മന്ത്രിയേയും മകനേയും ഒരാഴ്ചയ്ക്കുള്ളിൽ അറസ്റ്റു ചെയ്യണമെന്നും കർഷക സംഘടനകൾ ആവശ്യപ്പെട്ടു. ആശിശ് മിശ്ര സ്ഥലത്തുണ്ടായിരുന്നു എന്ന് സൂചിപ്പിക്കുന്ന ഒരു വിഡിയോയും പുറത്തു വന്നു. ഭയ്യ അഥവാ ആശിശ് മിശ്രയാണ് കർഷകരെ ആദ്യം ഇടിച്ച താർ വാഹനത്തിൽ ഉണ്ട്ടായിരുന്നത് എന്ന് സംഘത്തിലെ ഒരാൾ പൊലീസിനോടു പറയുന്നുണ്ട്.
- Advertisement -