Ultimate magazine theme for WordPress.

സംസ്ഥാനത്തെ സ്‌കൂൾ തുറക്കൽ; അന്തിമ മാർഗരേഖ ഇന്ന് പുറത്തിറിങ്ങും

0

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂൾ തുറക്കുന്നത് സംബന്ധിച്ചുള്ള അന്തിമ മാർഗരേഖ ഇന്ന് പുറത്തിറിങ്ങും. ഇന്നലെ പുറത്തിറക്കാൻ ആലോചിച്ചെങ്കിലും മുഖ്യമന്ത്രിയുടെ അംഗീകാരം വൈകിയതാണ് ഇന്നത്തേക്ക് മാറ്റാൻ കാരണം. സ്‌കൂൾ തുറക്കാനിരിക്കെ കൊവിഡ് പശ്ചാത്തലത്തിൽ സ്വീകരിക്കേണ്ട പൊതുനിർദ്ദേശങ്ങളടങ്ങുന്നതാണ് മാർഗരേഖ. ആദ്യം നൽകിയ നിർദേശം മാറ്റി ഉച്ച ഭക്ഷണം നൽകാൻ തീരുമാനിച്ചിട്ടുണ്ട്.

ഒരു ബെഞ്ചിൽ രണ്ടു കുട്ടികൾ എന്നാണ് നിലവിൽ പരിഗണിക്കുന്നത്. ശനിയാഴ്ച പ്രവർത്തി ദിവസം ആയിരിക്കും. ബാച്ച് തീരുമാനിക്കാൻ സ്‌കൂളുകൾക്ക് സ്വാതന്ത്ര്യം ഉണ്ടാകും. ആദ്യ ഘട്ടത്തിൽ ഉച്ച വരെ മാത്രമേ ക്ലാസുകൾ ഉണ്ടായിരിക്കൂ. ഓരോ ക്ലാസിനും വ്യത്യസ്ത ഇടവേള ആയിരിക്കും. കുട്ടികളെ ബാച്ചായി തിരിക്കും. കുട്ടികളുടെ എണ്ണം കുറഞ്ഞ സ്‌കൂളുകളിൽ ഇത്തരം ബാച്ച് ക്രമീകരണം നിർബന്ധമല്ലെന്നും മാർഗരേഖയിൽ പറയുന്നു.

- Advertisement -

ക്ലാസ് തുടങ്ങുന്ന സമയവും അവസാനിക്കുന്ന സമയവും വിവിധ ക്ലാസിന് വ്യത്യസ്തമായിരിക്കണം എന്നാണ് നിർദ്ദേശം. ആദ്യഘട്ടത്തിൽ രാവിലെയാണ് ക്ലാസുകൾ ക്രമീകരിക്കുക. കുട്ടികളുടെ എണ്ണം ക്രമീകരിച്ച് നിയന്ത്രിക്കുന്നതിനായി ഓരോ ക്ലാസിലെയും കുട്ടികളെ ബാച്ചുകളായി തിരിക്കും. ഭിന്നശേഷിക്കാരായ കുട്ടികൾ ആദ്യഘട്ടത്തിൽ വരേണ്ടതില്ല എന്നതാണ് തീരുമാനം. സ്‌കൂളുകൾ വൃത്തിയാക്കുന്നതിനും കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുമായി സ്‌കൂളുകൾ സജ്ജമാക്കുന്നത് സംബന്ധിച്ചും വിവിധ തലങ്ങളിൽ ചേരേണ്ട യോഗങ്ങളുടെയും ആസൂത്രണ പ്രവർത്തനങ്ങളുടെയും ഉള്ളടക്കം സംബന്ധിച്ചും മാർഗരേഖ പ്രതിപാദിക്കുന്നു. ക്ലാസുകൾക്ക് നൽകുന്ന ഇന്റർവെൽ സ്‌കൂൾ ആരംഭിക്കുന്ന സമയം, സ്‌കൂൾ വിടുന്ന സമയം, എന്നിവയിൽ വ്യത്യാസങ്ങൾ വരുത്തി കൂട്ടം ചേരൽ ഒഴിവാക്കണം.

സ്‌കൂളിൽ നേരിട്ട് എത്തിച്ചേരാൻ സാധിക്കാത്ത കുട്ടികൾക്ക് നിലവിലുള്ള ഡിജിറ്റൽ പഠനരീതി തുടരണമെന്നും സ്‌കൂളുകളിൽ രോഗലക്ഷണ പരിശോധന രജിസ്റ്റർ സൂക്ഷിക്കുകയും രോഗലക്ഷണമുള്ളവർക്ക് സിക്ക് റൂമുകൾ ഒരുക്കണമെന്നും മാർഗരേഖയിൽ നിർദ്ദേശിക്കുന്നു. പ്രവൃത്തിദിനങ്ങളിൽ എല്ലാ അധ്യാപകരും സ്‌കൂളിൽ ഹാജരാകേണ്ടതാണ്. എല്ലാ അധ്യാപകരും അനധ്യാപകരും ജീവനക്കാരും രണ്ട് ഡോസ് കൊവിഡ് വാക്സിൻ എടുത്തിരിക്കണം.

- Advertisement -

Leave A Reply

Your email address will not be published.