ഇടുക്കി മാങ്കുളത്ത് വൃദ്ധന്റെ കൊലപാതകം; ഷോക്ക് അബ്‌സോർബർ ഉപയോഗിച്ച് തലയ്ക്കടിയേറ്റ്, സുഹൃത്ത് പിടിയിൽ
മൂന്നാർ: ഇടുക്കി മാങ്കുളത്ത് വൃദ്ധനെ അടിച്ചുകൊന്ന സുഹൃത്ത് പിടിയിൽ. ശേവൽകുടി സ്വദേശി റോയിയെ കൊന്ന സുഹൃത്ത് ബിബിനെയാണ് മൂന്നാർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രിയാണ് മാങ്കുളം ശേവൽകുടി സ്വദേശി റോയിയെ വഴിയരികിൽ രക്തം വാർന്ന നിലയിൽ കണ്ടത്.
ഉടനെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വീണ് പരിക്കേറ്റതെന്ന് ആദ്യം തോന്നിയെങ്കിലും തലയിലെ മുറിവ് കണ്ടതോടയാണ് സംഭവത്തിൽ ദുരൂഹത ഉയർന്നത്. വിശദമായ പരിശോധന നടത്തിയതോടെ സംഭവം കൊലപാതകമെന്ന് പൊലീസിന് മനസ്സിലായി. പിന്നാലെ നടത്തിയ അന്വേഷണത്തിൽ റോയിയുടെ സുഹൃത്ത് ബിബിനെ പിടികൂടുകയായിരുന്നു. സുഹൃത്തുക്കളായിരുന്ന റോയിയും ബിബിനും അടുത്തിടെ പണമിടപാട് സംബന്ധിച്ച് തർക്കമുണ്ടായി. അന്ന് മുതൽ റോയിയുമായി കടുത്ത വൈരാഗ്യത്തിലായിരുന്നു ബിബിൻ.
- Advertisement -
ഇന്നലെ രാത്രി പത്ത് മണിയോടെ പച്ചക്കറി വാങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്ന റോയിയെ കുറ്റിക്കാട്ടിൽ പതിയിരുന്ന് ആക്രമിച്ചു. ബൈക്കിന്റെ ഷോക്ക് അബ്‌സോർബർ ഉപയോഗിച്ചാണ് തലക്കടിച്ചത്. തുടർന്ന് ഓടിരക്ഷപ്പെട്ട പ്രതിയെ മാങ്കുളത്ത് നിന്ന് ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇന്ന് ഇയാളെ കോടതിയിൽ ഹാജരാക്കും.
- Advertisement -