Ultimate magazine theme for WordPress.

സംസ്ഥാനത്ത് ശക്തമായ മഴ; 3 മരണം, നദികള്‍ കരകവിഞ്ഞു, ഡാമുകള്‍ തുറന്നു

0

കൊച്ചി: സംസ്ഥാനത്ത് കഴിഞ്ഞദിവസം തുടങ്ങിയ ശക്തമായ മഴയില്‍ മൂന്നുപേര്‍ മരിച്ചു. നദികള്‍ കരകവിഞ്ഞു, ഡാമുകള്‍ തുറന്നു. മലപ്പുറം കരിപ്പൂര്‍ മുണ്ടോട്ടുപാടത്ത് വീട് തകര്‍ന്ന് രണ്ട് പിഞ്ചുകുട്ടികള്‍ മരിച്ചു. കൊല്ലം തെന്മലയില്‍ ഒഴുക്കില്‍പ്പെട്ട് വയോധികനും മരിച്ചു.

കരിപ്പൂര്‍ ചേന്നാരി മുഹമ്മദ് കുട്ടിയുടെ മക്കളായ ലിയാന ഫാത്വിമ (8), ലുബാന ഫാത്വിമ ( 7 മാസം ) എന്നിവരാണ് മരിച്ചത്. വീടിന് പിന്‍ഭാഗത്ത് ഉയര്‍ന്ന് നിന്നിരുന്ന ചെങ്കല്ലിന്റെ മതിലടക്കം കുട്ടികള്‍ കിടന്ന മുറിയിലേക്ക് ഇടിഞ്ഞു താഴുകയായിരുന്നു. മാതാവ് സുമയ്യയും വീട്ടിലുണ്ടായിരുന്നു.

- Advertisement -

കൊല്ലം തെന്മല നാഗമല സ്വദേശി ഗോവിന്ദരാജ് (65) ആണ് തോട്ടില്‍ വീണ് മരിച്ചത്. വീട്ടിലേക്ക് പോകുമ്ബോള്‍ റോഡ് മുറിച്ചു കടക്കവേ തോട്ടില്‍ വീണാണ് അപകടമുണ്ടായത്. തോട് കരകവിഞ്ഞൊഴുകിയതോടെ തോടും റോഡും തിരിച്ചറിയാന്‍ കഴിയാതായതാണ് അപകടത്തിന് കാരണമായത്.

അതിരപ്പള്ളി, വാഴച്ചാല്‍ എന്നിവയില്‍ ജലനിരപ്പുയര്‍ന്നു. ചാലക്കുടി കപ്പത്തോട് കരകവിഞ്ഞൊഴുകുകയാണ്. ചാലക്കുടി പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ സമീപപ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. എട്ടു പഞ്ചായത്തുകളിലെ ജനങ്ങളെ മാറ്റിപാര്‍പിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വെള്ളം ഉയര്‍ന്നതിനെ തുടര്‍ന്ന് പരിയാരം കമ്മളം പ്രദേശത്ത് വീടുകളില്‍ വെള്ളം കയറി. ചാലക്കുടി റെയില്‍വേ അടിപ്പാത മുങ്ങി.

ആലുവ പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ, ആലുവ മണപ്പുറം മുങ്ങി. ശിവക്ഷേത്രത്തിന്റെ 95 ശതമാനത്തോളം മുങ്ങി. ഇതേത്തുടര്‍ന്ന് ബലിതര്‍പണം ദേവസ്വം ഹാളിലേക്ക് മാറ്റി. ഈ വര്‍ഷം പലതവണ ജലനിരപ്പുയര്‍ന്നുവെങ്കിലും ശിവക്ഷേത്രത്തില്‍ ആറാട്ടായില്ല. ആലുവാ പുഴയില്‍ ശിവക്ഷേത്രം പൂര്‍ണമായും മുങ്ങുന്നത് ശിവഭഗവാന്റെ ആറാട്ടായാണ് കണക്കാക്കുന്നത്.

ജലനിരപ്പുയര്‍ന്നാലും ഇവിടെ പൂജാദി കര്‍മ്മങ്ങള്‍ മുടങ്ങില്ല. ശിവക്ഷേത്രത്തിലേക്കു വെള്ളം കയറിയെങ്കിലും പെരിയാറിന്റെ മറ്റ് പ്രദേശങ്ങളില്‍ കാര്യമായി പുഴ കരകവിഞ്ഞിട്ടില്ല. ഒഴുക്ക് ശക്തമായതിനാല്‍ പുഴയില്‍ കുളിക്കാനിറങ്ങുന്നത് ഒഴിവാക്കണമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഇടമലയാര്‍ വൈശാലി ഗുഹയ്ക്കു സമീപം മണ്ണിടിഞ്ഞു. താളുംകണ്ടം, പൊങ്ങുംചുവട് ആദിവാസി കോളനികള്‍ ഒറ്റപ്പെട്ടു.

പാലക്കാട് അട്ടപ്പാടി ചുരം റോഡില്‍ മൂന്നിടങ്ങളില്‍ മരം വീണ് ഗതാഗതം തടസപ്പെട്ടു. റോഡിലേക്ക് മണ്ണും പാറയും ഒഴുകിയെത്തി. ഇത് നീക്കം ചെയ്യാനുള്ള ശ്രമം തുടരുകയാണ്. മണ്ണാര്‍ക്കാട്, അഗളി മേഖലയില്‍ റോഡിലേക്ക് പാറ ഒഴുകിയെത്തി. പ്രദേശത്ത് കനത്ത മഴ തുടരുകയാണ്. നെല്ലിപ്പുഴയില്‍ പത്തിലധികം വീടുകളില്‍ വെള്ളം കയറി. കഞ്ചിക്കോട്, നെന്മാറ മേഖലയില്‍ ഏക്കര്‍ കണക്കിന് നെല്‍കൃഷി വെള്ളത്തിനടിയിലായി.

മലപ്പുറം കൊണ്ടോട്ടി ടൗണില്‍ ദേശീയപാതയില്‍ വെള്ളം കയറി. തിരുവാലി ചെള്ളിത്തോട് പാലത്തിനടുത്ത് റോഡ് ഇടിഞ്ഞുതാണു. കോഴിക്കോട് മാവൂര്‍ റോഡിലും വെള്ളം കയറി. ആലപ്പുഴ എംസി റോഡിലും വെള്ളക്കെട്ട് രൂപപ്പെട്ടു. കൊല്ലം -ചെങ്കോട്ട രെയില്‍പാതയില്‍ മണ്ണിടിഞ്ഞ് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. ഉറുകുന്ന് ഭാഗത്ത് മണ്ണിടിച്ചിലിനെ തുടര്‍ന്ന് തടസ്സപ്പെട്ട റെയില്‍ഗതാഗതം കടുത്ത പ്രയത്നത്തിനൊടുവില്‍ പുനഃസ്ഥാപിച്ചിട്ടുണ്ട്.

അച്ചന്‍കോവിലാര്‍ കരകവിഞ്ഞതിനെ തുടര്‍ന്ന് പുനലൂരില്‍ 25 ഓളം വീടുകളില്‍ വെള്ളം കയറി. പുനലൂര്‍-മൂവാറ്റുപുഴ റോഡ് നിര്‍മാണത്തിനിടെ മണ്ണുമാന്തിയന്ത്രം തോട്ടില്‍ വീണു. അഞ്ചല്‍-ആയുര്‍ റോഡില്‍ മരം വീണ് ഗതാഗതം തടസപ്പെട്ടു. മേലുകാവ്- തൊടുപുഴ റോഡില്‍ രാത്രി വലിയ പാറ വീണു. പാറയില്‍ കാറിടിച്ച്‌ അപകടമുണ്ടായി.

അടൂരില്‍ കഴിഞ്ഞദിവസം രാത്രി ഓടികൊണ്ടിരുന്ന ബൈകിന് മുകളിലേക്ക് മരം വീണ് മാധ്യമ പ്രവര്‍ത്തകന്‍ മരിച്ചു. ജന്മഭൂമി അടൂര്‍ ലേഖകന്‍ പി ടി രാധാകൃഷ്ണ കുറുപ്പാണ് മരിച്ചത്. ജോലി കഴിഞ്ഞ് അടൂരില്‍ നിന്നും വീട്ടിലേക്ക് മടങ്ങും വഴിയാണ് അപകടം. രാത്രി എട്ടുമണിയോടെ അടൂര്‍ ചെന്നമ്ബള്ളി ജംഗ്ഷന്‍ പടിഞ്ഞാറ് വശത്ത് തടിമില്ലിന് സമീപമാണ് അപകടം സംഭവിച്ചത്.

സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ കനത്ത മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ചൊവ്വാഴ്ച ആറു ജില്ലകളില്‍ ഓറഞ്ച് അലേര്‍ട് പുറപ്പെടുവിച്ചു. ഏഴ് ജില്ലകളില്‍ യെലോ ജാഗ്രതാ നിര്‍ദേശവും പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്. തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെലോ അലേര്‍ടുമാണ്.

- Advertisement -

Leave A Reply

Your email address will not be published.