Ultimate magazine theme for WordPress.

കോവിഡിനു ശേഷം മുടികൊഴിച്ചിലും ത്വക്‌രോഗങ്ങളും അലട്ടുന്നുണ്ടോ?; പ്രതിവിധിയുണ്ട്

0

കടന്നുപോയിട്ടും കോവിഡിന്റെ നിഴൽ ചിലരെ വിടാതെ പിന്തുടരും. കോവിഡ് നെഗറ്റിവായവരിൽ ത്വക്‌രോഗങ്ങൾ പെരുകുന്നതാണു പുതിയ കാഴ്ച. മുടികൊഴിച്ചിലും ശരീരമാകെ ചുവന്നുതടിക്കുന്നതുമാണു പ്രധാന പ്രശ്നങ്ങൾ.

കൊഴിയും മുടി

- Advertisement -

കോവിഡ് മാറിയയുടനെയോ രണ്ടോ മൂന്നോ മാസം കഴിഞ്ഞോ ആണു ചിലരിൽ കടുത്ത മുടികൊഴിച്ചിൽ തുടങ്ങുന്നത്. ഒരു ദിവസം മുന്നൂറും നാനൂറും മുടികൾ കൊഴിയും. കോവിഡ് ശരീരത്തിൽ ഉണ്ടാക്കുന്ന ഇൻഫ്ലമേഷൻ ഇതിന് ഒരു കാരണമാണ്. മാനസിക സമ്മർദം, വിറ്റാമിൻ ഡിയുടെയും അയണിന്റെയും കുറവ്, ഹീമോഗ്ലോബിൻ കുറഞ്ഞുള്ള വിളർച്ച ഇവയെല്ലാം ഒപ്പം മുടിയിൽ പിടിത്തമിടും. അതുകൊണ്ടു രോഗബാധിതരായിരിക്കുമ്പോഴും പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കാനും ധാരാളം വെള്ളം കുടിക്കാനും മടി കാണിക്കരുത്.

ലോക്ഡൗണും രോഗകാലവും വർക് ഫ്രം ഹോമും ഒക്കെ കാരണം ആളുകൾ വെയിലേൽക്കുന്നതു കുറഞ്ഞു. അതോടെ വിറ്റാമിൻ ഡിയുടെ അഭാവം വ്യാപകമായി. അനീമിയയും കൂടുതലായി കാണുന്നുണ്ടെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. അതിനു കാരണം ഭക്ഷണരീതിയിലെ പ്രശ്നങ്ങൾ തന്നെ. ജങ്ക് ഫുഡിനെ പാടേ മറന്നു പ്രകൃതിയോടും പോഷകങ്ങളോടും ചേർന്നുനിൽക്കുക. മീനും ധാരാളം കഴിക്കാം. അയണിന്റെ അളവു കൂട്ടാൻ കൂടാൻ ഈന്തപ്പഴവും നെല്ലിക്കയും സഹായിക്കും.

വിറ്റാമിൻ ഡി നമ്മളെ വിട്ടിറങ്ങിപ്പോകാതിരിക്കാൻ രാവിലെ വെയിലേറ്റുള്ള പ്രഭാതനടത്തം പതിവാക്കാം. നടക്കാൻ പോകാത്തവർ ഇളവെയിൽ കൊണ്ടു ചെടികൾക്കു വെള്ളമൊഴിക്കുകയെങ്കിലും ചെയ്യണം. മുടികൊഴിച്ചിലിനു മൾട്ടിവിറ്റാമിനുകൾ ഉൾപ്പെടുത്തിയുള്ള ചികിത്സയാണു നൽകുന്നത്. കോവിഡിനുശേഷം കുറച്ചുകാലത്തേക്കെങ്കിലും മുടിയിൽ കെമിക്കൽ ട്രീറ്റ്മെന്റ് ചെയ്യാത്തതാണു നന്ന്.

നീരിളക്കം (urticaria)

കോവിഡ് കാരണമുള്ള നീരിളക്കമാണു മറ്റൊരു പ്രശ്നം. ആട്ടിൻപുഴു വീണാലെന്ന പോലെ ശരീരമാകെ ചൊറിഞ്ഞുതടിക്കുന്നതാണിത്. ചുമന്നു തടിച്ച പാടുകളുണ്ടാകും. അസഹനീയമായ ചൊറിച്ചിലും. തല മുതൽ പാദം വരെ ഇങ്ങനെ വരാം. ചിലർക്കു ശരീരത്തിനുള്ളിലേക്കും നീരിറങ്ങും. ചുണ്ടൊക്കെ ചുവന്നു തടിക്കും. പിന്നാലെ ശ്വാസംമുട്ട്, വയറുവേദന എന്നിവയും വരാം. അതിനാൽ, എത്രയും പെട്ടെന്നു വൈദ്യസഹായം തേടുക. കാലാവസ്ഥയിലെ മാറ്റം ഇതിനെ കൂടുതൽ വഷളാക്കും. മഴയും വെയിലും മാറിമാറി വരുന്ന ഈ സമയത്തു കോവിഡ് കാരണമുള്ള നീരിളക്കത്തെ കൂടുതൽ കരുതലോടെ കാണണം.

- Advertisement -

Leave A Reply

Your email address will not be published.