കളികളില്‍ മുഴുകിയിരിക്കേ മരണം ഉരുള്‍പൊട്ടിയെത്തി; മണ്ണിനടിയിലും കെട്ടിപ്പുണർന്ന് മൂന്നു കുഞ്ഞുങ്ങള്‍
കൊക്കയാർ (മുണ്ടക്കയം ഈസ്റ്റ്): മണ്ണുമാറ്റിയെത്തിയ രക്ഷാപ്രവർത്തകർ ഒന്ന് മുഖംതിരിച്ചു. എളുപ്പമായിരുന്നില്ല ആ കാഴ്ച. മരണത്തിലും വേർപിരിയാതെ കെട്ടിപ്പുണർന്നുകിടന്ന മൂന്നുകുഞ്ഞുങ്ങൾ. കൊക്കയാർ കല്ലുപുരയ്ക്കൽ വീട്ടിൽ അംന (7), അഫ്‌സാര (8), അഹിയാൻ (4) എന്നിവരുടെ മൃതദേഹങ്ങളാണ് മൂന്നുമണിയോടെ കണ്ടെത്തിയത്. ഇവർക്കൊപ്പം അമീൻ എന്ന കുഞ്ഞുകൂടി ഉരുൾപൊട്ടലിൽപ്പെട്ട് വിടപറഞ്ഞു.
കല്ലുപുരയ്ക്കൽ ഫൈസലിന്റെ മക്കളായ അഫ്സാരയും അഹിയാനും ഫൈസലിന്റെ സഹോദരി ഫൗസിയയുടെ മക്കളായ അംനയും അമീനും എന്നത്തെയുംപോലെ മരണത്തിലും ഒരുമിച്ചായി. അമീൻറെയും ഫൗസിയയുടെയും മൃതദേഹങ്ങളും വീട്ടിൽനിന്ന് കിട്ടി.
- Advertisement -
ഞായറാഴ്ച ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ കാഞ്ഞിരപ്പള്ളിയിലെ ഭർത്തൃവീട്ടിൽനിന്നു കൊക്കയാറിലെ വീട്ടിലെത്തിയതായിരുന്നു ഫൗസിയ സിയാദും മക്കളും. പിതാവ് കല്ലുപുരയ്ക്കൽ നസീറും അമ്മ റംലയും ശനിയാഴ്ച രാവിലെ മുണ്ടക്കയത്തെ ആശുപത്രിയിൽ പോയിരിക്കുകയായിരുന്നു. തിരിച്ചുള്ള വഴിയിൽ വെള്ളം ഉയർന്നതിനാൽ വീട്ടിലേക്കെത്താനായില്ല.
ഫൗസിയയുടെ സഹോദരൻ ഫൈസൽ പുറത്തേക്കുപോയെങ്കിലും മക്കളായ അഫ്സാരയും അഹിയാനും വീട്ടിലുണ്ടായിരുന്നു. പുറത്തുനടക്കുന്നതൊന്നുമറിയാതെ നാലുപേരും ചേർന്ന് കളികളിൽ മുഴുകിയിരിക്കുകയായിരുന്നു. ശനിയാഴ്ച വൈകീട്ട് ഏഴുമണിയോടെയാണ് ഉരുൾപൊട്ടിയത്.
വിവാഹവീട് സന്ദർശിക്കാൻ പോകാനിരിക്കുകയായിരുന്നു ഈ കുടുംബം. മഴകുറഞ്ഞശേഷം ആശുപത്രിയിൽനിന്ന് നസീറും റംലയും തിരികെയെത്തിയശേഷം പോകാനായിരുന്നു പദ്ധതി. പക്ഷേ, തിരികെയെത്തിയ അവർ കണ്ടത് വീടിരുന്ന സ്ഥലത്ത് ഒരു ചെളിക്കൂന മാത്രം.
- Advertisement -