Ultimate magazine theme for WordPress.

എല്ലായിടത്തും നിയമലംഘനം; മിഠായിത്തെരുവിൽ ഗുരുതര അവസ്ഥയെന്ന് പോലീസ് റിപ്പോർട്ട്

0

കോഴിക്കോട് : മിഠായിത്തെരുവിൽ തീപ്പിടിത്തമുണ്ടായാൽ ഇനിയും വലിയ ദുരന്തമുണ്ടായേക്കാവുന്നതരത്തിൽ ഗുരുതര അവസ്ഥയാണെന്ന് പോലീസിന്റെ റിപ്പോർട്ട്. ഷോർട്ട് സർക്യൂട്ട് ഉണ്ടാവുന്നരീതിയിൽ കവറിങ് ഇല്ലാതെയാണ് പലയിടത്തും വയറിങ് ചെയ്തിരിക്കുന്നത്. ഫയർ എക്സിറ്റുകളിലും മെയിൻ സ്വിച്ചുകൾക്കു താഴെയുമെല്ലാം സിഗരറ്റ് കുറ്റികളുൾപ്പെടെയുള്ള മാലിന്യങ്ങൾ കൂട്ടിയിട്ടിരിക്കുകയാണ്. മാലിന്യംകൊണ്ട് മെയിൻ സ്വി‌ച്ചുകൾ കാണാൻകഴിയാത്ത സ്ഥിതിയുമുണ്ട്. പലകടകളിലും ഗ്യാസ് അടുപ്പുപയോഗിച്ച് ഭക്ഷണം പാകംചെയ്യുന്നുണ്ട്. മിഠായിത്തെരുവിലെ സാഹചര്യത്തിൽ ഇത് അപകടരമാണെന്നും സിറ്റി സ്പെഷ്യൽ ബ്രാഞ്ച് അസി. കമ്മിഷണർ എ. ഉമേഷ് നൽകിയ റിപ്പോർട്ടിൽ പറയുന്നു.‌ ഒരു തീപ്പൊരിപോലും വലിയ അപകടമുണ്ടാക്കിയേക്കാം.

കെട്ടിടനിർമാണച്ചട്ടത്തിന്റെ ഗുരുതരലംഘനമാണ് നടന്നിട്ടുള്ളത്. ഫയർ എക്സിറ്റുകൾവരെ ചെറിയ കടമുറികളാക്കിമാറ്റിയിട്ടുണ്ട്. ഒരു ലൈസൻസി ഉപയോഗപ്പെടുത്തി രണ്ടും മൂന്നും കടകളാക്കിമാറ്റിയിട്ടുണ്ട്. പലകടകളിലുമുള്ള ഫയർ എക്സ്റ്റ്വിൻഗ്വിഷർ കാലാവധി കഴിഞ്ഞതാണ്. മിക്കകടകളിലെ ജീവനക്കാർക്കും ഉപയോഗിക്കാനറിയില്ല. മൊയ്തീൻപള്ളി റോഡ്, എസ്.എം. സ്ട്രീറ്റ്, കോർട്ട് റോഡ്, താജ്‌റോഡ് തുടങ്ങി നാലുഭാഗങ്ങളായി തിരിച്ചാണ് പരിശോധന നടത്തിയത്.ഇതിൽ മൊയ്തീൻപള്ളി റോഡിലെ ഒയാസിസ് ബസാറിലാണ് ഏറ്റവും അപകടാവസ്ഥ. ഒരു കടയിൽ കൊള്ളാവുന്നതിനേക്കാൾ എത്രയോ ഇരട്ടി സാധനങ്ങളാണ് സൂക്ഷിച്ചിരിക്കുന്നത്.

- Advertisement -

ഇവിടേക്ക് വാഹനങ്ങളും കയറില്ല. മിഠായിത്തെരുവ് നവീകരണം നടന്നപ്പോൾ പലകടകളിലും വയറിങ്ങിലുൾപ്പെടെ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെങ്കിലും പൂർണമല്ല. പഴയ വയറിങ്ങാണ് പലയിടത്തുമുള്ളത്. ഫയർ ഹൈഡ്രന്റുകളും പ്രവർത്തിക്കുന്നില്ല. കടകളിലെ ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും സുരക്ഷയ്ക്ക് മുൻഗണനനൽകി കർശനനിയന്ത്രണങ്ങളേർപ്പെടുത്തണമെന്നും നാനൂറു പേജുള്ള റിപ്പോർട്ടിൽ പറയുന്നു.

- Advertisement -

Leave A Reply

Your email address will not be published.