ഇടുക്കി: വെള്ളിയാഴ്ചയുണ്ടായ ഉരുൾപൊട്ടലും മലവെള്ളപ്പാച്ചിലും പീരുമേട് താലൂക്കിൽ മാത്രം തകർത്തത് 774 വീടുകൾ. കോടിക്കണക്കിനു രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ടെന്നാണ് പ്രഥമിക വിലയിരുത്തൽ. നാശ നഷ്ടം കൃത്യമായി കണക്കാക്കാൻ ഏഴു പ്രത്യേക സംഘങ്ങളെ റവന്യൂ വകുപ്പ് നിയോഗിച്ചു. കൊക്കയാറിലൂടെയും പുല്ലകയാറിലൂടെയും കലിതുള്ളിയൊഴുകി എത്തിയ വെളളവും പലഭാഗത്തായുണ്ടായ വലുതും ചെറുതുമായ ഉരുൾ പൊട്ടലുകളുമാണ് കൊക്കയാർ, പെരുവന്താനും വില്ലേജുകളിൽ വൻ നാശം വിതച്ചത്. 183 വീടുകൾ പൂർണമായും 591 എണ്ണം ഭാഗികമായി തകർന്നെന്നാണ് റവന്യൂവകുപ്പിൻറെ പ്രാഥമിക കണക്ക്.
വീടു തകർന്നുമാത്രമുണ്ടായ നഷ്ടം പതിമൂന്നു കോടി എൺപത്തിരണ്ടു ലക്ഷം രൂപ. കൃഷി നാശം ഉൾപ്പെടെയുള്ളവ കണക്കാക്കി വരുന്നതേയുള്ളൂ. ആറിന്റെ കരയിലുണ്ടായിരുന്ന പല വീടുകളുടെയും സംരക്ഷണ ഭിത്തി ഇടിഞ്ഞു. വീടുകൾ വിള്ളൽ വീണ് ഏതു സമയവും നിലംപൊത്താവുന്ന അവസ്ഥയിലുമാണ്. വീട്ടു സാധനങ്ങളും ഒഴുകിപ്പോയി. ഉടുതുണി മാത്രമായി രക്ഷപെട്ടവരും നിരവധി. കൊക്കയാറിൽ മാത്രം ഏഴു പേർ മരിച്ചു. ഒഴുക്കിൽ പെട്ട ആൻസിയെ ഇനിയും കണ്ടെത്താനായിട്ടില്ല. പെരുവന്താനത്ത് ഒരാളും മരിച്ചു.
- Advertisement -
മരിച്ചവരുടെ കുടുംബത്തിന് അടിയന്തിര സഹായമായി പതിനായിരം രൂപ വീതം കൈമാറി. പരുക്കേറ്റ പതിനൊന്നു പേരിൽ ആറു പേർക്ക് അയ്യായിരം രൂപ വീതം നൽകി. പീരുമേട് താലൂക്കിൽ വീടു നഷ്ടപ്പെട്ട 461 കുടുംബങ്ങളിലെ 1561 പേർ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പിലാണ്. ഒൻപതു ക്യാമ്പുകൾ കൊക്കയാറിലുണ്ട്. ഇവിടെ മാത്രം 1260 പേരും. ആഴങ്ങാട്, ആനചാരി, പെരുവന്താനം, ഉറുമ്പിക്കര എന്നിവിടങ്ങളിലെല്ലാം മഴ നാശം വിതച്ചു. നാശനഷ്ടം കണക്കാക്കാൻ അഞ്ചു പേർ വീതമടങ്ങുന്ന ഏഴു സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്. അഞ്ചു സംഘങ്ങൾ കൊക്കയാറിലെ നഷ്ടം തിട്ടപ്പെടുത്താനാണ്. ഏക്കറുകണക്കിനു സ്ഥലത്തെ കൃഷിയും നശിച്ചു. റോഡുകളും പാലങ്ങളും തകർന്നത് വേറെ. തിങ്കളാഴ്ച ഈ സംഘങ്ങൾ റിപ്പോർട്ട് സമർപ്പിക്കുമ്പോഴേ നാശനഷ്ടം സംബന്ധിച്ച യഥാർത്ഥ കണക്കുകൾ അറിയാൻ കഴിയൂ
- Advertisement -