തിരുവനന്തപുരം: കുഞ്ഞിനെ തിരികെ കിട്ടാൻ അനുപമ ഇന്ന്സെക്രട്ടേറിയേറ്റിന് മുന്നിൽ നിരാഹാരമിരിക്കും. പൊലീസിലും വനിതാകമ്മീഷനിലും പ്രതീക്ഷയില്ലെന്നും അനുപമ പറഞ്ഞു. രാവിലെ പത്തുമുതൽ വൈകിട്ട് അഞ്ച് മണിവരെയാണ് നിരാഹാര സമരം. ദത്തു നടപടികൾക്ക് മുൻപേ തന്നെ കുഞ്ഞിനെ അന്വേഷിച്ച് അനുപമ ഭരണ സംവിധാനങ്ങളെ സമീപിച്ചിരുന്നെങ്കിലും കയ്യൊഴിയുകയായിരുന്നു.
പ്രശ്നത്തിൽ സിപിഎം അടക്കം പ്രതിക്കൂട്ടിൽ നിൽക്കെയാണ് അനുപമ സമരം സെക്രട്ടറിയേറ്റ് പടിക്കലേക്ക് വ്യാപിപ്പിക്കുന്നത്. അനുപമയുടെ കുഞ്ഞിനെ മാതാപിതാക്കൾ വേർപ്പെടുത്തിയ വിഷയം മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയെയും പാർട്ടി നേതാക്കളെയും അറിയിച്ചിരുന്നുവെന്ന് പി കെ ശ്രീമതി ഇന്നലെ വെളിപ്പെടുത്തിയിരുന്നു. അനുപമയ്ക്ക് നീതി ലഭ്യമാക്കുന്നതിലുള്ള ശ്രമങ്ങളിൽ താൻ പരാജയപ്പെട്ടെന്നും സിപിഎം കേന്ദ്രക്കമ്മിറ്റിയംഗം പറഞ്ഞു.
- Advertisement -
മുഖ്യമന്ത്രിയുടെ ഓഫീസിനെയും സിപിഎമ്മിനെയും ഒരു പോലെ വെട്ടിലാക്കുന്നതാണ് പി കെ ശ്രീമതിയുടെ പ്രതികരണം. ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാക്കളോടും സിപിഎമ്മിനോടും കുഞ്ഞിനെ തിരിച്ചു കൊടുക്കാനായില്ലെങ്കിൽ പ്രശ്നങ്ങൾ വഷളാകുമെന്ന് ശ്രീമതി അറിയിച്ചിരുന്നു.
അതീവ ഗൗരവതരമാണ് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം നടത്തിയ വെളിപ്പെടുത്തൽ. പി കെ ശ്രീമതി ഇടപെട്ടിട്ടും വിഷയത്തിൽ പാർട്ടിയുടെ സംരക്ഷണം കിട്ടിയത് അനുപമയുടെ മാതാപിതാക്കൾക്കാണ്. മുഖ്യമന്ത്രിയുടെ ഓഫീസിൽ പൊലീസ് വിഷയങ്ങളിൽ ഇടപെടുന്ന പൊളിറ്റിക്കൽ സെക്രട്ടറി പുത്തലത്ത് ദിനേശനെ അറിയിച്ചിട്ടും പൊലീസ് കേസെടുത്തില്ലെങ്കിൽ പി കെ ശ്രീമതിക്കും മേലെ പാർട്ടിയിൽ നിന്നും മറ്റ് ഇടപെടലുകൾ നടന്നുവെന്നും വ്യക്തം.
- Advertisement -