Ultimate magazine theme for WordPress.

പെഗാസസ് ഫോൺ ചോർത്തൽ അന്വേഷിക്കാൻ കോടതി മേൽനോട്ടത്തിൽ വിദഗ്ദ സമിതി

0

ന്യൂഡൽഹി: പെഗാസസ് ഫോൺ ചോർത്തൽ ആരോപണങ്ങളിൽ സ്വതന്ത്ര വിദഗ്ദ സമിതി രൂപവത്ക്കരിച്ച് പരിശോധിക്കുമെന്ന് സുപ്രീം കോടതി. റിട്ട. ജഡ്ജി ആർ വി രവീന്ദ്രൻ അധ്യക്ഷനായ സമിതിയാകും അന്വേഷണം നടത്തുകയെന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബെഞ്ച് വിധി പ്രസ്താവനയിൽ പറഞ്ഞു. ഈ സമിതി എല്ലാ കാര്യങ്ങളും പരിശോധിക്കും. കോടതിയുടെ മേൽനോട്ടത്തിലാകും സമിതി പ്രവർത്തിക്കുകയെന്നും സുപ്രീം കോടതി വ്യക്തമാക്കി. പെഗാസസ് ഫോൺ ചോർത്തലിൽ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജികളിൽ വിധി പറയുകയായിരുന്നു കോടതി.

കേന്ദ്ര സർക്കാറിന്റെ മേൽനോട്ടത്തിൽ വിദഗ്ദ സമിതി രൂപവത്ക്കരിക്കാമെന്ന ആവശ്യത്തെ എതിർ ഹരജിക്കാൻ കോടതിയിൽ എതിർത്തിരുന്നു. ഇത് അംഗീകരിക്കുന്ന നിലപാടാണ് കോടതിയിൽ നിന്നുണ്ടായത്. വിദഗ്ദ സമിതിക്ക് കോടതി മേൽനോട്ടം നൽകുമെന്ന സുപ്രീം കോടതി വിധി കേന്ദ്ര സർക്കാറിന് തിരിച്ചടിയായിരിക്കുകയാണ്.

- Advertisement -

സമിതി അടിയന്തരമായി പ്രവർത്തനം ആരംഭിക്കണം. എട്ട് ആഴ്ച്ചക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കും. അന്ന് ഇത് സംബന്ധിച്ച് റിപ്പോർട്ട് നൽകണം. രാഷ്ട്രീയ വിഷയങ്ങളിൽ ഇടപെടാൻ കോടതി അഗ്രഹിക്കുന്നില്ല. എന്നാൽ ഭരണഘടനാ തത്വങ്ങൾ ഉയർത്തിപ്പിടിക്കും. പൗരന്റെ സ്വകാര്യത മാനിക്കേണ്ടതുണ്ട്. ഇത് സംരക്ഷിക്കും. അതേ സമയം രാജ്യ സുരക്ഷയും പ്രധാനമാണ്. രാജ്യ സുരക്ഷ പറഞ്ഞ് കോടതിയെ മൂകസാക്ഷിയാക്കാൻ അനുവദിക്കില്ല. സത്യാവസ്ഥ പുറത്തുവരണം. ഇതിനാണ് വിദഗ്ദ സമിതി രൂപവത്ക്കരിക്കുന്നതെന്ന് കോടതി വധി പ്രസ്താവനയിൽ പറഞ്ഞു.

കഴിഞ്ഞ മാസം 13നാണ് ഹരജികളിൽ വാദം പൂർത്തിയാക്കി വിധി പറയാനായി മാറ്റിയത്.ഇസ്റാഈൽ കമ്ബനിയായ എൻ എസ് ഒ നിർമിച്ച പെഗാസസ് സോഫ്‌റ്റ്വെയർ ഉപയോഗിച്ച് രാജ്യത്തെ രാഷ്ട്രീയക്കാർ, സുപ്രീം കോടതി ജഡ്ജിമാർ, കേന്ദ്ര മന്ത്രിമാർ, ഉദ്യോഗസ്ഥർ, മാധ്യമപ്രവർത്തകർ തുടങ്ങിയവരുടെ ഫോൺ ചോർത്തിയെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് കേസ്.

വിഷയം രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ടതാണെന്നും ഇക്കാര്യത്തിൽ നടത്തുന്ന വെളിപ്പെടുത്തൽ ഭീകരവാദികൾക്ക് ഗുണകരമാകുമെന്നുമായിരുന്നു കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ വാദിച്ചത്. എന്നാൽ, രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയങ്ങൾ ആവശ്യപ്പെടുന്നില്ലെന്നും മൗലികാവകാശ ലംഘനം ഉയർത്തിയുള്ള ഹരജികളാണ് മുന്നിലുള്ളതെന്നും കോടതി വ്യക്തമാക്കിയിരുന്നു

 

- Advertisement -

Leave A Reply

Your email address will not be published.