മുംബൈ: ഷാരൂഖ് ഖാനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്ന ആരോപണത്തിൽ എൻസിബി സോണൽ ഡയറക്ടർ സമീർ വാംഗഡെയ്ക്ക് എതിരെ മുംബൈ പൊലീസ് അന്വേഷണം തുടങ്ങി. എസിപി റാങ്കിലുള്ള ഉദ്യോഗസ്ഥനെ അന്വേഷണത്തിനായി ചുമതലപ്പെടുത്തി. മുംബൈയിലെ അഞ്ച് സ്റ്റേഷനുകളിൽ പരാതികൾ ലഭിച്ച സാഹചര്യത്തിലാണ് മുംബൈ പൊലീസ് സമീർ വാംഗഡെയ്ക്ക് എതിരെ അന്വേഷണം തുടങ്ങിയത്. അതേസമയം സമീറിനെ ചോദ്യം ചെയ്യാനായി എൻസിബിയുടെ വിജിലൻസ് സംഘവും മുംബൈയിലെത്തി. സമീർ വാംഗഡെയെ ഇന്ന് തന്നെ സംഘം ചോദ്യം ചെയ്‌തേക്കും.
സമീറിനെതിരെ വെളിപ്പെടുത്തൽ നടത്തിയ ആര്യൻ കേസിലെ സാക്ഷിയായ പ്രഭാകർ സെയ്‌ലിൻറെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിക്കഴിഞ്ഞു. പ്രഭാകർ സെയ്‌ലിനോടും എൻസിബി ഓഫീസിൽ എത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രഭാകർ പറഞ്ഞത് പ്രകാരം ഷാരൂഖ് ഖാൻറെ മാനേജറെ ഇടനിലക്കാർ കണ്ട സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചു.
- Advertisement -
ഒളിവിൽ പോയ കേസിലെ സാക്ഷിയായ കിരൺ ഗോസാവിക്കായും തെരച്ചിൽ തുടങ്ങി. അതേസമയം സമീറിൻറെ ഫോൺ രേഖകൾ പരിശോധിക്കണമെന്ന് എൻസിപി മന്ത്രി നവാബ് മാലിക്ക് ആവശ്യപ്പെട്ടു. പ്രതികളുമായുള്ള സമീറിൻറെ ബന്ധം ഇതിലൂടെ വ്യക്തമാവുമെന്നും അദ്ദേഹം പറഞ്ഞു. ആര്യൻ ഖാൻറെ ജാമ്യാപേക്ഷയിൽ ഇന്ന് ബോബെ ഹൈക്കോടതിയിൽ വാദം തുടരും.
- Advertisement -