സിനിമാപ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘മരക്കാർ: അറബിക്കടലിൻറെ സിംഹം’. മലയാളമുൾപ്പെടെ അഞ്ച് ഭാഷകളിൽ ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ 2020 മാർച്ച് 26ന് എത്തുമെന്ന് പ്രഖ്യാപിക്കപ്പെട്ട ചിത്രത്തിൻറെ റിലീസ്, കൊവിഡ് കാരണത്താൽ പലവട്ടം മാറ്റിവെക്കേണ്ടിവന്നിരുന്നു. ചിത്രം ഒടിടി റിലീസ് ആയി പ്രേക്ഷകരിലെത്തിക്കാനുള്ള ചർച്ചകളും അണിയറയിൽ നടക്കുകയാണ്. ഈ അവസരത്തിൽ മരക്കാർ ഒടിടി റിലീസ് മാറ്റണമെന്ന ആവശ്യവുമായി ഫിലിം ചേമ്പർ രംഗത്തെത്തിയിട്ടുണ്ട്.
തിയറ്റർ ഉടമകളുടെ ആവശ്യപ്രകാരമാണ് വിഷയത്തിൽ ഫിലിം ചേമ്പർ ഇടപെട്ടിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ നടൻ മോഹൻലാൽ, നിർമതാവ് ആന്റണി പെരുമ്പാവൂർ എന്നിവരോട് ചേമ്പർ പ്രസിഡന്റ് ജി സുരേഷ്‌കുമാർ ചർച്ച നടത്തും. രണ്ട് ദിവസം മുമ്പ് മരക്കാർ ഡയറക്റ്റ് ഒടിടി റിലീസിന് പരിഗണിക്കുന്നുവെന്ന് ആന്റണി പെരുമ്പാവൂർ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
- Advertisement -
ആമസോൺ പ്രൈമും ആയി ചർച്ച നടത്തിയെന്നും ഈ വർഷം തന്നെ റിലീസ് ഉണ്ടായേക്കുമെന്നും ആന്റണി പെരുമ്പാവൂർ പറഞ്ഞിരുന്നു. 50% സീറ്റിങ് കപ്പാസിറ്റി വച്ച് റിലീസ് ചെയ്താൽ ലാഭകരമാകുമോ എന്നതിലാണ് ആശങ്ക. റിലീസിനായി അധികം കാത്തിരിക്കേണ്ടി വരില്ലെന്നും ആന്റണി വ്യക്തമാക്കിയിരുന്നു.
മോഹൻലാൽ കുഞ്ഞാലി മരക്കാരായി എത്തുന്ന ചിത്രം പ്രഖ്യാപന സമയം മുതൽ പ്രേക്ഷകരിൽ ആകാംക്ഷ ഉണർത്തിയ ഒന്നാണ്. പ്രണവ് മോഹൻലാൽ, അർജുൻ, സുനിൽ ഷെട്ടി, പ്രഭു, മഞ്ജു വാര്യർ, സുഹാസിനി, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ, ഫാസിൽ, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെൻറ്, അശോക് സെൽലൻ തുടങ്ങിയവർ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നു. സാബു സിറിൾ ആണ് പ്രൊഡക്ഷൻ ഡിസൈൻ. ഛായാഗ്രഹണം തിരു. പ്രിയദർശനും അനി ഐ വി ശശിയും ചേർന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. എഡിറ്റിംഗ് അയ്യപ്പൻ നായർ എം എസ്. സംഘട്ടനം ത്യാഗരാജൻ, കസു നെഡ. ചമയം പട്ടണം റഷീദ്.
- Advertisement -