തിരക്ക് പിടിച്ച കരിയറാണെങ്കിൽ, അതിനൊപ്പം കുടുംബത്തെ കൂടി കൊണ്ടുപോവുകയെന്നത് ഏറെ വിഷമതയുള്ള കാര്യം തന്നെ. എന്നാൽ ധാരണയുള്ളൊരു പങ്കാളി കൂടെയുണ്ടെങ്കിൽ ഇക്കാര്യം എളുപ്പമായിത്തീരും. അത് സ്ത്രീയോ പുരുഷനോ ആകാം. എന്തായാലും ഈ വിഷയത്തിൽ ഏറെ ഭാഗ്യം ചെയ്തയാളാണ് ഫുട്ബോൾ താരം ക്രിസ്റ്റിയാനോ റൊണാൾഡോ എന്നാണ് ആരാധകർക്കിടയിലെ അഭിപ്രായം. റൊണാൾഡോയുടെ പങ്കാളിയായ ജോർജിന റോഡ്രിഗസ് എല്ലായ്പോഴും ശക്തമായ പിന്തുണയായി റൊണാൾഡോയ്ക്കൊപ്പം നിൽക്കാറുണ്ടെന്നും, താരത്തിന്റെ കരിയറിലെ വിജയങ്ങളിലെല്ലാം ജോർജിനയ്ക്കും കൃത്യമായ പങ്കുണ്ടെന്നുമാണ് ആരാധകർ പറയാറുള്ളത്.
റൊണാൾഡോയ്ക്ക് ആകെ നാല് മക്കളാണുള്ളത്. രണ്ട് പെൺകുട്ടികളും രണ്ട് ആൺകുട്ടികളും. ഇതിൽ ഒരു പെൺകുട്ടിയെ മാത്രമാണ് ജോർജിന പ്രസവിച്ചത്. മറ്റ് മൂന്ന് കുട്ടികളും വാടക ഗർഭധാരണത്തിലൂടെയാണ് ജനിച്ചത്. നാല് മക്കളിൽ രണ്ട് പേർ ഇരട്ടകളാണ്. ഇനിയിതാ വീണ്ടും ഇരട്ടകൾക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് തങ്ങളെന്ന് അറിയിച്ചിരിക്കുകയാണ് റൊണാൾഡോ. തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് റൊണാൾഡോ ഈ വിവരം അറിയിച്ചിരിക്കുന്നത്.
- Advertisement -
ജോർജിനയ്ക്കൊപ്പം സ്‌കാനിംഗ് റിപ്പോർട്ടിലെ ചിത്രങ്ങൾ പിടിച്ച് കിടക്കുന്ന റൊണാൾഡോയാണ് ഇൻസ്റ്റഗ്രാം ഫോട്ടോയിലുള്ളത്. ‘ഞങ്ങൾ ഞങ്ങളുടെ ഇരട്ടക്കുഞ്ഞുങ്ങൾക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണെന്ന് അറിയിക്കുന്നതിൽ ഏറെ സന്തോഷം തോന്നുന്നു. ഞങ്ങളുടെ ഹൃദയം മുഴുവനായി സ്നേഹം കൊണ്ട് നിറഞ്ഞിരിക്കുന്നു. അവരെ കാണാനായി കാത്തിരിക്കുന്നു…’- റൊണാൾഡോ കുറിച്ചു.
- Advertisement -