ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ രണ്ട് സ്പിൽവേ ഷട്ടറുകൾ തുറന്നെങ്കിലും അധിക ജലം ഒഴുകിയെത്താത്ത സാഹചര്യത്തിൽ ഇടുക്കി ഡാം അടിയന്തരമായി തുറക്കേണ്ടതില്ലെന്ന് കെഎസ് ഇബി അധികൃതർ. മുല്ലപ്പെരിയാറിൽ നിന്നുള്ള ജലം ഉൾകൊള്ളാനുള്ള പര്യാപ്തത നിലവിൽ ഡാമിനുണ്ട്.അതിനാൽ ആശങ്ക വേണ്ടെന്നും മുൻകരുതലിന്റെ ഭാഗമായാണ് റെഡ് അലർട് പ്രഖ്യാപിച്ചതെന്നും ഇടുക്കി ഡാം അസിസ്റ്റന്റ് എഞ്ചിനീയർ പി ബി സാജു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഇന്ന് രാവിലെ 7.30 ഓടെയാണ് മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സ്പിൽവേകൾ തുറന്നത്. 3,4 സ്പിൽവേ ഷട്ടറുകൾ ആണ് 30 സെന്റി മീറ്റർ വീതം ഉയർത്തിയത്. സെക്കന്റിൽ 534 ഘന അടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കിവിടുന്നത്. 2335 ഘന അടി വെള്ളം തമിഴ്‌നാട് കൊണ്ടുപോകുന്നുണ്ട്. ആദ്യമെത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന വള്ളക്കടവിൽ വെള്ളമെത്തി. എന്നാൽ നിലവിൽ കാര്യമായി ജലനിരപ്പ് ഉയർന്നിട്ടില്ല. ഇത് വലിയ ആശ്വാസകരമാണെന്നാണ് പ്രദേശ വാസികളും പ്രതികരിക്കുന്നത്. പെരിയാറിന്റെ ജലനിരപ്പിൽ വലിയ മാറ്റം ഇതുവരെയില്ല. ജല നിരപ്പ് ഉയരുമെന്നതിനാൽ മുനകരുതലിന്റെ ഭാഗമായി പ്രദേശത്ത് നിന്നും ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.
- Advertisement -
മുല്ലപ്പെരിയാറിന്റെ സ്പിൽവേ ഷട്ടറുകൾ തുറന്ന സാഹചര്യത്തിൽ കേരളാ റവന്യൂ – ജല വകുപ്പ് മന്ത്രിമാർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. തമിഴ്‌നാട് ഉദ്യോഗസ്ഥരുമായി ആശയ വിനിമയം നടക്കുന്നുണ്ടെന്നും സ്ഥിതിഗതികൾ വിലയിരുത്തുകയാണെന്നും റവന്യു മന്ത്രി കെ രാജൻ അറിയിച്ചു. മഴ ശക്തമായേക്കാമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അതനുസരിച്ചുള്ള ക്രമീകരണങ്ങളും നടത്തിയിട്ടുണ്ട്. ആശങ്ക വേണ്ട എന്നാൽ അതീവ ജാഗ്രത വേണമെന്നും മന്ത്രി അറിയിച്ചു.
- Advertisement -