Ultimate magazine theme for WordPress.

പ്രതിപക്ഷ നേതാവിൻറെ സുരക്ഷ കുറച്ചത് പിണറായി വിജയൻറെ അൽപത്തരം: കെ സുധാകരൻ

0

തിരുവനന്തപുരം: പ്രതിപക്ഷ നേതാവിൻറെ സുരക്ഷ കുറച്ചത് പിണറായി വിജയൻറെ അൽപത്തരമാണെന്ന് കെപിസിസി പ്രസിഡൻറ് കെ സുധാകരൻ. നരേന്ദ്ര മോദിയുടെ ഭക്തനായ മുഖ്യമന്ത്രിയിൽ നിന്ന് തങ്ങൾ പ്രതീക്ഷിച്ചത് തന്നെയാണ് സംഭവിച്ചതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. വിഡി സതീശൻറെ സുരക്ഷ ഇസഡ് കാറ്റഗറിയിൽ നിന്ന് വൈ പ്ലസിലേക്ക് മാറ്റിയെന്ന വാർത്തയ്ക്ക് പിന്നാലെയാണ് സുധാകരൻ മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി രംഗത്തെത്തിയത്.

പൊതുജനങ്ങൾക്കിടയിൽ ഇറങ്ങാൻ പിണറായി വിജയന് നൂറു കണക്കിന് പോലീസുകാരുടെയും പാർട്ടി ഗുണ്ടകളുടെയും അകമ്പടി വേണമായിരിക്കും. എന്നാൽ പ്രതിപക്ഷ നേതാവടക്കമുള്ള കോൺഗ്രസ് നേതാക്കൾക്ക് ജനങ്ങൾക്കിടയിലിറങ്ങാൻ ഭയമില്ല. കാരണം ഞങ്ങളുടെ കൈകളിൽ പാവങ്ങളുടെ രക്തക്കറ പുരണ്ടിട്ടില്ല. ജനം ആക്രമിക്കുമെന്ന് പിണറായി വിജയനെ പോലെ ഞങ്ങൾക്ക് ഭയമില്ലെന്നും സുധാകരൻ പറഞ്ഞു.

- Advertisement -

‘പണ്ട് വിഴിഞ്ഞം കടപ്പുറത്തു നിന്നും ഭോപ്പാലിൽ നിന്നും ഒക്കെ മുഖ്യമന്ത്രി ഭയന്നോടുന്നത് മലയാളികൾ കണ്ടിട്ടുണ്ട്. കോൺഗ്രസ് സർക്കാർ നൽകിയ പോലീസ് കാവലിൽ മംഗലാപുരത്ത് പ്രസംഗിക്കുന്നതും നമ്മൾ കണ്ടു. സംഘ പരിവാറിനെതിരെയും കൂട്ടുകക്ഷികളായ സിപിഎമ്മിനെതിരെയും സംസാരിക്കുവാനും പ്രവർത്തിക്കുവാനും പോലീസിൻറെ പിൻബലം കോൺഗ്രസിനാവശ്യമില്ല.’ കെപിസിസി അധ്യക്ഷൻ ഫേസ്ബുക്കിൽ കുറിച്ചു.

പ്രതിപക്ഷ നേതാവ് എന്ന മഹത്തായ സ്ഥാനത്തെ, അവഹേളിക്കുന്ന നടപടിയാണ് പിണറായി സ്വീകരിച്ചിരിക്കുന്നതെന്നും കെ സുധാകരൻ വിമർശിച്ചു. ‘നിയമസഭയിൽ ഭരണപക്ഷത്തെ വിറപ്പിച്ചു നിർത്തിയിരിക്കുന്ന പ്രതിപക്ഷം ഇതുകൊണ്ടൊന്നും തളരില്ല. അഴിമതി വീരൻമാരായ പിണറായിയുടെയും സംഘത്തിൻറെയും കൊള്ളരുതായ്മകൾ പ്രതിപക്ഷവും പ്രതിപക്ഷനേതാവും കൂടുതൽ ശക്തമായി ചൂണ്ടിക്കാണിച്ചിരിക്കും. കാക്കിയിട്ടവരുടെ കാവൽ ഉണ്ടെങ്കിലും ഇല്ലെങ്കിലും!’ സുധാകരൻ പറഞ്ഞു.

പ്രതിപക്ഷ നേതാവിൻറെ സുരക്ഷ വൈ പ്ലസിലേക്ക് മാറ്റുന്നതോടെ അഞ്ച് ഗൺമാന്മാരുണ്ടായിരുന്നത് രണ്ടായാണ് കുറയുന്നത്. നേരത്തെ രവിപൂജാരിയുടെ വധഭീഷണിയെത്തുടർന്നായിരുന്നു പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തലയ്ക്ക് ഇസഡ് കാറ്റഗറി സുരക്ഷ ഏർപ്പെടുത്തിയത്. പിന്നീട് വിഡി സതീശൻ പ്രതിപക്ഷ നേതാവായി വന്നതോടെ ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി ഉത് പുനഃപരിശോധിച്ചതെന്നാണ് റിപ്പോർട്ട്.

- Advertisement -

Leave A Reply

Your email address will not be published.