‘സമരപന്തൽ പൊളിച്ചാൽ സർക്കാർ ഓഫീസുകൾക്ക് മുന്നിൽ കുടിൽ കെട്ടി സമരം’, മുന്നറിയിപ്പ് നൽകി രാകേഷ് ടിക്കായ്ത്ത്
ദില്ലി: ഗാസിപ്പൂർ, തിക്രി അതിർത്തികളിലെ ഗതാഗത തടസം പൊലീസ് നീക്കിയോടെ സമരം ചെയ്യുന്ന കർഷകരെ ഒഴിപ്പിക്കുമെന്ന ആഭ്യൂഹം ശക്തമായി.ദേശീയ പാത ഉപരോധിച്ചുള്ള സമരത്തിനെതിരെ സുപ്രീം കോടതി വടി എടുത്തതോടെയാണ് ബാരിക്കേഡുകൾ പൊലീസ് എടുത്ത് മാറ്റിയത്. ഗാസിപ്പൂരിൽ ദേശീയ പാതയിലെ രണ്ട് വരിയും, തിക്രിയിൽ അടിയന്തരപാതയും സജ്ജമാക്കി.
പൊലീസിന്റെ ഈ നടപടിക്ക് പിന്നാലെ കർഷകരുടെ ടെന്റുകളും പൊളിച്ച് നീക്കുമെന്ന ആഭ്യൂഹം ശക്തമാകുകയാണ്. ഉപരോധക്കാരെ ഒഴിപ്പിച്ച് ഹരിയാന, യുപി എന്നിവിടങ്ങളിലേക്കുള്ള യാത്ര സുഗമമാക്കുമെന്ന് ദില്ലി പൊലീസും അറിയിച്ചു. ഇതോടെ ശക്തമായി പ്രതികരിച്ച് കർഷകനേതാക്കളും രംഗത്തെത്തി. സമരപന്തലുകൾ പൊളിച്ചാൽ സർക്കാർ ഓഫീസുകൾക്കും പൊലീസ് സ്റ്റേഷനുകൾക്കും മുന്നിൽ കുടിൽ കെട്ടുമെന്ന് രാകേഷ് ടിക്കായത്ത് പ്രതികരിച്ചു.
- Advertisement -
ചൊവ്വാഴ്ച്ച ചേരുന്ന സംയുക്ത കിസാൻ മോർച്ച യോഗം ഇക്കാര്യം ചർച്ച ചെയ്യും. ദില്ലിയിലേക്കുള്ള പാതകൾ തുറന്നതോടെ സമരവുമായി പാർലമെന്റിലേക്ക് നീങ്ങണമെന്നാണ് ഒരു സംഘം സംഘടനകളുടെ ആവശ്യം. ഗാസിപ്പൂരിലെ സമരപ്പന്തലുകൾ ഒഴിപ്പിക്കുന്ന കാര്യത്തിൽ കർഷകരുമായി ചർച്ച നടത്തുമെന്ന് ഗാസിയാബാദ് ജില്ലാ ഭരണകൂടം അറിയിച്ചു.
- Advertisement -