കൊച്ചി: നടൻ ജോജുവിന്റെ വാഹനം തകർത്ത കേസിലെ പ്രതികൾക്കായി തെരച്ചിൽ തുടർന്ന് പൊലീസ്. കേസിലെ ഒരു പ്രതിയെ മാത്രമാണ് ഇതുവരെ പൊലീസിന് പിടികൂടാൻ കഴിഞ്ഞിട്ടുള്ളത്. മറ്റുള്ളവർ രണ്ട് ദിവസമായി വീട്ടിൽ നിന്ന് മാറി നിൽക്കുകയാണ്. ഇവരുടെ മൊബൈൽ ടവർ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്. മുൻ മേയർ ടോണി ചമ്മണി ഉൾപ്പെടെയുള്ള ഏഴ് പേരെയാണ് ഇനി പിടികൂടാനുള്ളത്. ഇവർക്കായി മുൻകൂർ ജാമ്യാപേക്ഷ നൽകുന്ന കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടാകും.
കീഴടങ്ങിയ ശേഷം നിയമ നടപടികളുമായി മുന്നോട്ട് പോകാനും പാർട്ടിക്കുള്ളിൽ ആലോചനയുണ്ട്. അതേസമയം, ജോജുവിനെതിരായ പരാതിയിൽ കേസെടുക്കാത്തതിൽ പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങുകയാണ് കോൺഗ്രസ്. ജില്ലാ തലത്തിൽ പ്രതിഷേധ പരിപാടി സംഘടിപ്പിക്കാനാണ് തീരുമാനം. സംഭവസമയത്ത് ജോജു മാസ്‌ക്ക് ധരിച്ചിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടി യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊച്ചി ഡിസിപിക്ക് പരാതിയും നൽകിയിട്ടുണ്ട്.
- Advertisement -
വൈറ്റിലയിലെ ഹൈവേ ഉപരോധത്തിനിടെയുണ്ടായ സംഭവ വികാസങ്ങളിൽ നിലവിൽ രണ്ട് കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വാഹനം തല്ലിതകർത്ത് ആക്രമിക്കാൻ ശ്രമിച്ചെന്ന ജോജുവിന്റെ പരാതിയിൽ എട്ട് പേർക്കെതിരെയും വഴി തടയൽ സമരവുമായി ബന്ധപ്പെട്ട് 30 പേർക്കെതിരെയുമാണ് ജാമ്യമില്ലാ വകുപ്പനുസരിച്ച് കേസെടുത്തിരിക്കുന്നത്. വഴിതടയൽ സമരത്തിനെതിരായ കേസിൽ ഡിസിസി പ്രസിഡൻറ് മുഹമ്മദ് ഷിയാസാണ് ഒന്നാം പ്രതി. രണ്ടാം പ്രതി വി ജെ പൗലോസ്, മൂന്നാംപ്രതി കൊടിക്കുന്നിൽ സുരേഷാണ്.
- Advertisement -