തിരുവനന്തപുരം:ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ട് കെഎസ്ആർടിസിയിലെ അംഗീകൃത ട്രേഡ് യൂണിയനുകൾ സൂചന പണിമുടക്ക് തുടരുകയാണ്. ഭരണാനുകൂല സംഘടനയായ എംപ്‌ളോയീസ് അസോസിയേഷനും ,ബിഎംഎസിൻറെ എംപ്‌ളോയീസ് സംഘും 24 മണിക്കൂർ പണിമുടക്കാണ് പ്രഖ്യാപിച്ചിരിക്കുന്നത്.ഐഎൻടിയുസി നേതൃത്വത്തിലുള്ള ടിഡിഎഫ് 48 മണിക്കൂർ പണിമുടക്കും.
സമരത്തെ നേരിടാൻ ഡയസ്‌നോൺ ബാധമാക്കി ഉത്തരവിറക്കിയിരുന്നു. ഇന്നും നാളെയും ജോലിക്ക് എത്താത്തവരുടെ ശമ്പളം പിടിക്കും. എന്നാൽ ഇതിനെ തള്ളിയാണ് യൂണിയനുകൾ സമരവുമായി മുന്നോട്ട് പോകുന്നത്.
- Advertisement -
ഭരണ പ്രതിപക്ഷ ട്രേഡ് യൂണിയനുകൾ പണിമുടക്കിയതോടെ കെഎസ്ആർടിസി സർവ്വീസുകൾ പൂർണമായി നിലച്ചിരിക്കുകയാണ്. കെഎസ്ആർടിസിയിലെ ശമ്പള പരിഷ്‌കരണ കരാറിൻറെ കാലാവധി 2016 ഫെബ്രുവരിയിൽ അവസാനിച്ചതാണ്. 5 വർഷം പിന്നിടുമ്പോഴും ശമ്പളപരിഷ്‌കരണം വാക്കിലൊതുങ്ങുകയാണെന്നാണ് അംഗീകൃത ട്രേഡ് യൂണിയനുകളുടെ കുറ്റപ്പെടുത്തൽ. ജൂൺ മാസത്തിൽ ശമ്പള പരിഷ്‌കരണം നടപ്പാക്കുമെന്ന മുഖ്യമന്ത്രിയുടെ വാഗ്ദാനം പാഴായി. ഗതാഗതമന്ത്രിയുമായി നടത്തിയ ചർച്ച കൂടി പരാജയപ്പെട്ട സാഹചര്യത്തിലാണ് പണിമുടക്ക് തുടങ്ങിയതെന്ന് ട്രേഡ് യൂണിയനുകൾ അറിയിച്ചു.
എന്നാൽ ജീവനക്കാരുടെ ആവശ്യങ്ങൾ തള്ളിയിട്ടില്ലെന്ന് ഗതാഗതമന്ത്രി പറയുന്നത്. ശമ്പള പരിഷ്‌കരണം സർക്കാരിന് പ്രതിമാസം 30 കോടിയോളം രൂപയുടെ അധിക ബാധ്യതയുണ്ടാക്കും. ധനമന്ത്രിയും മുഖ്യമന്ത്രിയുമായി ഇതേക്കുറിച്ച് ചർച്ച ചെയ്യാൻ സാവകാശം തേടിയപ്പോൾ സർക്കാരിനെ മുൾമുനയിൽ നിർത്തി പണിമുടക്ക് പ്രഖ്യാപിച്ചത് ശരിയല്ലെന്നും ഗതാഗത മന്ത്രി കുറ്റപ്പെടുത്തി.
- Advertisement -