പണിമുടക്കിൽ വലഞ്ഞ് ജനം, കെഎസ്ആർടിസിയെ അവശ്യ സർവ്വീസായി പ്രഖ്യാപിക്കുന്നത് പരിഗണിക്കുമെന്ന് ഗതാഗത മന്ത്രി
തിരുവനന്തപുരം: കെ എസ് ആർ ടി സിയെ അവശ്യ സർവ്വീസായി പ്രഖ്യാപികുന്നത് പരിഗണിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ജനങ്ങളെ വലക്കുന്ന പ്രവണത തുടർന്നാൽ ഈ നടപടി സ്വീകരിക്കും. ജനത്തെ വലച്ചുള്ള കെ എസ് ആർ ടി സി യൂണിയനുകളുടെ സമരത്തെ അംഗീകരിക്കാനാകില്ലെന്നും ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു.
ശമ്പളവും പെൻഷനും മുടക്കുന്നില്ല. ശമ്പള വർധന നടപ്പാക്കില്ലെന്നും പറഞ്ഞിട്ടില്ല. പക്ഷേ വർധന ഉണ്ടാകുമ്പോൾ 30 കോടി രൂപയുടെ അധിക ബാധ്യത ഉണ്ടാകും. അത് ചർച്ച ചെയ്ത് തീരുമാനിക്കാനുള്ള കാലാവധിയാണ് ചോദിച്ചത്.
- Advertisement -
കൊവിഡ് കാലത്ത് വരുമാനം ഇല്ലാത്ത മാസങ്ങളിൽ പോലും കെ എസ് ആർ ടി സിയിൽ ശമ്പളം മുടക്കിയില്ല. സർക്കാരിനെ മുൾമുനയിൽ നിർത്തി ജനങ്ങളെ വലച്ചതിൽ യൂണിയനുകൾ ആത്മ പരിശോധന നടത്തണമെന്നും ഗതാഗത മന്ത്രി പറഞ്ഞു.
ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ട് ഭരണ പ്രതിപക്ഷ യൂണിയനുകൾ അർധ രാത്രി മുതൽ തുടങ്ങിയ പണിമുടക്ക് ജനത്തെ നന്നായി വലച്ചു. ഗ്രാമനഗര സർവ്വീസുകളും ദീർഘദൂര ബസുകളും മുടങ്ങി. ജോലിക്കു പോകാൻ പോലുമാകാതെ ജനം ബുദ്ധിമുട്ടി.
- Advertisement -