തിരുവനന്തപുരം: കേരളത്തിൽ ഒഴിവു വരുന്ന രാജ്യസഭാ സീറ്റിലേക്ക് രാജ്യസഭാ ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർത്ഥിയായി ജോസ് കെ.മാണി മത്സരിക്കും. ഇന്ന് ചേർന്ന എൽഡിഎഫ് യോഗം ഒഴിവു വരുന്ന രാജ്യസഭാ സീറ്റ് കേരള കോൺഗ്രസ് എമ്മിന് നൽകാൻ തീരുമാനിച്ചിരുന്നു. പിന്നാലെ ചേർന്ന കേരളാ കോൺഗ്രസ് (എം) പാർട്ടി നേതൃയോഗമാണ് ജോസ് കെ മാണിയെ രാജ്യസഭാ സ്ഥാനാർത്ഥിയായി നിശ്ചയിച്ചത്.
ജോസ് കെ.മാണി മുമ്പ് വഹിച്ചിരുന്ന രാജ്യസഭാംഗത്വത്തിന്റെ തുടർന്നുള്ള കാലാവധിയിലേക്കാണ് തെരഞ്ഞെടുപ്പ് എന്നത് കൂടി പരിഗണിച്ചാണ് അദ്ദേഹത്തെ വീണ്ടും മത്സരിപ്പിക്കാനുള്ള തീരുമാനം. മന്ത്രി റോഷി അഗസ്റ്റിന്റെ വസതിയിൽ ചേർന്ന പാർലമെന്ററി പാർട്ടി യോഗത്തിൽ ചെയർമാൻ ജോസ് കെ.മാണി, തോമസ് ചാഴിക്കാടൻ എം.പി, ഗവൺമെന്റ് ചീഫ് വിപ്പ് ഡോ.എൻ.ജയരാജ്, എം.എൽ.എമാരായ ജോബ് മൈക്കിൾ, പ്രമോദ് നാരായൺ, സെബാസ്റ്റ്യൻ കുളത്തുങ്കൽ എന്നിവർ പങ്കെടുത്തു.
- Advertisement -
മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന എൽ.ഡി.എഫ് യോഗമാണ് രാജ്യസഭാ സീറ്റ് ജോസ് കെ മാണി വിഭാഗത്തിന് നൽകാൻ തീരുമാനമെടുത്തത്. കെ റയിൽ ശബരിമല വിമാനത്താവളം അടക്കം കേരളത്തിന്റെ വികസന പദ്ധതികൾക്ക് എതിരായി കേന്ദ്രം നിൽക്കുന്നു എന്ന പ്രചാരണമുയർത്തി നവംബർ 30 ന് സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിക്കാനും ഇന്ന് ചേർന്ന ഇടത് മുന്നണിയോഗം തീരുമാനിച്ചിട്ടുണ്ട്. ബോർഡ് – കോർപ്പറേഷൻ ചെയർമാൻ സ്ഥാനങ്ങളിലേക്കുള്ള പ്രതിനിധികളെ നൽകാൻ ഘടകക്ഷികൾക്ക് ഇന്ന് സിപിഎം കത്ത് നൽകിയിട്ടുണ്ട്.
- Advertisement -