പത്തനംതിട്ട: സംസ്ഥാനത്ത് പുതിയ മദ്യശാലകൾ അനുവദിക്കുന്നതിനെതിരെ മാർത്തോമ സഭ. സർക്കാർ തീരുമാനം ഉത്കണ്ഠജനകം ആണെന്ന് മാർത്തോമ്മാ മെത്രാപ്പൊലീത്ത പ്രതികരിച്ചു. മദ്യത്തിന് മനുഷ്യനെക്കാൾ പ്രാധാന്യം നൽകുന്നത് വികലമായ നടപടിയാണ്. മദ്യശാലകൾ അനുവദിക്കുന്നതിനുള്ള തീരുമാനത്തിൽ നിന്നും സംസ്ഥാന സർക്കാർ പിൻമാറണമെന്നും മാർത്തോമാ സഭ ആവശ്യപ്പെട്ടു.
മദ്യം മൂലമുള്ള ദുരന്തങ്ങൾ നിരന്തരം ഉണ്ടാകുമ്പോൾ ജീവന് വിലമതിക്കാത്ത ഇത്തരം നടപടികൾ ശരിയല്ലെന്ന് മാർത്തോമ്മാ മെത്രാപ്പൊലീത്ത അഭിപ്രായപ്പെട്ടു. കുടുംബം സമൂഹത്തിൻറെ പ്രധാന കണ്ണി ആയിരിക്കുമ്പോൾ കുടുംബ ബന്ധങ്ങൾക്ക് ശൈഥില്യം വരുത്തുന്ന മദ്യപാനം പ്രോത്സാഹിപ്പിക്കുന്നത് ജനക്ഷേമസർക്കാരുകൾക്ക് അനുയോജ്യമായ കാര്യമല്ല. സാമൂഹിക പ്രശ്‌നങ്ങൾ വർദ്ധിക്കുകയും യുവജനങ്ങൾ മദ്യത്തിന് അടിമകൾ ആകുകയും ചെയ്യുന്നത് സാമൂഹിക ഭദ്രത നശിപ്പിക്കുന്നതാണ്. കൊച്ചുകുട്ടികളുടെ സുരക്ഷിതത്വത്തിനും അവരുടെ ആരോഗ്യകരമായ ജീവിതത്തിനും ഉത്തരവാദിത്തമുള്ള മാതാപിതാക്കൾ മദ്യത്തിന് അടിമകൾ ആകുന്നത് സാമൂഹിക ദോഷ്യമാണെന്നും മാർത്തോമ്മാ മെത്രാപ്പൊലീത്ത പ്രസ്താവനയിൽ അഭിപ്രായപ്പെട്ടു.
- Advertisement -
സാമൂഹിക ക്ഷേമം ലക്ഷ്യമാക്കിയുള്ള നടപടികളാണ് സർക്കാരിൻറെ ഭാഗത്ത് നിന്നും ഉണ്ടാകേണ്ടത്. ജനജീവിതം സംരക്ഷിക്കുകയും സാമൂഹിക ഭദ്രത കാത്തുസൂക്ഷിക്കുകയുമാണ് ജനക്ഷേമ സർക്കാരുകളുടെ കടമ എന്നത് വിസ്മരിക്കരുത്. ആയതിനാൽ, മദ്യശാലകൾ അനുവദിക്കുന്നതിനുള്ള തീരുമാനത്തിൽ നിന്നും സംസ്ഥാന സർക്കാർ പിൻമാറണമെന്നും മാർത്തോമാ സഭ ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് 175 പുതിയ മദ്യവിൽപന ശാലകൾ കൂടി ആരംഭിക്കുന്നത് പരിഗണനയിലെന്നാണ് സർക്കാർ കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചത്. ഇത് സംബന്ധിച്ചുള്ള ബെവ്‌കോയുടെ ശുപാർശ എക്‌സൈസ് വകുപ്പിൻറെ പരിഗണനയിലെന്ന് സർക്കാർ അഭിഭാഷകൻ ഹൈക്കോടതിയെ അറിയിച്ചു. വാക്ക് ഇൻ മദ്യവിൽപന ശാലകൾ തുടങ്ങണമെന്ന കോടതിയുടെ നിർദേശവും സജീവ പരിഗണനയിലാണെന്നാണ് അഭിഭാഷകൻ കോടതിയെ അറിയിച്ചത്.
- Advertisement -