Ultimate magazine theme for WordPress.

പ്രമേഹരോഗികളിൽ ഷുഗർ പെട്ടെന്ന് കുറഞ്ഞുപോയാൽ എന്ത് ചെയ്യണം?

0

ശരീരത്തിന്റെ പ്രധാന ഊർജ സ്രോതസ്സാണ് രക്തത്തിലെ ഷുഗർ അഥവ ഗ്ലൂക്കോസ്. ഒരാളുടെ രക്തത്തിലെ ഷുഗർ നില അസാധാരണമാം വിധം താഴുമ്പോൾ ശരീരത്തിന് കൃത്യമായി പ്രവർത്തിക്കാനാകാത്ത അവസ്ഥയുണ്ടാകും. ഇതാണ് ഹൈപ്പോഗ്ലൈസീമിയ. രക്തത്തിലെ ഷുഗർ നില 70mg/dL ൽ താഴെയാകുമ്പോഴാണ് ഹൈപ്പോഗ്ലൈസീമിയ ഉണ്ടാകുന്നത്.

സാധാരണമാണോ ഹൈപ്പോഗ്ലൈസീമിയ?

- Advertisement -

പ്രമേഹത്തിന് മരുന്ന് കഴിക്കുകയോ ഇൻസുലിൻ എടുക്കുകയോ ചെയ്യുന്ന ടൈപ്പ് 1, ടൈപ്പ് 2 പ്രമേഹബാധിതരിൽ സാധാരണമായി ഹൈപ്പോഗ്ലൈസീമിയ കണ്ടുവരാറുണ്ട്. ഇൻസുലിൻ എടുക്കുന്ന പ്രമേഹരോഗികളിൽ നടത്തിയ ഒരു അന്താരാഷ്ട്ര പഠന ഫലം ‘ഡയബറ്റെസ്, ഒബെസിറ്റി ആൻഡ് മെറ്റബോളിസം ജേണ’ലിൽ പ്രസിദ്ധീകരിച്ചിരുന്നു. ഈ പഠനത്തിൽ പറയുന്നത് ടൈപ്പ് 1 പ്രമേഹം ബാധിച്ച അഞ്ചിൽ നാല് പേർക്കും ടൈപ്പ് 2 പ്രമേഹരോഗികളിൽ 50 ശതമാനം പേർക്കും മാസത്തിൽ ഒരിക്കലെങ്കിലും രക്തത്തിലെ ഷുഗർ നില കുറയുന്നുണ്ടെന്നാണ്.

ഹൈപ്പോഗ്ലൈസീമിയയെ ഭയക്കണോ?

രക്തത്തിൽ ഷുഗർനില ഉയരുന്ന അവസ്ഥയേക്കാൾ(ഹൈപ്പർഗ്ലൈസീമിയ) ഭയക്കേണ്ടത് ഹൈപ്പോഗ്ലൈസീമിയയെയാണ്. കാരണം അഡ്രിനാലിൻ, കോർട്ടിസോൾ തുടങ്ങിയവയൊക്കെ വർധിക്കാൻ ഇത് കാരണമാകും. ഇതുമൂലം ഹൃദയമിടിപ്പ് നിരക്ക്, രക്തസമ്മർദം എന്നിവ ഉയരും. ഇത് ഹൃദ്രോഗമുള്ളവരിൽ ഹാർട്ട് അറ്റാക്കിന് ഇടയാക്കും. ഇതുമാത്രമല്ല, കഠിനമായ ഹൈപ്പോഗ്ലൈസീമിയ മാറി 20 മിനിറ്റിനുള്ളിൽ സാധാരണ നിലയിലെത്തിയില്ലെങ്കിൽ ഇത് മസ്തിഷ്‌കത്തിന് തകരാറുകൾ ഉണ്ടാക്കും.

ഹൈപ്പോഗ്ലൈസീമിയയെ ഭയന്ന് പലപ്പോഴും രോഗികൾ ഇൻസുലിൻ എടുക്കേണ്ട അളവ് കുറയ്ക്കും. ഇത് പ്രമേഹനിയന്ത്രണം ഫലപ്രദമാവാത്ത അവസ്ഥയുണ്ടാക്കും.

ഹൈപ്പോഗ്ലൈസീമിയയുടെ ലക്ഷണങ്ങൾ

തലകറക്കം, വിയർപ്പ്, വിശപ്പ്, ഹൃദയമിടിപ്പ് കൂടുതൽ, ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കാത്ത അവസ്ഥ, ആശയക്കുഴപ്പം, അസ്വസ്ഥത, ഉത്കണ്ഠ, തലവേദന എന്നിവയാണ് പൊതുവേ കണ്ടുവരുന്ന ലക്ഷണങ്ങൾ. ചിലരിൽ അപസ്മാരം, ബോധം നഷ്ടമാവൽ എന്നിവയും ഉണ്ടാകാം.

ചികിത്സ

ഹൈപ്പോഗ്ലൈസീമിയ തിരിച്ചറിഞ്ഞാൽ എത്രയും പെട്ടെന്ന് എന്തെങ്കിലും മധുരം അടങ്ങിയ ഭക്ഷണമോ വെള്ളമോ കഴിക്കണം. ഫ്രഷ് ജ്യൂസോ ഗ്ലൂക്കോസ് പൊടിയോ ആകാം. ഹൈപ്പോഗ്ലൈസീമിയ സംബന്ധിച്ച് കുടുംബാംഗങ്ങൾക്കും സുഹൃത്തുകൾക്കും അറിവ് നൽകണം. ചെറിയ തോതിലുള്ള ഹൈപ്പോഗ്ലൈസീമിയയാണെങ്കിൽ വളരെ എളുപ്പത്തിൽ ചികിത്സിച്ചു മാറ്റാം. ഗുരുതരമായ അവസ്ഥയുണ്ടായാൽ മരണം വരെ സംഭവിക്കാം.

- Advertisement -

Leave A Reply

Your email address will not be published.