Ultimate magazine theme for WordPress.

തീവ്രന്യൂനമർദ്ദം ചെന്നൈ തീരത്തേക്ക് എത്തി, നഗരം വെള്ളത്തിൽ, 14 മരണം സ്ഥിരീകരിച്ച് സർക്കാർ

0

ചെന്നൈ: തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലെ തീവ്ര ന്യൂനമർദ്ദം കഴിഞ്ഞ 6 മണിക്കൂറായി 14 കി.മി വേഗതയിൽ പടിഞ്ഞാറ്-വടക്കു പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് അൽപസമയത്തിനകം തീരം തൊടും. തീവ്ര ന്യൂനമർദ്ദം ഇന്ന് വൈകുന്നേരം അഞ്ചരയ്ക്കും എട്ടരയ്ക്കും ഇടയിലായി വടക്കൻ തമിഴ്‌നാട് – തെക്കൻ ആന്ധ്രാപ്രദേശ് തീരത്ത് കാരയ്ക്കലിനും ശ്രീഹരിക്കോട്ടയ്ക്കും ഇടയിൽ ചെന്നൈയ്ക്ക് സമീപം കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം. അതേസമയം തമിഴ്‌നാട്ടിൽ കരതൊടുന്ന ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറിയെന്നാണ് അമേരിക്കൻ നേവൽ ഏജൻസി അറിയിച്ചിട്ടുണ്ട്. എന്നാൽ തീവ്രന്യൂനമർദ്ദമായി തന്നെ ചെന്നൈയ്ക്ക് സമീപം കരയിൽ പ്രവേശിക്കുമെന്നാണ് കേന്ദ്രകാലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യക്തമാക്കുന്നത്.

കടുത്ത മഴ തുടരുന്ന ചെന്നൈ നഗരത്തിൽ നിലവിൽ പ്രളയഭീഷണി നിലനിൽക്കുകയാണ്. പുതുച്ചേരിയും വെള്ളപ്പൊക്കഭീഷണിയിലാണുള്ളത്. തിരുവള്ളൂർ, റാണിപേട്ട്, വെല്ലൂർ,തിരുപ്പത്തൂർ, തിരുവാൻമലൈ, കാഞ്ചീപുരം,ചെങ്കൽപ്പേട്ട്, കള്ളക്കുറിച്ചി, സേലം എന്നീ ജില്ലകളിലെല്ലാം കനത്ത മഴ തുടരുകയാണ്. വരും മണിക്കൂറുകളിൽ വില്ലുപുരം, കടലൂർ, കൃഷ്ണഗിരി, ധർമപുരി, നാമക്കൽ,പേരമ്പലൂർ, അരിയല്ലൂർ ജില്ലകളിലും വരും മണിക്കൂറുകളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ചെന്നൈയിലേയും സമീപജില്ലകളിലേയും വിദ്യാഭ്യാസ സ്ഥാപനങ്ങൾ കഴിഞ്ഞ നാല് ദിവസമായി അവധിയിലാണ്. അടിയന്തര ആവശ്യങ്ങൾക്ക് മാത്രം പുറത്തിറങ്ങിയാൽ മതിയെന്നും ആളുകൾ വീട്ടിൽ തുടരണമെന്നും സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. ക്രോംപേട്ട് സർക്കാർ ആശുപത്രിയിൽ വെളളം കയറിയതിനെ തുടർന്ന് നൂറിൽ അധികം രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റി.

- Advertisement -

ചെന്നൈ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കേറിയതോടെ വലിയ ജനരോഷമാണ് സർക്കാരിനും ചെന്നൈ കോർപ്പറേഷനും നേരെ ഉയരുന്നത്. 2015-ലെ പ്രളയത്തിന് ശേഷം കൊട്ടിഘോഷിച്ച് കോടികൾ ചിലവാക്കി അഴുക്കുചാൽ നവീകരണ പദ്ധതികൾ നടപ്പാക്കിയിട്ടും സ്ഥിതിഗതികളിൽ മാറ്റമില്ലാത്തതാണ് ജനരോഷമുയരാൻ കാരണം. അഞ്ച് വർഷമായിട്ടും പദ്ധതി അനന്തമായി നീളാൻ കാരണം എഐഎഡിഎംകെ സർക്കാരിന്റെ കഴിവ് കേടാണെന്ന് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ കുറ്റപ്പെടുത്തി. ഈ സർക്കാർ അധികാരത്തിലെത്തി ആറ് മാസത്തിനകം തന്നെ പദ്ധതിയുടെ അറുപത് ശതമാനവും പൂർത്തിയാക്കിയതായും സ്റ്റാലിൻ അവകാശപ്പെട്ടു.

- Advertisement -

Leave A Reply

Your email address will not be published.