Ultimate magazine theme for WordPress.

സ്വാതന്ത്ര്യം ലഭിച്ചത് 2014-ൽ എന്ന പരാമർശം; കങ്കണയുടേത് ഭ്രാന്തോ രാജ്യദ്രോഹമോ എന്ന് വരുൺ ഗാന്ധി

0

മുംബൈ: 2014-ൽ നരേന്ദ്ര മോദി അധികാരത്തിലെത്തിയപ്പോഴാണ് ഇന്ത്യയ്ക്ക് യഥാർത്ഥത്തിൽ സ്വാതന്ത്ര്യം ലഭിച്ചതെന്ന ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ പരാമർശത്തിനെതിരെ രൂക്ഷ പ്രതികരണവുമായി ബി.ജെ.പി എംപി വരുൺ ഗാന്ധി. കങ്കണയുടെ പരാമർശത്തെ ഭ്രാന്ത് എന്നാണോ രാജ്യദ്രോഹമെന്നാണോ വിളിക്കേണ്ടതെന്ന് വരുൺ ഗാന്ധി ചോദിച്ചു. സ്വാതന്ത്ര്യസമര സേനാനികളെ അപമാനിക്കുന്നതാണ് കങ്കണയുടെ പരാമർശമെന്നും അദ്ദേഹം പറഞ്ഞു.

‘ചില സമയത്ത് മഹാത്മാഗാന്ധിയുടെ ത്യാഗങ്ങളെ അപമാനിക്കുന്നു. ചിലപ്പോൾ അദ്ദേഹത്തിന്റെ കൊലയാളിയെ വാഴ്ത്തുന്നു. ഇപ്പോൾ മംഗൾ പാണ്ഡേ മുതൽ റാണി ലക്ഷ്മിഭായി, ഭഗത്സിങ്, ചന്ദ്രശേഖർ ആസാദ്, നേതാജി സുഭാഷ് ചന്ദ്രബോസ് അടക്കം ലക്ഷക്കണക്കിന് സ്വാതന്ത്ര്യസമര സേനാനികളെ അപമാനിക്കുന്നു. ഇതിനെ ഭ്രാന്തെന്നോ, രാജ്യദ്രോഹമെന്നോ ഞാൻ വിളിക്കേണ്ടത്?’, കങ്കണയുടെ വീഡിയോ പോസ്റ്റ് ചെയ്തുകൊണ്ട് വരുൺ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.

- Advertisement -

ഒരു ദേശീയ മാധ്യമത്തിന്റെ വാർഷിക സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കവേയായിരുന്നു കങ്കണ ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തെക്കുറിച്ച് വിവാദ പരാമർശം നടത്തിയത്. 1947-ൽ ലഭിച്ചത് സ്വാതന്ത്ര്യമായിരുന്നില്ലെന്നും അത് ഭിക്ഷയായിരുന്നുവെന്നുമാണ് കങ്കണ പറഞ്ഞത്. 2014-ൽ ആണ് നമുക്ക് യഥാർത്ഥ സ്വാതന്ത്ര്യം ലഭിച്ചതെന്നും കങ്കണ പറഞ്ഞു.

കങ്കണയുടെ പരാമർശത്തിനെതിരേ കോൺഗ്രസും ആംആദ്മി പാർട്ടിയും രംഗത്തെത്തിയിരുന്നു. പരാമർശത്തിന്റെ പേരിൽ എഎപി ദേശീയ എക്സിക്യൂട്ടിവ് ചെയർമാൻ പ്രീതി മേനോൻ മുംബൈ പോലീസിൽ പരാതി നൽകി. ബിജെപിയുടെ കടുത്ത അനുഭാവിയായ കങ്കണയുടെ പരമാർശത്തെ വിമർശിച്ച് ബി.ജെ.പി എംപി തന്നെ രംഗത്തെത്തിയത് വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്.

- Advertisement -

Leave A Reply

Your email address will not be published.