കൊച്ചി : ദുൽഖർ നായകനായെത്തുന്ന ‘കുറുപ്പ്’ സിനിമയുടെ നിർമ്മാതാക്കൾക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി. കുപ്രസിദ്ധ കുറ്റവാളി സുകുമാരക്കുറിപ്പിന്റെ ജീവിതം പ്രമേയമാക്കിയുളള ചിത്രം തടയണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജിയിലാണ് നടപടി. സിനിമ ഇന്ന് തീയേറ്ററുകളിൽ എത്താനിരിക്കെയാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
സെബിൻ തോമസ് എന്ന വ്യക്തിയാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. കുറ്റവാളിയായ സുകുമാരക്കുറിപ്പിന്റെ സ്വകാര്യത ലംഘിക്കപ്പെടുമെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. നിർമ്മാതാക്കൾ കൂടാതെ ഇന്റർപോൾ, കേന്ദ്ര സംസ്ഥാന സർക്കാരുകൾ എന്നിവർക്കും ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. പിടികിട്ടാപ്പുള്ളി സുകുമാരക്കുറിപ്പിന്റെ കഥ പറയുന്ന ചിത്രമാണ് ദുൽഖർ നായകനായെത്തുന്ന കുറുപ്പ്. ശ്രീനാഥ് രാജേന്ദ്രനാണ് സംവിധാനം. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ അഞ്ച് ഭാഷകളിലാണ് ചിത്രത്തിന്റെ റിലീസ്. ചിത്രത്തിന്റെ ട്രെയിലർ വൻ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. തുടർന്ന് സിനിമയുടെ അണിയറ പ്രവർത്തകർ ഉൾപ്പെടെ രംഗത്തെത്തിയതോടെയാണ് ആരാധകർ ചിത്രം ഏറ്റെടുത്തത്.
- Advertisement -
ദുൽഖറിന്റെ ഉടമസ്ഥതയിലുള്ള വേഫറർ ഫിലിംസും എം. സ്റ്റാർ എന്റർടൈൻമെന്റ്‌സും ചേർന്നാണ് ചിത്രം പ്രദർശനത്തിന് എത്തിക്കുന്നത്. 35 കോടിയാണ് ചിത്രത്തിന്റെ മുടക്കുമുതൽ. ജിതിൻ കെ. ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ചെയ്തിരിക്കുന്നത് ഡാനിയേൽ സായൂജ് നായരും കെ.എസ്. അരവിന്ദും ചേർന്നാണ്. കേരളം, അഹമ്മദാബാദ്, മുംബൈ, ദുബായ്, മംഗളുരു, മൈസൂർ എന്നിവിടങ്ങളിലായി ആറു മാസമെടുത്താണ് കുറുപ്പ് ചിത്രീകരിച്ചത്.
- Advertisement -