ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ കോച്ചായി ചുമതലയേറ്റ മുൻ ക്യാപ്റ്റനും ബാറ്റിങ് ഇതിഹാസവുമായ രാഹുൽ ദ്രാവിഡിന്റെ പരിശീലക സംഘത്തിലെ രണ്ടുപേരെ ഉടൻ പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ട്. ബൗളിങ്, ഫീൽഡിങ് കോച്ചുമാരെയാണ് ബിസിസിഐ വൈകാതെ പ്രഖ്യാപിക്കുക. ബൗളിങ് പരിശീലകനായി പരസ് മാംബ്രെയും ഫീൽഡിങ് കോച്ചായി ടി ദിലീപും എത്തുമെന്നാണ് വിവരം. നേരത്തേ മുൻ കോച്ച് രവി ശാസ്ത്രിയുടെ സംഘത്തിലുണ്ടായിരുന്ന ബാറ്റിങ് കോച്ച് വിക്രം റാത്തോർ വീണ്ടും ഈ സ്ഥാനത്തേക്കു അപേക്ഷ നൽകിയിട്ടുണ്ട്. അദ്ദേഹത്തെ തന്നെ ഈ റോളിൽ നിലനിർത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. വിവിധ കോച്ചിങ് പൊസിഷനുകളിലേക്കു അപേക്ഷ നൽകിയിട്ടുള്ളവരുമായി ആർപി സിങ്, സുലക്ഷണ നായിക്ക് എന്നിവരുൾപ്പെട്ട ഉപദേശക സമിതി അഭിമുഖം നടത്തിക്കഴിഞ്ഞതായി ക്രിക്ക്ബസ് റിപ്പോർട്ട് ചെയ്യുന്നു.
ബൗളിങ് കോച്ചായി മാംബ്രെ തന്നെ വരുമെന്ന് നേരത്തേ ഉറപ്പായിരുന്നു. കാരണം ദ്രാവിഡ് ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ ചെയർമാനായി പ്രവർത്തിക്കുമ്‌ബോൾ അദ്ദേഹം അവിടെയുണ്ടായിരുന്നു. പുതിയ കോച്ചായി ദ്രാവിഡ് ചുമതലയേറ്റത്തോടെ എൻസിഎയിൽ തനിക്കൊപ്പം പ്രവർത്തിച്ചവരെ തന്നെ പരിശീലകസംഘത്തിൽ ഉൾപ്പെടുത്താനായിരുന്നു അദ്ദേഹത്തിന്റെ താൽപ്പര്യം. ദ്രാവിഡിന്റെ കൂടി അഭിപ്രായം തേടിയ ശേഷമാണ് പുതിയ സ്റ്റാഫുമാരെ ബിസിസിഐ തിരഞ്ഞെടുക്കുന്നത്. കാലാവധി അവസാനിച്ചതോടെ സ്ഥാനമൊഴിഞ്ഞ ഭരത് അരുണിനു പകരമാണ് മാംബ്രെ പുതിയ ബൗളിങ് കോച്ചാവുക. അതേസമയം, ആർ ശ്രീധറിന്റെ പകരക്കാരനായാണ് ദിലീപ് പുതിയ ഫീൽഡിങ് കോച്ചാവുന്നത്.
- Advertisement -
ഈ വർഷം ശിഖർ ധവാന്റെ ക്യാപ്റ്റൻസിയിൽ ഇന്ത്യയുടെ രണ്ടാംനിര ടീം ശ്രീലങ്കയിൽ ടി20, ഏകദിന പരമ്ബരകളിൽ കളിച്ചപ്പോൾ ദ്രാവിഡ് താൽക്കാലിക കോച്ചിന്റെ റോൾ വഹിച്ചിരുന്നു. ശാസ്ത്രിയും സംഘവും വിരാട് കോലിയുൾപ്പെട്ട ടെസ്റ്റ് ടീമിനോടൊപ്പം ഇംഗ്ലണ്ട് പര്യടനത്തിൽ ആയിരുന്നതിനാലായിരുന്നു ലങ്കയിൽ ദ്രാവിഡിനു താൽക്കാലിക കോച്ചിന്റെ ചുമതല നൽകിയത്. അന്നു അദ്ദേഹത്തിന്റെ പരിശീലക സംഘത്തിലുണ്ടായിരുന്നവരാണ് മാംബ്രെയും ദിലീപും. പുതിയ ഫീൽഡിങ് കോച്ചായി ദിലീപ് വരുന്നത് വലിയ സർപ്രൈസ് തന്നെയാണ്. കാരണം ഈ റോളിൽ നേരത്തേ ആരും സാധ്യത കൽപ്പിക്കാതിരുന്ന വ്യക്തിയാണ് അദ്ദേഹം. ലെവൽ ത്രീ കോച്ചിങ് കോഴ്സ് പാസായിട്ടുള്ള ദിലീപ് നേരത്തേ ഹൈദരബാദ് ടീമിനൊപ്പവും ഇന്ത്യൻ എ ടീമിനോടൊപ്പവും പ്രവർത്തിച്ചിട്ടുണ്ട്.
ന്യൂസിലാൻഡിനെതിരേ 17ന് ആരംഭിക്കാനിരിക്കുന്ന ടി20 പരമ്ബരയ്ക്കു മുന്നോടിയായി 13ന് ജയ്പൂരിൽ റിപ്പോർട്ട് ചെയ്യാനാണ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന കളിക്കാരോടും കോച്ചിങ് സംഘത്തോടും ബിസിസിഐ നിർദേശിച്ചിരിക്കുന്നത്. രോഹിത് ശർമയാണ് പരമ്ബരയിൽ ഇന്ത്യയെ നയിക്കുക. കെഎൽ രാഹുലിനെ പുതിയ വൈസ് ക്യാപ്റ്റനായും നിയമിച്ചിട്ടുണ്ട്.
- Advertisement -