ദില്ലി: ലഖിംപൂർ ഖേരി കേസിൻറെ അന്വേഷണ മേൽനോട്ടത്തിന് റിട്ട. ഹൈക്കോടതി ജഡ്ജിയെ നിയമിക്കണോ എന്നതിൽ സുപ്രീംകോടതി ഇന്ന് തീരുമാനമെടുക്കും. കർഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലും മാധ്യമപ്രവർത്തകനും, രണ്ട് ബിജെപി പ്രവർത്തകരും കൊല്ലപ്പെട്ട കേസിലും ഇപ്പോൾ നടക്കുന്ന അന്വേഷണം പ്രതീക്ഷിച്ച രീതിയിൽ അല്ലെന്നാണ് ഇക്കഴിഞ്ഞ തിങ്കളാഴ്ച കേസ് പരിഗണിച്ചപ്പോൾ കോടതി വിമർശിച്ചത്.
അന്വേഷണത്തിൽ യാതൊരു പുരോഗതിയും ഇല്ലാത്ത സാഹര്യത്തിലാണ് അന്വേഷണ മേൽനോട്ടത്തിന് റിട്ട. ഹൈക്കോടതി ജഡ്ജിയെ ചുമതലപ്പെടുത്താൻ തീരുമാനം. ഇക്കാര്യത്തിൽ ഇന്ന് യുപി സർക്കാർ നിലപാട് അറിയിക്കും. ചീഫ് ജസ്റ്റിസ് എൻവി രമണ അദ്ധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക. ലഖിംപൂർ ഖേരി സംഭവത്തിലെ യുപി പൊലീസിൻറെ അന്വേഷണത്തിൽ പ്രതീക്ഷ നഷ്ടപ്പെടുകയാണെന്നായിരുന്നു സുപ്രീംകോടതിയുടെ നിരീക്ഷണം. കേസിൻറ അന്വേഷണത്തിൽ യുപി പൊലീസ് പ്രതീക്ഷിച്ച രീതിയിലല്ല മുന്നോട്ടുപോകുന്നത്. ഇത്രയും ദിവസമായിട്ടും യുപി പൊലീസ് എന്താണ് ചെയ്യുന്നതെന്നും ചീഫ് ജസ്റ്റിസ് എൻ വി രമണ വിമർശിക്കുകയും ചെയ്തു.
- Advertisement -
പൊലീസ് അന്വേഷണ പുരോഗതി റിപ്പോർട്ട് പരിശോധിച്ചാൽ ഒരു പുരോഗതിയും ഇല്ലെന്ന് വ്യക്തമാണ്. കേസിലെ പ്രതികളിൽ ഒരാളുടെ മൊബൈൽ ഫോൺ മാത്രമാണ് പൊലീസ് പിടിച്ചെടുത്തത്. മറ്റുള്ളവർക്ക് മൊബൈൽ ഇല്ല എന്ന യു പി പൊലീസ് വാദത്തിലും കോടതി സംശയം പ്രകടിപ്പിച്ചു. ഇതോടെയാണ് അന്വേഷണ മേൽനോട്ടത്തിന് റിട്ട ഹൈക്കോടതി ജഡ്ജിയെ നിയമിക്കേണ്ടിവരുമെന്ന നിർദ്ദേശം കോടതി മുന്നോട്ടുവെച്ചത്.
- Advertisement -