തിരുവനന്തപുരം: മുല്ലപ്പെരിയാർ മരം മുറിക്ക് അനുമതി നൽകി ഉത്തരവിറക്കിയത് ഉന്നത ഉദ്യോഗസ്ഥർ അറിഞ്ഞുവെന്നതിന് കൂടുതൽ തെളിവുകൾ പുറത്തായി. മരം മുറി ഉത്തരവിറക്കിയത് ഉന്നത ഉദ്യോഗസ്ഥരുടെ നിർദ്ദേശ പ്രകാരമെന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസ് വ്യക്തമാക്കുന്നു. ഇത് വ്യക്തമാക്കി ബെന്നിച്ചൻ തോമസ് വനം വകുപ്പിന് നൽകിയ കത്ത് കിട്ടി.
ജലവിഭവ വകുപ്പ് അഡിഷണൽ സെക്രട്ടറി മൂന്നു പ്രാവശ്യം യോഗം നടത്തിയെന്ന് കത്തിൽ വ്യക്തമാക്കുന്നുണ്ട്. മരം മുറിക്കുള്ള അനുമതി വേഗത്തിലാകണമെന്ന് നിർദ്ദേശിച്ചു. മരം മുറിക്കാൻ കേന്ദ്രാനുമതി ആവശ്യമില്ലെന്നും ബെന്നിച്ചൻ തോമസ് കത്തിൽ പറയുന്നു.
- Advertisement -
മുല്ലപ്പെരിയാറിലെബേബി ഡാം ബലപ്പെടുത്താൻ 15 മരങ്ങൾ മുറിക്കാൻ കേരളം അനുമതി നൽകിയ ഉത്തരവ് റദ്ദാക്കിക്കൊണ്ട് കഴിഞ്ഞ ദിവസം ഉത്തരവിറക്കിയതിന് പിന്നാലെ വിവാദ ഉത്തരവിറക്കിയ ഉദ്യോഗസ്ഥൻ ബെന്നിച്ചൻ തോമസിനെ സസ്‌പെന്റ് ചെയ്യുകയും ചെയ്തിരുന്നു. മന്ത്രിസഭ അറിയാതെയാണ് ഉത്തരവെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. ചീഫ് വൈൽഡ് ലൈഫ് വാർഡനായ ബെന്നിച്ചൻ തോമസ് ഔദ്യോഗിക കൃത്യനിർവഹണം ലംഘിച്ചുവെന്ന് കണ്ടെത്തിയാണ് സസ്‌പെൻഷൻ നടപടിയെന്നാണ് ഉത്തരവിൽ സർക്കാർ വ്യക്തമാക്കിയത്
ഇതിനിടെ മുല്ലപ്പെരിയാറിലെ മരം മുറിയ്ക്കാനുള്ള ഫയൽ നീക്കം അഞ്ചു മാസം മുമ്പേ തുടങ്ങിയെന്ന് വ്യക്തമാക്കുന്ന രേഖകൾ പുറത്തുവന്നിരുന്നു. തമിഴ്‌നാടിൻറെ മരംമുറി ആവശ്യത്തിൽ തീരുമെടുക്കാൻ മെയ് മാസത്തിലാണ് വനംവകുപ്പിൽ നിന്ന് ഫയൽ ജലവിഭവകുപ്പിലെത്തുന്നതെന്ന് ഇ ഫയൽ രേഖകൾ വ്യക്തമാക്കുന്നു.മരംമുറിയെ കുറിച്ച് ഒന്നുമറിയില്ലെന്ന് വകുപ്പ് മന്ത്രിമാർ പറയുമ്പോഴാണ് ഫയലുകളിൽ ചർച്ചകൾ നടന്നിട്ടുണ്ടെന്ന് വ്യക്തമാകുന്നത്. ഇതിന് പിന്നാലെയാണ് സർക്കാർ നിലപാട് കള്ളമാണെന്ന് വ്യക്തമാകുന്ന ബെന്നിച്ചൻ തോമസിന്റെ കത്തും പുറത്തായത്.
- Advertisement -