കോയമ്പത്തൂർ: അധ്യാപകൻറെ ലൈംഗിക പീഡനത്തെ തുടർന്ന് കോയമ്പത്തൂരിൽ പ്ലസ്ടു വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധം തുടരുന്നു. പീഡനവിവരം പരാതിപെട്ടിട്ടും നടപടിയെടുക്കാതിരുന്ന സ്വകാര്യ സ്‌കൂൾ പ്രിൻസിപ്പലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് വിദ്യാർത്ഥി , വനിതാ സംഘടനകളുടെ നേതൃത്വത്തിൽ രാപ്പകൽ സമരം തുടരുകയാണ്.
പ്രിൻസിപ്പൽ അറസ്റ്റിലായ ശേഷമേ മകളുടെ മൃതദേഹം ഏറ്റുവാങ്ങൂ എന്ന നിലപാടിലാണ് രക്ഷിതാക്കൾ. ഇന്നലെ രാത്രി കളക്ടർ ബന്ധുക്കളുമായി ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. പെൺകുട്ടിയെ പീഡിപ്പിച്ച അധ്യാപകനെ ഇന്നലെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. പ്രിൻസിപ്പലിനെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. സ്‌പെഷ്യൽ ക്ലാസിനെന്ന പേരിൽ വിളിച്ചുവരുത്തി നിരന്തരം ലൈംഗികചൂഷണം നടത്തിയതിനെത്തുടർന്നാണ് വിദ്യാർത്ഥി ജീവനൊടുക്കിയത്. സംഭവം മൂടിവയ്ക്കാൻ ശ്രമിച്ച സ്‌കൂൾ പ്രിൻസിപ്പലിനേയും അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ടാണ് വിദ്യാർത്ഥി, വനിതാ സംഘടനകളുടെ പ്രതിഷേധം തുടരുന്നത്.
- Advertisement -
കഴിഞ്ഞ വ്യാഴാഴ്ചയാണ് മാനസിക സമ്മർദ്ദം താങ്ങാനാകാതെ കുട്ടി ജീവനൊടുക്കിയത്. വാട്‌സാപ്പ് മെസേജുകളയച്ച് സൗഹൃദം സ്ഥാപിച്ചതിന് ശേഷം സ്‌പെഷ്യൽ ക്ലാസിനെന്ന പേരിൽ വിളിച്ചുവരുത്തിയാണ് അധ്യാപകൻ വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്തത്. മാസങ്ങളോളം കുട്ടിയെ ഇയാൾ ലൈംഗികമായി ചൂഷണം ചെയ്തു. ലൈംഗിക ചൂഷണ വിവരം പുറത്തുവന്നതോടെ അധ്യാപകന്റെ അറസ്റ്റിനായി വിദ്യാർത്ഥി, വനിതാ സംഘടനകൾ പ്രക്ഷോഭം തുടങ്ങി. കസ്റ്റഡിയിലായ അധ്യാപകൻറെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തി. കോടതിയിൽ ഹാജരാക്കിയ ഇയാളെ കോയമ്പത്തൂർ സെൻട്രൽ ജയിലിൽ റിമാൻഡ് ചെയ്തു.
പീഡനവിവരം പ്രിൻസിപ്പലിനെ അറിയിച്ചെങ്കിലും പ്രിൻസിപ്പൽ കുട്ടിയെയാണ് കുറ്റപ്പെടുത്തിയതെന്ന് മരിച്ച പെൺകുട്ടിയുടെ അമ്മ പറയുന്നു. വിവരം പുറത്തുവിടരുതെന്നും പ്രിൻസിപ്പൽ നിർദേശിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് പ്രിൻസിപ്പലിനേയും അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് പ്രതിഷേധം നടക്കുന്നത്.
- Advertisement -