Ultimate magazine theme for WordPress.

പ്രമേഹം ഗുരുതരമായി അവയവങ്ങളെ ബാധിക്കുമ്പോൾ എന്തുചെയ്യണം?

0

രക്തത്തിലെ പഞ്ചസാരയുടെ അളവ് അമിതമാകുന്നതാണ് ഹൈപ്പർ ഗ്ലൈസീമിയ. ഇത് ശരീരത്തിലെ പല കോശങ്ങളുടെയും പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കും. പ്രധാനമായും രക്തക്കുഴലുകളുടെ ഭിത്തികളിൽ കേടുകൾ സംഭവിക്കുന്നതിന് വഴിയൊരുക്കും.

ഹൈപ്പർ ഗ്ലൈസീമിയ, വളരെ ചെറിയ രക്തക്കുഴലുകളിൽ വരുത്തുന്ന കേടുപാടുകളെ മൈക്രോ ആൻജിയോപതി എന്ന് പറയും. ഇതുമൂലം കണ്ണ്, വൃക്കകൾ, നാഡികൾ മുതലായവയ്ക്ക് കേടുപാടുകൾ സംഭവിക്കും. ഇവയുടെ സ്വഭാവമനുസരിച്ച് റെറ്റിനോപതി (കണ്ണുകൾക്കുള്ള തകരാറ്), നെഫ്രോപതി (വൃക്കകൾക്കുള്ള തകരാറ്), ന്യൂറോപതി (നാഡികൾക്കുള്ള തകരാറ്) എന്നിങ്ങനെ വിളിക്കുന്നു.

- Advertisement -

ഹൈപ്പർ ഗ്ലൈസീമിയയും ഉയർന്ന രക്തസമ്മർദവും അളവുകൂടിയ കൊളസ്ട്രോളും ധമനികളുടെ ഭിത്തികളിൽ കേടുപാടുകൾ വരുത്തുകയും രക്തയോട്ടം കുറയ്ക്കുകയും ചെയ്യും. ഇതിനെ മാക്രോവാസ്‌കുലർ ഡിസീസ് അഥവാ അതിറോസ്‌ക്ലീറോസിസ് എന്നാണ് വിളിക്കുക. ഈ അസുഖം പ്രധാനമായും ഹൃദയത്തിലെ രക്തചംക്രമണത്തെ ബാധിക്കുകയും ഹൃദയാഘാതത്തിനിടയാക്കുകയും ചെയ്യുന്നു. അതുപോലെ തലച്ചോറിലെ രക്തയോട്ടത്തെ പ്രതികൂലമായി ബാധിക്കുന്നതിലൂടെ രോഗിക്ക് സ്ട്രോക്ക് സംഭവിക്കാനും കാരണമാകുന്നു. കാലുകളിലേക്കുള്ള രക്തയോട്ടത്തെ ബാധിക്കുകയും ഉണങ്ങാത്ത വ്രണങ്ങളുണ്ടായി കാലുകൾ മുറിച്ചുമാറ്റേണ്ട അവസ്ഥയ്ക്കിടവരുത്തുകയും ചെയ്യും.

കണ്ണുകളെ ബാധിച്ചാൽ

പ്രമേഹത്തിന് കൃത്യമായ ചികിത്സ ലഭിക്കാതിരുന്നാൽ കാലക്രമേണ കണ്ണിലെ ചെറിയ രക്തക്കുഴലുകൾക്ക് തകരാർ സംഭവിക്കുന്ന അവസ്ഥയാണ് റെറ്റിനോപതി. ആരംഭത്തിൽ രോഗിക്ക് വലിയ വിഷമങ്ങളുണ്ടാകില്ലെങ്കിലും കണ്ണിന്റെ ഉൾഭാഗം പരിശോധിച്ചാൽ രക്തസ്രാവവും കേടുപാടുകളും കാണാൻ സാധിക്കും. രോഗാവസ്ഥ നേരത്തേ തിരിച്ചറിഞ്ഞ് അനുയോജ്യമായ ചികിത്സ നൽകിയില്ലെങ്കിൽ കാഴ്ച നഷ്ടപ്പെടാം. ചെറിയതോതിലുള്ള തകരാറുകൾ ആരംഭത്തിലേ കണ്ടുപിടിച്ചാൽ ചികിത്സിക്കാൻ സാധിക്കും. കാഴ്ച നഷ്ടപ്പെട്ടാൽ കാര്യമായ ചികിത്സയൊന്നുമില്ല എന്നകാര്യം മറക്കരുത്. എല്ലാ പ്രമേഹബാധിതരും വർഷത്തിലൊരിക്കൽ ഡോക്ടറെ സന്ദർശിച്ച് നേത്രപരിശോധന നടത്തേണ്ടത് നിർബന്ധമാണ്.

വൃക്കകളെ ബാധിച്ചാൽ

പ്രമേഹരോഗികൾക്ക് പിടിപെടാൻ സാധ്യതയുള്ള വൃക്കരോഗമാണ് നെഫ്രോപതി. ഹൈപ്പർ ഗ്ലൈസീമിയ, വൃക്കകളെ തകരാറിലാക്കുകയും മൂത്രത്തിൽക്കൂടി ആൽബുമിൻ പോകാൻ തുടങ്ങുകയും ചെയ്യും. ഈ ആൽബുമിനൂറിയ ആണ് വൃക്കകളിൽ വരുന്ന ആദ്യത്തെ തകരാർ. ഇത് പരിഹരിച്ചില്ലെങ്കിൽ കാലക്രമേണ വൃക്കകളുടെ പ്രവർത്തനം മന്ദഗതിയിലാകും. ആരംഭഘട്ടത്തിൽ മരുന്നുകൾകൊണ്ട് ചെറിയ ആശ്വാസം ലഭിക്കുമെങ്കിലും കാലക്രമേണ വൃക്കകളുടെ പ്രവർത്തനം കുറഞ്ഞ് ഡയാലിസിസിനും വൃക്കമാറ്റിവെക്കലിനും രോഗിയെ വിധേയമാക്കേണ്ടിവരും.

നെഫ്രോപതി ആരംഭത്തിൽ കണ്ടെത്തി ചികിത്സ ലഭ്യമാക്കിയാൽ അവസാനഘട്ട വൃക്കസംബന്ധമായ പരാജയം ഒഴിവാക്കാം. അതിനാൽ എല്ലാ പ്രമേഹരോഗിക്കും വർഷത്തിലൊരു പ്രാവശ്യം രക്തത്തിലെ ക്രിയാറ്റിൻ പരിശോധനയും മൂത്രത്തിലെ മൈക്രോആൽബുമിൻ പരിശോധനയും നടത്തേണ്ടത് അനിവാര്യമാണ്.

നാഡികളെ തകരാറിലാക്കുന്നു

നമ്മുടെ ശരീരത്തിലെ എല്ലാ ഭാഗത്തേയും തലച്ചോറുമായി ബന്ധിപ്പിക്കുന്നത് നാഡികളാണ്. ഈ നാഡികൾക്ക് ആവശ്യമായ രക്തം എത്തിച്ചുനൽകുന്ന വളരെ ചെറിയ രക്തക്കുഴലുകൾക്ക് പ്രമേഹം മൂലം തകരാർ സംഭവിക്കുകയും പ്രവർത്തനത്തെ ബാധിക്കുകയും ചെയ്യുന്ന അവസ്ഥയാണ് ഡയബറ്റിക് ന്യൂറോപതി. ഈ അവസ്ഥ മൂലം പാദങ്ങളിലും കാലുകളിലും പെരുപ്പ്, മരവിപ്പ്, വേദന മുതലായവ രോഗിക്ക് അനുഭവപ്പെടും. ചിലപ്പോൾ ഈ പെരുപ്പും വേദനയും അസഹനീയമാവുകയും ഉറക്കത്തെ സാരമായി ബാധിക്കുകയും ചെയ്യും. ന്യൂറോപതി ചികിത്സിക്കാൻ വളരെ വിഷമമുള്ള അവസ്ഥയാണ്. പ്രമേഹം നല്ലവണ്ണം നിയന്ത്രിക്കുകയും ന്യൂറോ വിറ്റാമിനുകൾ കഴിക്കുകയും നാഡികളുടെ പ്രവർത്തനത്തെ നിയന്ത്രിക്കുന്ന മരുന്നുകൾ കഴിക്കുകയും ചെയ്യുന്നതിലൂടെ രോഗികൾക്ക് ആശ്വാസം ലഭിക്കും.

ഹൃദയത്തെ അപകടത്തിലാക്കുന്നു

വലിയ രക്തക്കുഴലുകളിലുണ്ടാകുന്ന അതിറോസ്‌ക്ലീറോസിസ് എന്ന അവസ്ഥയ്ക്കും പ്രധാന കാരണം പ്രമേഹമാണ്. അതിറോസ്‌ക്ലീറോസിസ് ഹൃദയാഘാതത്തിനു വഴിയൊരുക്കും. മറ്റുള്ളവരുമായി താരതമ്യം ചെയ്യുമ്പോൾ പ്രമേഹരോഗികൾക്ക് ഹൃദ്രോഗം വരാനുള്ള സാധ്യത മൂന്നുമടങ്ങ് കൂടുതലാണ്. അതുപോലെ ഹൃദ്രോഗം വന്നാൽ പ്രമേഹരോഗികൾക്ക്, മരണസാധ്യത രണ്ടിരട്ടി അധികമാണ്.

പ്രമേഹം കൂടാതെ ഉയർന്ന രക്തസമ്മർദം, കൂടിയ കൊളസ്ട്രോൾ, പുകവലി ഇവയെല്ലാം അതിറോസ്‌ക്ലീറോസിസിനിടയാക്കും. അതുകൊണ്ടാണ് പ്രമേഹരോഗികൾ മികച്ച ചികിത്സ ഉറപ്പാക്കണമെന്നും അതിനോടൊപ്പം കൊളസ്ട്രോളും രക്തസമ്മർദവും പരിശോധിക്കണമെന്നും ആരോഗ്യവിദഗ്ധർ പറയുന്നത്. എല്ലാ പ്രമേഹരോഗികളും വർഷത്തിലൊരു പ്രാവശ്യമെങ്കിലും കൊളസ്ട്രോൾ, ബി.പി. എന്നിവ പരിശോധിക്കുകയും ഇ.ഇ.ജി. എടുക്കുകയും ചെയ്യുന്നത് നല്ലതാണ്. പ്രമേഹരോഗികൾ പുകവലി പൂർണമായും ഒഴിവാക്കണം. പാരമ്പര്യമായി ഹൃദ്രോഗമുള്ള വീട്ടിലെ പ്രമേഹരോഗികൾ ഡോക്ടറുടെ നിർദേശപ്രകാരം കൊളസ്ട്രോളിന്റെ മരുന്നുകഴിക്കേണ്ടത് ആവശ്യമാണ്. ചുരുക്കിപ്പറഞ്ഞാൽ പ്രമേഹരോഗികൾ ഹൃദ്രോഗം വരാതിരിക്കാൻ സകലപ്രതിരോധങ്ങളും സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്.

തലച്ചോറിന് വരുന്ന സങ്കീർണതകൾ

നമ്മുടെ സകല അവയവങ്ങളെയും നിയന്ത്രിക്കുന്ന തലച്ചോറിന്റെ ശരിയായ പ്രവർത്തനത്തിന് രക്തയോട്ടവും രക്തത്തിലെ പഞ്ചസാരയുടെ അളവും കൃത്യമായിരിക്കേണ്ടത് വളരെ അത്യാവശ്യമാണ്. തലച്ചോറിലേക്ക് രക്തമെത്തിക്കുന്ന ധമനികളുടെ ഭിത്തിക്ക്, അതിറോസ്‌ക്ലീറോസിസ് എന്ന തകരാറുണ്ടാകാൻ പ്രമേഹം പ്രധാന കാരണമാണ്. ഇങ്ങനെ തലച്ചോറിലേക്കുള്ള രക്തയോട്ടം തടസ്സപ്പെടുമ്പോൾ പക്ഷാഘാതമുണ്ടാകും. തലച്ചോറിന്റെ ഏതുഭാഗത്തുള്ള ധമനികൾക്കാണ് തകരാർ സംഭവിക്കുന്നത് എന്നതിനെ അടിസ്ഥാനമാക്കി ശരീരത്തിന്റെ ഇടതുഭാഗമോ വലതുഭാഗമോ സ്തംഭിക്കാം. ചിലപ്പോൾ സംസാരശേഷിയും നടക്കാനുള്ള ബാലൻസും നഷ്ടപ്പെടാം. ഇത്തരം പക്ഷാഘാതങ്ങൾ വരാൻ കാരണം പ്രമേഹം കൂടാതെ അമിതമായ രക്തസമ്മർദം, രക്തത്തിൽ കൂടിയ അളവിലുള്ള കൊളസ്ട്രോൾ മുതലായവയാണ്. അതുകൊണ്ട് പ്രമേഹരോഗികൾ രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നതോടൊപ്പം ബി.പി.യും കൊളസ്ട്രോളും നിയന്ത്രിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

സങ്കീർണതകൾ വരാതിരിക്കാൻ

പ്രമേഹം ഉണ്ടാക്കുന്ന സങ്കീർണതകളെക്കുറിച്ച് മനസ്സിലാക്കിക്കഴിഞ്ഞു. ഇത്തരം പ്രശ്‌നങ്ങൾ സംഭവിക്കാതിരിക്കാൻ രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണതോതിൽ നിർത്തേണ്ടത് അത്യാവശ്യമാണ്. ഇതുകൂടാതെ ക്രോണിക് സങ്കീർണതകൾ വരാതിരിക്കാൻ, രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നതോടൊപ്പം രക്തസമ്മർദവും കൊളസ്ട്രോളും നിയന്ത്രിക്കേണ്ടതാണ്. മുൻകരുതലുകളും പ്രതിരോധനടപടികളും സ്വീകരിച്ചാൽ ഒരുപരിധിവരെ തടയാനാകുന്നതാണ് പ്രമേഹരോഗസങ്കീർണതകൾ. ഓർക്കുക, സൂക്ഷിച്ചാൽ ദുഃഖിക്കേണ്ടിവരില്ല.

പാദങ്ങളിൽ മുറിവ് വന്നാൽ

പ്രമേഹം ശരിയായി ചികിത്സിച്ചില്ലെങ്കിൽ, കാലുകളിലേക്കുള്ള രക്തയോട്ടം കുറയാൻ സാധ്യതയുണ്ട്. ധമനികളുടെ ഭിത്തിയിൽ വരുന്ന അതിറോസ്‌ക്ലീറോസിസ് കാലിലെ രക്തക്കുഴലുകൾക്കും വരാം. അങ്ങനെ സംഭവിച്ചാൽ, കാലിലുണ്ടാകുന്ന വ്രണങ്ങൾ ഉണങ്ങുകയില്ല. കാലിന്റെ ശക്തി കുറയുകയും കാലിലെ വിരലുകൾ മുറിച്ചുകളയേണ്ട അവസ്ഥ വരികയും ചെയ്യാം. കാലുകൾ മുറിച്ചുമാറ്റുന്ന ആംപ്യൂട്ടേഷൻ എന്ന ശസ്ത്രക്രിയയിലേക്ക് നയിക്കുന്നത് പ്രമേഹമാണെന്ന കാര്യം മറക്കരുത്.

നല്ല പോലെ ശ്രദ്ധിച്ചാൽ തടയാൻ കഴിയുന്ന അവസ്ഥയാണ് ഡയബറ്റിക് ഫൂട്ട്. പ്രമേഹരോഗികൾ ദിവസവും അവരുടെ പാദങ്ങൾ കഴുകിയുണക്കി വൃത്തിയായി സൂക്ഷിക്കുകയും ചെറിയ മുറിവുകൾ ആരംഭത്തിലേ ഡോക്ടറെ കാണിച്ച് ചികിത്സിക്കുകയും വേണം. പ്രമേഹരോഗികൾക്ക് ന്യൂറോപ്പതി മൂലം ചിലപ്പോൾ വേദന അറിയാൻ സാധിക്കാതെ വരും. അങ്ങനെയുള്ളവർ കാലുകൾ മറ്റുള്ളവരുടെ സഹായത്തോടെ വൃത്തിയാക്കി സൂക്ഷിക്കേണ്ടതാണ്.

- Advertisement -

Leave A Reply

Your email address will not be published.