Ultimate magazine theme for WordPress.

സസ്യാഹാരത്തിന് സാത്വിക് സർട്ടിഫിക്കേഷൻ; തുടക്കം തീർഥാടനകേന്ദ്രങ്ങളിലേക്കുള്ള തീവണ്ടികളിൽ

0

ന്യൂഡൽഹി: തീർഥാടന കേന്ദ്രങ്ങളിലേക്കുള്ള തീവണ്ടികളിലെ യാത്ര ‘സസ്യഭക്ഷണ സൗഹൃദ’മാക്കാൻ ഐആർസിടിസി. തീർഥാടന കേന്ദ്രങ്ങളിലേക്ക് സർവീസ് നടത്തുന്ന തീവണ്ടികളിൽ ‘സാത്വിക് സർട്ടിഫൈഡ്’ ഭക്ഷണം ലഭ്യമാക്കുമെന്ന് സാത്വിക് കൗൺസിൽ ഓഫ് ഇന്ത്യ പ്രസ്താവനയിൽ വ്യക്തമാക്കി. ഇതു സംബന്ധിച്ച് ഐആർസിടിസിയുമായി ധാരണയിലെത്തിയതായി സാത്വിക് കൗൺസിൽ വാർത്താക്കുറിപ്പിൽ പറഞ്ഞു. എന്നാൽ, ഐആർസിടിസി ഇക്കാര്യത്തിൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

സസ്യഭക്ഷണത്തിന് നിലവാര സർട്ടിഫിക്കറ്റ് നൽകുന്ന സംവിധാനമാണ് സാത്വിക് കൗൺസിൽ ഓഫ് ഇന്ത്യ. മാംസം, മത്സ്യം, മുട്ട, ആൽക്കഹോൾ, നിക്കോട്ടിൻ എന്നിവയൊന്നും ഇല്ലാത്ത പൂർണ സസ്യഭക്ഷണ ഉൽപന്നങ്ങൾക്കാണ് സാത്വിക് സർട്ടിഫിക്കറ്റ് നൽകുന്നത്. സസ്യഭക്ഷണം പ്രോത്സാഹിപ്പിക്കുകയാണ് ഇതിൻറെ ലക്ഷ്യം.

- Advertisement -

തീർഥാടന കേന്ദ്രങ്ങളിലേക്ക് യാത്ര നടത്തുന്ന തീവണ്ടികളിൽ സസ്യഭക്ഷണം ഉറപ്പുവരുത്തുന്നതിന് ഐആർസിടിസിയുമായി കൈകോർക്കുന്നതായി സാത്വിക് കൗൺസിൽ പ്രസ്താവനയിൽ വ്യക്തമാക്കി. ഐആർസിടിസിയുമായി ചേർന്ന് നവംബർ 15 മുതൽ സാത്വിക് സർട്ടിഫിക്കേഷൻ പദ്ധതി നടപ്പാക്കും. കൂടാതെ, തീവണ്ടികളിലെ സസ്യഭക്ഷണ വിഭവങ്ങളുടെ കൈപ്പുസ്തകവും തയ്യാറാക്കും.

ഐആർസിടിസി ഡൽഹിയിൽനിന്ന് കത്രയിലേക്ക് സർവീസ് നടത്തുന്ന വന്ദേ ഭാരത് എക്സ്പ്രസിൽ സാത്വിക് സർട്ടിഫൈഡ് ഭക്ഷണം ലഭ്യമാക്കുമെന്നും കൗൺസിൽ അറിയിച്ചു. ഇത്തരത്തിലുള്ള 18 തീവണ്ടികളിൽ ഇത് നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. ഐആർസിടിസിയുടെ പാചകശാലകൾ കൂടാതെ, എക്സിക്യൂട്ടീവ് ലോഞ്ചുകൾ, ബഡ്ജറ്റ് ഹോട്ടലുകൾ, ഫുഡ് പ്ലാസകൾ, ട്രാവൽ-ടൂർ പാക്കേജുകൾ, റെയിൽനീർ പ്ലാന്റുകൾ എന്നിവയ്ക്കും സാത്വിക് സർട്ടിഫിക്കറ്റ് നൽകുമെന്ന് പ്രസ്താവനയിൽ പറയുന്നു.

- Advertisement -

Leave A Reply

Your email address will not be published.