Ultimate magazine theme for WordPress.

സംസ്ഥാനത്ത് കനത്ത മഴ; തൃശൂരിൽ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ വിലക്ക്, ഇടുക്കിയിൽ രാത്രി യാത്രാ നിരോധനം

0

കണ്ണൂർ/ തൃശൂർ/ഇടുക്കി: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. ജലനിരപ്പ് ഉയർന്നതോടെ ഇടുക്കി ചെറുതോണി അണക്കെട്ടിൻറെ ഷട്ടർ ഉയർത്തി. മുല്ലപ്പെരിയാറും തുറന്നേക്കുമെന്നാണ് സൂചന. പത്തനംതിട്ട ജില്ലയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. എറണാകുളത്തും തൃശൂരിലും ഇടുക്കിയിലും റെഡ് അലർട്ടാണ്. കണ്ണൂർ ഇരിക്കൂറിൽ മൂന്ന് വയസുകാരൻ വെള്ളക്കെട്ടിൽ വീണ് മരിച്ചു.

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്; എറണാകുളം, തൃശ്ശൂർ, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്

- Advertisement -

തൃശൂർ വേളൂക്കര പട്ടേപ്പാടത്ത് മൂന്നു വയസ്സുള്ള കുട്ടിയെ തോട്ടിൽ ഒഴുക്കിൽപ്പെട്ട് കാണാതായി. അലങ്കാരത്ത്പറമ്പിൽ ബെൻസിലിന്റെയും ബെൻസിയുടെയും മകൻ ആരോം ഹെവൻ ആണ് രാവിലെ ഒഴുക്കിൽപ്പെട്ടത്. വീട്ടിൽ കുളിപ്പിക്കാനായി നിർത്തിയ സമയത്ത് കുട്ടി പെട്ടന്ന് ഓടുകയും തൊട്ടടുത്തുള്ള തോട്ടിൽ കാൽ വഴുതി വീഴുകയായിരുന്നുവെന്ന് പ്രദേശവാസികൾ പറയുന്നു. അമ്മയും കൂടെ ചാടിയെങ്കില്ലും കുട്ടി ഒഴുകിപ്പോവുകയായിരുന്നു.

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തൃശൂർ ജില്ലയിലെ അതിരപ്പിള്ളി ഉൾപ്പെടെ ടൂറിസം കേന്ദ്രങ്ങളിൽ രണ്ട് ദിവസത്തേക്ക് സന്ദർശന വിലക്കേർപ്പെടുത്തി. ബീച്ചുകളിലും പുഴയോരങ്ങളിലും സന്ദർശകരെ അനുവദിക്കില്ല. മലയോര പ്രദേശങ്ങളിലൂടെ ഇന്നും നാളെയും രാത്രി ഏഴു മണി മുതൽ രാവിലെ ഏഴു മണി വരെയുള്ള യാത്രയ്ക്ക് വിലക്കേർപ്പെടുത്തി. ക്വാറി പ്രവർത്തനം രണ്ട് ദിവസത്തേക്ക് നിർത്തിവയ്ക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.

ഇടുക്കി ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ രാത്രികാല യാത്ര നിരോധിച്ചു. തൊഴിലുറപ്പ് ജോലികൾ നിർത്തിവയ്ക്കാൻ അധികൃതർ നിർദ്ദേശം നൽകി. ജില്ലയിൽ വിനോദസഞ്ചാരത്തിനും, മണ്ണെടുപ്പ്, ക്വാറി തുടങ്ങിയ മൈനിങ് പ്രവർത്തനങ്ങൾക്കും ഏർപ്പെടുത്തിയിട്ടുള്ള നിരോധനം തുടരുമെന്നും അധികൃതർ അറിയിച്ചു. ഇടുക്കി ചെറുതോണി അണക്കെട്ടിൻറെ ഷട്ടർ ഉയർത്തിയ സാഹചര്യത്തിൽ പെരിയാറിന്റെ തീരത്ത് അതീവജാഗ്രതാ നിർദ്ദേശമുണ്ട്.

- Advertisement -

Leave A Reply

Your email address will not be published.