Ultimate magazine theme for WordPress.

സംസ്ഥാനത്ത് രണ്ടുമാസത്തിനിടെ അനുഭവപ്പെട്ടത് എട്ട് ന്യൂനമർദങ്ങൾ

0

കോട്ടയം: ഇത്രയേറെ ദിവസം അമിതമഴ ഉണ്ടാക്കിയ തുടർ ന്യൂനമർദങ്ങൾ സംസ്ഥാനത്ത് സമീപകാലത്തൊന്നും രേഖപ്പെടുത്തിയിട്ടില്ല. ഒക്ടോബറിലും നവംബറിലുമായി ഇതേ വരെ ചെറുതും വലുതുമായ എട്ട് ന്യൂനമർദങ്ങളാണ് കടലിൽ രൂപപ്പെട്ടത്. ഇതിൽ രണ്ട്-മൂന്ന് ദിവസം നിലനിന്നതുമുതൽ നാല്-അഞ്ചുദിവസം നീണ്ടതുവരെയുണ്ട്. അറബിക്കടലിലും ബംഗാൾ ഉൾക്കടലിലുമായിട്ടാണ് ഇവയെല്ലാം രൂപപ്പെട്ടത്. 18 വരെ ഇൗ പ്രതിഭാസം തുടരാമെന്ന് കുസാറ്റ് റഡാർ കേന്ദ്രത്തിലെ ശാസ്ത്രജ്ഞൻ ഡോ. എം.ജി. മനോജ് പറയുന്നു.

അറബിക്കടലിന്റെ താപനില കൂടിനിൽക്കുന്നതാണ് ഇത്തരം പ്രതിഭാസങ്ങൾക്ക് കാരണം. 28 ഡിഗ്രിസെൽഷ്യസിൽനിന്ന് 29 വരെ താപനില ഉയരുന്നുണ്ട്. ഇത് നീരാവി രൂപപ്പെടൽ കൂട്ടും. തുടർച്ചയായി നീരാവി രൂപപ്പെട്ട് പലയിടത്തും കൂമ്പാരമേഘങ്ങൾ ഉണ്ടാകുന്നു. പടിഞ്ഞാറുനിന്ന് കിഴക്കോട്ടുള്ള ന്യൂനമർദ പാത്തിയും കൂടി വരുന്നതോടെ മഴ കടുക്കാൻ തുടങ്ങുകയായി.

- Advertisement -

അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും രൂപം കൊള്ളുന്ന ന്യൂനമർദച്ചുഴിയുടെ സ്വാധീനത്താൽ മേഘങ്ങൾ പടിഞ്ഞാറുനിന്ന് കിഴക്കോട്ടു സഞ്ചരിക്കുന്നു. ഇൗ സഞ്ചാരത്തിനിടെ ചില പ്രത്യേക ഇടങ്ങളിലായി കേന്ദ്രീകരിക്കുന്നതോടെയാണ് അതിതീവ്രമഴപ്പെയ്ത്ത്.

പരമ്പരാഗത തുലാമഴ രീതിയിലുള്ള മഴയല്ല ഇപ്പോൾ കിട്ടുന്നത്. മൺസൂൺ കാലത്തെ രീതിയാണ് ഇപ്പോൾ മഴയ്ക്ക്. മൺസൂൺകാലത്ത് കേരളതീരം ഉൾപ്പെടുന്ന അറബിക്കടലിൽനിന്ന് കിഴക്കോട്ടുപോകുന്ന കാറ്റ് ബംഗാൾ ഉൾക്കടലിലേക്കാണ് എത്തുക. കേരളം കടക്കുമ്പോഴേക്ക് പരമാവധി മഴ കേരളത്തിൽ കിട്ടുകയും കിഴക്കോട്ടു പോകുന്തോറും മഴ കുറഞ്ഞ് വരികയും ചെയ്യും. തുലാമഴയിൽ നേരെ തിരിച്ചാണ്. കിഴക്കുനിന്ന് പടിഞ്ഞാറ് പോകുന്ന കാറ്റാണ് ആ മഴ പെയ്യിക്കുന്നത്. മൺസൂൺ മാതൃകയിലുള്ള കാറ്റിന്റെ സ്വഭാവം നിലനിൽക്കുന്നതിനാൽ മഴയും ആ രീതിയിലാണ്.

ചൊവ്വാഴ്ചയ്ക്കുശേഷം ശക്തമായ തുടരില്ലെന്നാണ് ഇപ്പോൾ കരുതുന്നത്. ജില്ലകളിൽ മഞ്ഞ ജാഗ്രതയാണ്‌ നൽകിയിരിക്കുന്നതെങ്കിലും ഓറഞ്ച് ജാഗ്രതയ്ക്ക്‌ സമാനമായി കാണണമെന്ന്‌ ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു.

- Advertisement -

Leave A Reply

Your email address will not be published.