Ultimate magazine theme for WordPress.

കോവിഡ് കാലത്ത് ആക്രിയാകുന്നത് 2885 കെ.എസ്.ആർ.ടി.സി. ബസുകൾ; നശിക്കുന്നത് 700 കോടിയുടെ പൊതുമുതൽ

0

കൊല്ലം: ‘അനുവദിച്ച അഞ്ചു ബസുകളിൽ മൂന്നെണ്ണത്തിന് ഡമ്മി ടയറുകളായിരുന്നു. ഹോൺ, റിയർവ്യൂ മിറർ എന്നിവയില്ല. ചില ബസുകളിൽനിന്ന് സീറ്റുകൾ ഇളക്കിമാറ്റിയിരുന്നു. ബോഡിയിൽ പായൽ പിടിച്ച് അകവും പുറവും വൃത്തിഹീനമായ അവസ്ഥയിലാണ്’-സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി കെ.എസ്.ആർ.ടി.സി. യൂണിറ്റ് ഓഫീസർമാരെ പങ്കെടുപ്പിച്ചു നടന്ന ഉന്നതതല യോഗത്തിൽ നെയ്യാറ്റിൻകര യൂണിറ്റ് ഓഫീസർ പറഞ്ഞതാണിത്. അനുവദിച്ച ബസ് കെട്ടിവലിച്ചാണ് യൂണിറ്റ് ഓഫീസിൽ എത്തിച്ചതെന്ന് ഇതേ യോഗത്തിൽ പൂവാർ യൂണിറ്റ് ഓഫീസറും പറഞ്ഞു. കെ.എസ്.ആർ.ടി.സി. ബസുകളുടെ ഇപ്പോഴത്തെ അവസ്ഥ വ്യക്തമാക്കുന്നതാണ് ഉദ്യോഗസ്ഥരുടെ അഭിപ്രായങ്ങൾ.

കോവിഡ് അടച്ചിടലിനെ തുടർന്ന് സംസ്ഥാനത്ത് 2885 കെ.എസ്.ആർ.ടി.സി. ബസുകളാണ് ആക്രിയായി നശിക്കുന്നത്. ഇതിൽ ഏഴുവർഷം മാത്രം പഴക്കമുള്ള ബസുകൾ പോലുമുണ്ട്. ഇപ്പോഴത്തെ വിപണിവിലയനുസരിച്ച് 700 കോടിയിലേറെ രൂപയുടെ പൊതുമുതലാണ് നശിക്കുന്നത്.

ആദ്യ അടച്ചിടൽ സമയത്ത് ബസുകൾ സ്റ്റാർട്ടാക്കി സ്റ്റാൻഡുകളിൽ തന്നെ ചെറുതായി ഓടിച്ച് സംരക്ഷിച്ചുവന്നിരുന്നു. രണ്ടാം അടച്ചിടലിൽ ഈ രീതി മാറ്റി. അധികമുള്ള ബസുകൾ യൂണിറ്റുകളിൽനിന്ന് പാർക്കിങ് സ്ഥലത്തേക്ക് മാറ്റണമെന്ന് ഏപ്രിൽ 15-ന് ഉത്തരവ് വന്നു. ഇതോടെ കെ.എസ്.ആർ.ടി.സി.യുടെ എടപ്പാൾ, ചടയമംഗലം, ചാത്തന്നൂർ, പാറശാല, കായംകുളം, ഇഞ്ചക്കൽ (തിരുവനന്തപുരം), ചേർത്തല, കാരയ്ക്കാമുറി (എറണാകുളം), ചിറ്റൂർ പാർക്കിങ് യൂണിറ്റുകളിലും വർക്ക്‌ഷോപ്പുകളിലുമായി ബസുകൾ കയറ്റിയിട്ടു. എല്ലാ ടയറുകളും ഇളക്കിമാറ്റി ഡമ്മി ടയറുകൾ ഘടിപ്പിച്ചാണ് ബസുകൾ കയറ്റിയിട്ടത്.

ഡീസൽ ടാങ്ക് കാലിയാക്കുകയും ബാറ്ററികൾ ഇളക്കിമാറ്റുകയും ചെയ്തിരുന്നു. കോഴിക്കോട്ടുനിന്നുള്ള ബസ് പോലും 324 കിലോമീറ്റർ അകലെ ചാത്തന്നൂരിൽ കൊണ്ടുവന്ന് പാർക്ക് ചെയ്തിട്ടുണ്ട്. ഇങ്ങനെ ബസുകൾ കയറ്റിയിടുന്നതിന് ഡീസൽ ചെലവിനത്തിൽ ലക്ഷങ്ങളാണ് പാഴാക്കിയത്. ടയറും ബാറ്ററിയും മാറ്റാനായി വലിയ മനുഷ്യാധ്വാനവും വേണ്ടിവന്നു. മറ്റു പാർട്സുകൾ ഇളക്കരുതെന്നായിരുന്നു നിർദേശം. ഇപ്പോഴത്തെ പരിശോധനയിൽ പല ബസുകളിൽനിന്നും വേറെ പാർട്സുകളും ഇളക്കിമാറ്റിയനിലയിലാണ്.

കോവിഡ് ചട്ടങ്ങളിൽ കൂടുതൽ ഇളവുകൾ വന്നതോടെ പാർക്കിങ് സ്ഥലങ്ങളിൽനിന്ന് ജില്ലാ കോമൺ പൂളിലേക്ക് മാറ്റാൻ പരിപാടിയുണ്ട്. ഇതിനകം ആക്രിയായ ബസുകൾ മണ്ണിൽ പുതഞ്ഞുപോയതിനാൽ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചാണ് കഴിഞ്ഞദിവസങ്ങളിൽ നീക്കിയത്. ആകെയുള്ള 6185 ബസുകളിൽ 3400 എണ്ണമേ കെ.എസ്.ആർ.ടി.സി. ഓടിക്കുന്നുള്ളൂ. കോവിഡിനുമുൻപ്‌ ശരാശരി ആറരക്കോടി പ്രതിദിനവരുമാനം ഇതോടെ മൂന്നരക്കോടിയായി കുറഞ്ഞിട്ടുണ്ട്.

- Advertisement -

Leave A Reply

Your email address will not be published.