Ultimate magazine theme for WordPress.

ഭാവി പദ്ധതികൾ തീരുമാനിക്കാൻ കർഷകർ; സംഘടനകളുടെ യോഗം തുടങ്ങി, നാളെ നിർണ്ണായക യോഗം

0

ദില്ലി: കാർഷിക നിയമങ്ങൾ പിൻവലിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ സമരത്തിന്‍റെ ഭാവി തീരുമാനിക്കാനുള്ള ചർച്ചകളിലേക്ക് കടന്ന് കർഷക സംഘടനകൾ. കിസാൻ കോർഡിനേഷൻ കമ്മറ്റി യോഗം സിംഘുവിൽ തുടങ്ങി. സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം നാളെ  ചേരും. മിനിമം താങ്ങ് വിലയിൽ നിയമപരമായ ഉറപ്പ് ലഭിക്കാതെ സമരം അവസാനിപ്പിക്കേണ്ടതില്ലെന്നാണ് കർഷക സംഘടനകൾക്കിടയിലെ ധാരണ.

നിയമങ്ങൾ പിൻവലിച്ചത് കൂടാതെ താങ്ങുവിലയിൽ നിയമപരമായ ഉറപ്പ് നൽകുകയെന്നതാണ് കർഷകരുടെ പ്രധാന ആവശ്യം. സമരം പൂർണ്ണ വിജയമാകണമെങ്കിൽ ഈക്കാര്യങ്ങൾ  സർക്കാർ അംഗീകരിക്കണം. അതുവരെ ദില്ലി അതിർത്തിയിൽ റോഡ് ഉപരോധിച്ചുള്ള സമരത്തിൽ അയവ് വരുത്തേണ്ടതില്ലെന്ന് ധാരണയായിട്ടുണ്ട്. ഇന്ന് പഞ്ചാബിലെ കർഷക സംഘടനകൾ യോഗം ചേരും. തുടർന്ന്  നാളെ സിംഘുവിൽ ചേരുന്ന സംയുക്ത സംയുക്ത കിസാൻ മോർച്ച യോഗത്തിൽ നിർണ്ണായക തീരുമാനമുണ്ടാകും.

- Advertisement -

കാര്‍ഷിക നിയമങ്ങൾ പിൻവലിക്കുന്നതിനൊപ്പം താങ്ങുവില നിയമപരമായി ഉറപ്പാക്കണമെന്നതും കര്‍ഷകരുടെ ആവശ്യമായിരുന്നു. ജനുവരിയിൽ കേന്ദ്രം എല്ലാ ചര്‍ച്ചകളിലും  ഈ ആവശ്യം കര്‍ഷക നേതാക്കൾ ഉയര്‍ത്തിയിരുന്നു. 2014 ലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം കൂടിയായിരുന്നു താങ്ങുവില നിയമപരമായി ഉറപ്പാക്കും എന്നത്. അക്കാര്യത്തിലുള്ള ഉറപ്പുകൂടി വന്ന ശേഷമേ പിന്മാറുവെന്ന് കര്‍ഷകര്‍ പറയുമ്പോൾ കുറച്ച് ദിവസം കൂടി സമരം നീണ്ടുപോയേക്കാം. നവംബര്‍ 22 ന് ലക്നൗവിൽ മഹാപഞ്ചായത്തും  നവംബര്‍ 26 ലെ ഒന്നാം വാര്‍ഷികത്തിൽ വലിയ സമരക്കൂട്ടായ്മയും ട്രാക്ടര്‍ റാലിയിലുമൊക്കെ പ്രഖ്യാപിച്ചിരിക്കെയാണ് നിയമങ്ങൾ പിൻവലിച്ചുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനം ഇന്നലെ വന്നത്.

ഒരുവർഷം നീണ്ടുനിന്ന കർഷകരുടെ സമരത്തിന് പിന്നാലെയാണ് വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. എതിർപ്പുയർന്ന മൂന്ന് നിയമങ്ങളും പിൻവലിക്കുമെന്നും നിയമം ചിലർക്ക് ബുദ്ധിമുട്ടുണ്ടായ സാഹചര്യത്തിലാണ് പിൻവലിക്കാൻ തീരുമാനമെടുത്തതെന്നും പ്രധാനമന്ത്രി പറഞ്ഞു. കര്‍ഷകരുടെ നന്മയ്ക്കായിട്ടായിരുന്നു നിയമങ്ങള്‍ കൊണ്ടു വന്നത്. ആത്മാര്‍ത്ഥതയടെ ചെയ്ത് കാര്യങ്ങള്‍ ചില കര്‍ഷകര്‍ തെറ്റിദ്ധരിച്ചു. രാജ്യത്തോട് ക്ഷമ ചോദിച്ച പ്രധാനമന്ത്രി സമരം ചെയ്യുന്ന കര്‍ഷകര്‍ മടങ്ങിപോകണമെന്നും അഭ്യര്‍ത്ഥിച്ചു.

- Advertisement -

Leave A Reply

Your email address will not be published.