കാസര്‍കോട്: ഉപ്പളയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ സീനിയര്‍ വിദ്യാര്‍ഥികള്‍ റാഗ് ചെയ്തു. ഉപ്പള ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയെയാണ് ബലമായി മുടി മുറിച്ചുമാറ്റി പ്ലസ് ടു വിദ്യാര്‍ഥികള്‍ റാഗിങ്ങിനിരയാക്കിയത്.
കഴിഞ്ഞ ചൊവ്വാഴ്ച സ്‌കൂളിന് സമീപത്തെ ഒരു കഫ്റ്റീരിയയില്‍വെച്ചാണ് റാഗിങ് നടന്നത്. ഒരുസംഘം പ്ലസ്ടു വിദ്യാര്‍ഥികള്‍ ബലമായി പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ മുടി മുറിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും കുട്ടിയെ പരിഹസിക്കുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെയാണ് നാട്ടുകാര്‍ സംഭവമറിയുന്നത്.
- Advertisement -
അതേസമയം, റാഗിങ് നടന്നത് സ്‌കൂള്‍ കോമ്പൗണ്ടിനകത്തല്ലെന്നായിരുന്നു പ്രിന്‍സിപ്പലിന്റെ പ്രതികരണം. സംഭവത്തില്‍ കുട്ടിയുടെ പരാതി ലഭിച്ചിട്ടില്ലെന്നും പരാതി ലഭിക്കുന്നതനുസരിച്ച് പോലീസില്‍ വിവരമറിയിക്കുമെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. ദൃശ്യങ്ങളിലുള്ള പ്ലസ് ടു വിദ്യാര്‍ഥികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ വെള്ളിയാഴ്ച ക്ലാസില്‍വന്നിട്ടില്ല. ഇവരുടെ രക്ഷിതാക്കളെ വിവരമറിയിച്ചിട്ടുണ്ടെന്നും സംഭവത്തില്‍ നടപടിയുണ്ടാകുമെന്നും പ്രിന്‍സിപ്പല്‍ അറിയിച്ചു.
അതിനിടെ, ഉപ്പളയ്ക്ക് സമീപത്തെ ബേക്കൂര്‍ സ്‌കൂളിലും സമാനരീതിയില്‍ റാഗിങ് നടന്നതായി നാട്ടുകാര്‍ ആരോപിച്ചു. ബേക്കൂര്‍ സ്‌കൂളില്‍ വിദ്യാര്‍ഥിയെ സീനിയര്‍ വിദ്യാര്‍ഥികള്‍ ചെരിപ്പുകള്‍ കൈയില്‍ തൂക്കി നടത്തിക്കുകയും നൃത്തം ചെയ്യിപ്പിക്കുകയുമായിരുന്നു. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പ്രദേശത്തെ പല സ്‌കൂളുകളിലും ഇത്തരത്തിലുള്ള റാഗിങ്ങ് കുറ്റകൃത്യങ്ങള്‍ നടക്കുന്നുണ്ടെന്നും നാട്ടുകാര്‍ ആരോപിച്ചു.
- Advertisement -