തിരുവനന്തപുരം: കുഞ്ഞിന്റെ താല്‍ക്കാലിക സംരക്ഷണ ചുമതല ലഭിച്ചെങ്കിലും സമരം തുടരുമെന്ന് അനുപമ. ഡിസംബര്‍ പത്തിന് സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ആരംഭിക്കും. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടും വരെ സമരം തുടരുമെന്നും അനുപമ വ്യക്തമാക്കി.
കുഞ്ഞിനെ തന്റെ അടുത്തുനിന്ന് മാറ്റിയ അച്ഛനെതിരേ ദുര്‍ബലമായ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാരിനുള്ളത്. വിഷയത്തില്‍ പാര്‍ട്ടിക്ക് വീഴ്ചകളുണ്ടായിട്ടും തിരുത്താന്‍ തയ്യാറായിട്ടില്ലെന്നും അനുപമ ആരോപിച്ചു.
കുഞ്ഞിനെ വിട്ടു കിട്ടാനായി ഈ മാസം 11 മുതലാണ് അനുപമ ശിശുക്ഷേമ സമിതിക്ക് മുന്നില്‍ പന്തല്‍ കെട്ടി സമരം തുടങ്ങിയത്. കുഞ്ഞിനെ തിരികെ കിട്ടിയെങ്കിലും കുഞ്ഞിനെ തന്നില്‍ നിന്നും അകറ്റിയവര്‍ക്കെതിരെ പോരാട്ടം തുടരാനാണ് അനുപമയുടെ തീരുമാനം. ശിശു ക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജുഖാനും, സിഡബ്ല്യൂസി ചെയര്‍പേഴ്‌സണ്‍ സുനന്ദക്കും എതിരെ നടപടി വേണമെന്നാണ് അനുപമയുടെ ആവശ്യം.
ദത്ത് നല്‍കലുമായി ബന്ധപ്പെട്ട് ടിവി അനുപമ ഐഎഎസിന്റെ റിപ്പോര്‍ട്ട് തനിക്ക് കിട്ടിയിട്ടില്ല. മാധ്യമങ്ങളില്‍ കൂടിയാണ് വിവരങ്ങള്‍ അറിഞ്ഞതെന്നും അനുപമ പറഞ്ഞു.
- Advertisement -