ന്യൂഡല്‍ഹി: സ്വപ്‌ന സുരേഷിന്റെ കരുതല്‍ തടങ്കല്‍ റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരേ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് കേന്ദ്രം സുപ്രീംകോടതിയെ സമീപിച്ചത്. മറ്റുളളവരുമായി സംഘം ചേര്‍ന്ന് കള്ളക്കടത്ത് നടത്തി രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത തകര്‍ക്കാന്‍ സാധ്യതയുള്ളതിനാലാണ് സ്വപ്നയെ കരുതല്‍ തടങ്കലിലാക്കിയതെന്നാണ് ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാര്‍ ആരോപിക്കുന്നത്.
സെന്‍ട്രല്‍ ഇക്കോണോമിക് ഇന്റിലിജന്‍സ് ബ്യുറോയിലെ സ്പെഷ്യല്‍ സെക്രട്ടറി, കോഫെപോസ ജോയിന്റ് സെക്രട്ടറി, സെന്‍ട്രല്‍ ഇക്കണോമിക് ഇന്റലിജന്‍സ് ബ്യുറോ ഡയറക്ടര്‍ ജനറല്‍, കമ്മീഷണര്‍ ഓഫ് കസ്റ്റംസ് എന്നിവര്‍ ഉള്‍പ്പെടെയുള്ളവരാണ് ഹര്‍ജി ഫയല്‍ ചെയ്തത്.
- Advertisement -
സാങ്കേതിക കാരണങ്ങളാലാണ് സ്വപ്നയുടെ കരുതല്‍ തടങ്കല്‍ കേരള ഹൈക്കോടതി റദ്ദാക്കിയത്. ഒരു വ്യക്തിയെ കരുതല്‍ തടങ്കലില്‍വെക്കണമെങ്കില്‍ അയാള്‍ പുറത്തിറങ്ങിയാല്‍ സമാനമായ കുറ്റം ചെയ്യുമെന്ന് ഉറപ്പാക്കുന്ന രേഖകള്‍ ഹാജരാക്കേണ്ടതുണ്ട്. എന്നാല്‍ ഈ രേഖകള്‍ ഹാജരാക്കുന്നതില്‍ വീഴ്ചയുണ്ടായി. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് സ്വപ്നയുടെ കരുതല്‍ തടങ്കല്‍ ഹൈക്കോടതി റദ്ദാക്കിയത്.
അതേസമയം, ആവശ്യമായ രേഖകള്‍ പരിശോധിച്ച ശേഷമാണ് സ്വപ്‌ന സുരേഷിന്റെ കരുതല്‍ തടങ്കല്‍ ഉത്തരവ് ഇറക്കിയതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
സ്വര്‍ണ്ണക്കടത്ത് കേസിലെ മറ്റ് ആറ് പ്രതികളുടെ കരുതല്‍ തടങ്കലില്‍ ഇടപെടാന്‍ കോടതികള്‍ വിസമ്മതിച്ചിരുന്നു. കെ.ടി. റമീസിന്റെ കരുതല്‍ തടങ്കലിന് എതിരേ സഹോദരന്‍ കെ.ടി. റൈഷാദ് നല്‍കിയ ഹര്‍ജിയും സുപ്രീംകോടതി തള്ളിയിരുന്നു. മറ്റ് പ്രതികള്‍ക്കെതിരെയും സമാനമായ രേഖകളും തെളിവുകളുമാണ് ഉണ്ടായിരുന്നതെന്നും കേന്ദ്രത്തിന്റെ ഹര്‍ജിയില്‍ പറയുന്നു.
തടങ്കല്‍ കാലാവധി കഴിയാന്‍ ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെയായിരുന്നു ഹൈക്കോടതി സ്വപ്നയുടെ കരുതല്‍ തടങ്കല്‍ റദ്ദാക്കിയത്. വിവിധ ഏജന്‍സികള്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ കൂടി ജാമ്യം ലഭിച്ചതോടെ സ്വപ്‌ന ജയിലില്‍നിന്ന് പുറത്തിറങ്ങിയിരുന്നു.
- Advertisement -